Mercedes Benz

പുത്തൻ എഎംജി ജിടിആർ എത്തിപ്പോയ്, വില 2.48 കോടി!

എഎംജി ജിടിആർ എത്തുക സിബിയു യൂണിറ്റുകളായി…

ഇന്ത്യയിലെ പെർഫോമൻസ് കാർ വിപണിയുടെ ഒരു കാര്യം നോക്കണേ… കഴിഞ്ഞ സാമ്പത്തികവർഷം വാഹനവിപണിയെ ആകെ മാന്ദ്യം കാർന്നുതിന്നപ്പോഴും പെർഫോമൻസ് വാഹനങ്ങളുടെ ലോകത്ത് കാര്യമായ ചലനങ്ങളുണ്ടായി. ഇന്ത്യൻ വിപണിയിൽ ഈ വിഭാഗത്തിൽ മേഴ്സിഡീസ് ബെൻസിനു പറയത്തക്ക മേൽക്കൈ ലഭിച്ച വർഷം കൂടിയായിരുന്നു അത്. ബെൻസിന്റെ പെർഫോമൻസ് വിഭാഗമായ എഎംജിയുടെ മാർക്കറ്റ് ഷെയർ 54 ശതമാനത്തോളമാണ്‌ പോയവർഷം വളർച്ച കൈവരിച്ചത്. ഡൽഹിയാണ്‌ എഎംജി വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ മുന്നിട്ടു നിന്നത്. രണ്ടാം സ്ഥനം ബംഗളൂരു സ്വന്തമാക്കിയപ്പോൾ മുംബൈ മൂന്നാമതെത്തി.

പെർഫോമൻസ് വിഭാഗത്തിലെ ഈ വളർച്ചയുടെ മധുരമേറ്റാനായി ഇപ്പോൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്പോർട്ട്സ്കാറായ എഎംജി ജിടിആറിന്റെ 2020 പതിപ്പും വിപണിയിലെത്തിച്ചിരിക്കുകയാണ്‌ മേഴ്സിഡീസ് ബെൻസ് ഇന്ത്യ. 2.48 കോടിയാണ്‌ പുത്തൻ ജിടിആറിനു ഇന്ത്യയിൽ വില. 2.33 കോടിക്കാണ്‌ മുൻമോഡൽ വിറ്റുകൊണ്ടിരുന്നത്. ക്യാബിനിലും മറ്റും പുതുതായെത്തിയ ചില്ലറ കൂട്ടിച്ചേർക്കലുകൾ മൂലമാണ്‌ വിലയിലെ പ്രസ്തുത വർദ്ധനവ്.

2020 mercedes amg gtr india launch

മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത് പ്രധാനമായും ഡിസൈനിലും എക്വിപ്മെന്റ് നിരയിലുമാണ്‌. എൽഇഡി ഹെഡ്‌ലാമ്പുകളുടെ ഡിസൈൻ പുതുക്കിയിട്ടുണ്ട്, എയ്‌റോഡൈനാമിക്സ് വർദ്ധിപ്പിക്കും വിധമുള്ള മാറ്റങ്ങൾ മുൻ ബമ്പറിലും ഹുഡിലുമൊക്കെ കണ്ടെത്താം. 19 ഇഞ്ച് വീലുകളാണ്‌ മുന്നിലെങ്കിലും പിന്നിൽ ഇവ വലിയ 20 ഇഞ്ച് യൂണിറ്റുകളാണ്‌. പിന്നിലെ ടയറിന്റെ വലുപ്പത്തിലും നേരിയ വർദ്ധനവുണ്ട്. രൂപത്തിൽ പലയിടത്തും കാർബൺ ഫൈബർ ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്താം. പിന്നിലെ വിങ്ങും നിർമ്മിച്ചിരിക്കുന്നത് കാർബൺ ഫൈബറിൽ തന്നെ. എൽഇഡി ടെയിൽലാമ്പുകളുടെ ഡിസൈൻ എഎംജി ജിടിയെ ഓർമ്മിപ്പിക്കും (റേസ് കാറായ ജിടിയിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌ ജിടിആർ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ) മൂന്ന്‌ എക്സ്‌ഹോസ്റ്റ് പൈപ്പുകളാണ്‌ ജിടിആറിനുള്ളത്. ഇവയിൽ നടുവിലത്തേത് ടൈറ്റാനിയത്തിൽ തീർത്തിരിക്കുന്നു. ഭാരം കുറയ്ക്കുന്നതിന്റെയും അതിലൂടെ പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണിത്.

ALSO READ: എഎംജി സി63 എത്തി, വില 1.33 കോടി !

ക്യാബിനിലെ മാറ്റങ്ങളാണ്‌ എടുത്തുപറയേണ്ടത്. ക്യാബിനെന്നല്ല കോക്ക്പിറ്റെന്നാണ്‌ ജിടിആറിന്റെ അകത്തളത്തെ വിളിക്കേണ്ടത്. വാഹനത്തിന്റെ വി8 എൻജിനെ ഓർമ്മിപ്പിക്കുവാനെന്നോണം ‘വി’ ആകൃതിയാണ്‌ ഡാഷിനും മറ്റും. എഎംജിയുടെ ഏറ്റവും വിലയേറിയ സ്പോർട്ട്സ്കാറിന്റെ ഉള്ളിൽ നിങ്ങൾ എന്തൊക്കെ പ്രതീക്ഷിക്കുമോ അതൊക്കെ ജിടിആറിലുണ്ട്. എന്നാൽ ‘സ്പോർട്ട്സ്‌കാർ’ എന്നതിനേക്കാൾ ‘പ്രാക്ടിക്കലായ സ്പോർട്ട്സ്‌കാർ’ എന്നറിയപ്പെടാൻ ആണെന്നു തോന്നുന്നു ജിടിആറിനു മോഹം. പ്രായോഗികതയേറ്റും വിധമുള്ളതാണ്‌ പുത്തൻ മോഡലിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളൊക്കെയും. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മെച്ചപ്പെടുത്തിയ ഇൻഫോടെയ്ന്മെന്റ് ഡിസ്പ്ലേയും എടുത്തുപറയാം. അനേകം കണക്റ്റിവിറ്റി ഒപ്ഷനുകളോടൊപ്പം ‘മേഴ്സിഡീസ് മീ’ കണക്റ്റഡ് കാർ സംവിധാനവുമുണ്ട് പുത്തൻ ജിടിആറിൽ. 11 സ്പീക്കറുകളോടു കൂടിയ ബർമിസ്റ്ററിന്റെ 1000 വാട്ട് സൗണ്ട് സിസ്റ്റമാണ്‌ ഈ സ്പോർട്ട്സ്കാറിനുള്ളത്.

2020 mercedes amg gtr india launch

പുത്തൻ ജിടിആറിൽ മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. മുൻപുണ്ടായിരുന്നതു പോലെ, എം178 ശ്രേണിയിൽ പെടുന്ന 4.0 ലിറ്റർ ബൈ ടർബോ വി 8 എൻജിൻ തന്നെയാണ്‌ ഇപ്പോഴും. ഇതിന്റെ ട്യൂണിങ്ങിലും മാറ്റങ്ങളില്ല. 585 എച്ച്‌പിയും 700 ന്യൂട്ടൺ മീറ്ററുമാണ്‌ ഇപ്പോഴുമുള്ളത്. 7 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഡിസിടി യൂണിറ്റാണ്‌. 3.6 സെക്കൻഡുകൾ കൊണ്ട് ജിടിആറിന്‌ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുവാനാകും. ഡ്രൈവിങ്ങും ഹാൻഡ്‌ലിങ്ങും മെച്ചപ്പെടുത്തുന്നതിനായി പിൻവീൽ സ്റ്റീയറിംഗ് സംവിധാനവും കമ്പനി ഈ വാഹനത്തിനു നല്കിയിട്ടുണ്ട്.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...