Ducati

BS6 ഡുക്കാട്ടി പാനിഗാലെ V4 എത്തി, വില 23.50 ലക്ഷം മുതൽ

ഡുക്കാട്ടിയുടെ ഫ്ലാഗ്‌ഷിപ്പ് സൂപ്പർബൈക്കാണ്‌ പാനിഗാലെ വി4

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡുക്കാട്ടിയുടെ ഫ്ലാഗ്ഷിപ് സൂപ്പർബൈക്കായ പാനിഗാലെ V4 ന്റെ ബിഎസ്6 മോഡൽ വിപണിയിലെത്തി. ഈയിടെ ഇറങ്ങിയ ഡുക്കാട്ടി സ്ട്രീറ്റ് ഫൈറ്റർ വി4-ന്റെ ഫെയറിങ്ങോടുകൂടിയ വകഭേദമെന്നും വിശേഷിപ്പിക്കാവുന്ന പാനിഗാലെ, ഡുക്കാട്ടിയുടെ ഏറ്റവുമധികം ആരാധകരുള്ള മോഡൽ കൂടിയാണ്‌. രണ്ട് വേരിയന്റുകളിലാണ്‌ ബിഎസ്6 പാനിഗാലെയും എത്തുന്നത്- സ്റ്റാൻഡേർഡും എസ്സും. സ്റ്റാൻഡേർഡിന് 23.50 ലക്ഷവും പാനിഗാലെ വി4 എസ്സിന് 28.40 ലക്ഷവുമാണ് എക്സ്-ഷോറൂം വില. അതായത് ബിഎസ്4 മോഡലിനേക്കാൾ 80,000 രൂപയോളം സ്റ്റാൻഡേർഡ് വേരിയൻ്റിനും 1.90 ലക്ഷം രൂപയോളം എസ്സിനും വിലക്കൂടുതൽ ഉണ്ടെന്നു സാരം.

മുൻ മോഡലിനോട്‌ പറയത്തക്ക ഡിസൈൻ സാദൃശ്യങ്ങളുണ്ട് പുത്തൻ പാനിഗാലെയ്ക്ക്. പാനിഗാലെ V4R എന്ന ട്രാക്ക് ബൈക്കിൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ്‌ 2021 പാനിഗാലെ വി4-ന്റെ എയറോഡൈനാമിക്ക് പാക്കേജ്. ഇരുവരുടെയും ഹെഡ്‌ലാമ്പ്-സൈഡ് ഫെയറിങ്ങുകൾ, പ്ലെക്സിഗ്ലാസ് എന്നിവയിൽ സമാനതകൾ കണ്ടെത്താം. മാത്രമല്ല, എയർഫ്ളോ മെച്ചപ്പെടുത്തുന്നതിനായി ‘lateral extracts’ഉം പുത്തൻ പാനിഗാലെയിൽ ഉണ്ട്.

2021 Ducati Panigale V4 BS6 on track

പുതിയ തലമുറ ഡുക്കാട്ടി ട്രാക്‌ഷൻ കണ്ട്രോൾ (DTC EVO 3), ABS കോർണറിങ് EVO, ഡുക്കാട്ടി സ്ലൈഡ് കൺട്രോൾ, വീലി കൺട്രോൾ, പവർ ലോഞ്ച്, ഇലക്ട്രോണിക് സസ്പെൻഷൻ തുടങ്ങിയവ ഈ വാഹനത്തിലുണ്ട്. ചെയിൻ ഗാർഡ് ഫിൻ, ഹീറ്റഡ് ഗ്രിപ്പുകൾ, സെൽഫ്‌ ബ്ലീഡിങ് ബ്രേക്ക്- ക്ലച്ച് പമ്പുകൾ എന്നിവയും പ്രത്യേകതകളാണ്. കൂടാതെ നാലു വ്യത്യസ്ത റൈഡ് മോഡുകളും ഇതിലുണ്ട്.

214 hp,124 Nm ശേഷിയുള്ള, BS6 മാനദണ്ഡങ്ങൾ പാലിക്കുന്ന, ഡെസ്മോസെഡിസി സ്ട്രഡാലെ V4 എൻജിനാണ് പാനിഗാലെ V4 ന് ഇപ്പോഴുള്ളത്. എക്സ്‌ഹോസ്റ്റിൽ കാതലായ മാറ്റങ്ങൾ വരുത്തിയതിലൂടെയാണ് എമിഷൻ നിയന്ത്രിക്കാനായത്. 2020ൽ പാനിഗാലെയുടെ ഫ്രെയിമിൽ ഡുക്കാട്ടി ചില സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇവയൊക്കെയും പുത്തൻ വാഹനത്തിലും നിലനിർത്തിയിട്ടുണ്ട്.

2021 Ducati Panigale V4 BS6

ഡുക്കാട്ടി പാനിഗാലെ വി4 എസ്: മാറ്റങ്ങൾ എന്തെല്ലാം?

സ്റ്റാൻഡേർഡ് പാനിഗാലെയേക്കാൾ രണ്ട് ലക്ഷത്തോളം രൂപ അധികവിലയുണ്ട് പാനിഗാലെ വി4 എസ്സിന്. എന്നാൽ ഈ വിലയെ സാധൂകരിക്കുംവിധമുള്ള ഫീച്ചറുകളും സാങ്കേതികവിദ്യകളും ഈ വാഹനത്തിനുണ്ട്. ലോകോത്തര നിലവാരമുള്ള ഇലക്ട്രിക്കലി കണ്ട്രോൾഡ് ഓലിൻസ് സസ്പെൻഷൻ, ലിഥിയം അയൺ ബാറ്ററി (സ്റ്റാൻഡേർഡ് വേരിയൻ്റിൽ ലെഡ് ആസിഡ് ബാറ്ററിയാണ്), ഫോർജ്ഡ് അലൂമിനിയം വീലുകൾ എന്നിവ പാനിഗാലെ എസ്സിൻ്റെ മാത്രം പ്രത്യേകതകളാണ്.

ഡീലർഷിപ്പുകളിലൂടെയും ഓൺലൈനായും ബുക്കിംഗ് തുടരുന്ന പുതിയ പാനിഗാലെയുടെ ഡെലിവറികളും ഉടൻ ആരംഭിക്കുമെന്നറിയുന്നു.

English Summary: 2021 Ducati Panigale V4 BS6 launched in India

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...