MahindraReview

Mahindra XUV700 Review: തകർപ്പൻ വില, പൊളി വണ്ടി!

എക്സ്‌യുവി 500നു പകരക്കാരനായി എത്തുന്ന മഹീന്ദ്ര എക്സ്‌യുവി 700ന്റെ വിശദമായ റിവ്യൂ…

Words: Neeraj Padmakumar

വാഹനപ്രേമികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിനു അവസാനം കുറിച്ചുകൊണ്ട് മഹീന്ദ്ര ഒടുവിലത് ചെയ്തു, എക്സ്‌യുവി 500നു പകരക്കാരനായെത്തുന്ന എക്സ്‌യുവി700 നെ അങ്ങു പുറത്തിറക്കി. നമ്മൾ ഞെട്ടി. മുൻപു ടെസ്റ്റിംഗ് ചിത്രങ്ങളിലോ സ്പൈ ചിത്രങ്ങളിലോ കണ്ട വാഹനത്തിന്റെ രൂപഭാവങ്ങളായിരുന്നില്ല അതിന്‌. ഞെട്ടലിന്റെ ആക്കം കൂട്ടിക്കൊണ്ട് മഹീന്ദ്ര വാഹനത്തിന്റെ താഴ്ന്ന വേരിയന്റുകളുടെ വിലയും പ്രഖ്യാപിച്ചു. ‘11.99 ലക്ഷം മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്നു’, കോംപാക്ട് എസ്‌യുവികളും സബ് കോംപാക്ട് എസ്‌യുവികളുമെന്നു വേണ്ട പ്രീമിയം ഹാച്ച്ബാക്കുകളും സെഡാനുകളും വരെ ഒരുപോലെ ഞെട്ടി! 12 ലക്ഷത്തിൽ വില തുടങ്ങുകയെന്നു പറയുമ്പോൾ അത് ലക്ഷ്യം വയ്ക്കുന്ന വിപണി അത്രത്തോളം വിശാലമാണല്ലോ. വില പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം മഹീന്ദ്രയുടെ കാഞ്ചീപുരത്തെ ടെസ്റ്റ് ട്രാക്കിൽ, ഒരു പകൽ മുഴുവൻ ഈ വാഹനത്തെ ഓടിക്കാനുമായി. അഭിപ്രായങ്ങൾ ചുവടെ:

എന്താണ്‌ എക്സ്‌യുവി 700?

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ എക്സ്‌യുവി 500 ന്റെ പകരക്കാരനായാണ്‌ എക്സ്‌യുവി 700 എത്തുന്നത്. അനേകം ഇടങ്ങളിൽ തന്റെ മുൻഗാമിയേക്കാൾ കേമനാണ്‌ ഈ വാഹനം. രണ്ട് വ്യത്യസ്ത ട്രിം സീരീസുകളിലാണ്‌ പുത്തൻ എക്സ്‌യുവി എത്തുന്നത്- MX, AX. (മുൻപ് ഥാറിലും സമാനമായ ട്രിം ലെവലുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു). എംഎക്സ് ആണ്‌ താരതമ്യേന കുറഞ്ഞ സ്പെക്കുള്ള സീരീസ്. നിലവിൽ ഇതിന്റെ ഒരൊറ്റ വേരിയന്റിന്റെ (പെട്രോൾ/ഡീസൽ) വില മാത്രമേ പുറത്തുവന്നിട്ടുള്ളൂ. എഎക്സ് ലൈനിലെ രണ്ട് വേരിയന്റുകളുടെ (AX3, AX5) വിലകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Mahindra xuv700
Mahindra XUV700 AX7

വിലയുടെയും ഫീച്ചറുകളുടെയും അടിസ്ഥാനത്തിൽ നോക്കിയാൽ പഴയ എക്സ് യുവി 500നോട്‌ താരതമ്യപ്പെടുത്താനാവുക എംഎക്സ് സീരീസിനെയാണ്‌. പുത്തൻ എക്സ്‌യുവി 5 സീറ്ററായും 7 സീറ്ററായും ലഭ്യമാവും. റിവ്യൂ ചെയ്ത വാഹനം ടോപ്പ്-സ്പെക്ക് എഎക്സ് 7 വേരിയൻ്റാണ്.

വലുപ്പം

മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച ഒരു പുത്തൻ മോണോകോക്ക് പ്ലാറ്റ്‌ഫോമാണ്‌ എക്സ്‌യുവി 700ന്‌ ഉള്ളത്. 4695 മില്ലിമീറ്റർ നീളം, 1890 മില്ലിമീറ്റർ വീതി, 1755 മിമീ ഉയരം എന്നിവയുണ്ട് ഈ വാഹനത്തിന്‌. വീൽബേസ് 2750 മില്ലിമീറ്ററാണ്‌. ചുരുക്കി പറഞ്ഞാൽ എക്സ്‌യുവി 500 നേക്കാൾ 110 മില്ലിമീറ്റർ അധിക നീളവും 50 മില്ലിമീറ്റർ അധിക വീൽബേസുമുണ്ട് 700ന്‌. എന്നാൽ ആകെ ഉയരം 30 മില്ലിമീറ്ററോളം കുറഞ്ഞിട്ടുമുണ്ട്. വാഹനത്തിന്റെ കൃത്യമായ ഗ്രൗണ്ട് ക്ലിയറൻസ് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ എക്സ്‌യുവി 700മായി കുറച്ച് ഓഫ് റോഡ് സാഹചര്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നതിന്റെ വെളിച്ചത്തിൽ ഒന്നു ഞാൻ ഉറപ്പു തരാം- ഒരു എസ്‌യുവിക്കു യോജിച്ചതു തന്നെയാണ്‌ ഇതിന്റെ ക്ലിയറൻസ്

മാത്രമല്ല, ഓഫ് റോഡ് യാത്രകൾ സുഗമമാക്കുന്നതിനായി 22.6 ഡിഗ്രി അപ്പ്രോച്ച്, 24 ഡിഗ്രി ഡിപ്പാർച്ചർ, 20.7 ഡിഗ്രി റാമ്പ്-ഓവർ ആംഗിളുകളും മഹീന്ദ്ര ഈ വാഹനത്തിനു നൽകിയിട്ടുണ്ട്. ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റിൽ ഓപ്ഷണൽ ഓൾ വീൽ ഡ്രൈവും ഉണ്ട്. മഹീന്ദ്രയുടെ ടെസ്റ്റ് ട്രാക്കിലെ ഓഫ് റോഡ് കോഴ്സിലൂടെ വളരെ അനായാസമായാണ്‌ ഈ വാഹനം ഓടിക്കാനായത്. (എന്നാൽ ഥാർ പൊകുന്നതരം മാരക ട്രാക്കുകളിൽ ഇവൻ കയറിപ്പോവാൻ ഇടയില്ല )

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

Mahindra xuv700 front and rear
Mahindra xuv700

ഡിസൈൻ:

എക്സ്‌യുവി 500 പൊലെ, ഒരു ബ്രാൻഡിന്റെ മുഖഛായ തന്നെ മാറ്റിയ മോഡലിനു പകരക്കാരനായി എത്തുമ്പോൾ മുൻഗാമിയുമായി ഡിസൈനിന്റെ കാര്യത്തിൽ ബന്ധമുണ്ടാവുക എന്നത് ആ പുതിയ വാഹനത്തിന്റെ സ്വീകാര്യതയെ വലിയ തോതിൽ ബാധിക്കുന്ന ഒന്നാണ്‌.എക്സ്‌യുവി 700യെ വരച്ചുണ്ടാക്കുമ്പോഴും മഹീന്ദ്രയുടെ ഡിസൈനർമാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരുന്നിരിക്കണം- കാലികമായ രൂപമാവണം എന്നാൽ പഴയ എക്സ്‌യുവിയോട്‌ നീതി പുലർത്തുകയും വേണം.

ഈ വാഹനത്തെ നേരിൽ കാണുമ്പോൾ മനസിലാവുന്നത് ഈ ഉദ്യമത്തിൽ മഹീന്ദ്രയുടെ ഡിസൈൻ ടീം വിജയിച്ചു എന്നു തന്നെയാണ്‌. മുൻപ് പുറത്തുവന്ന കാമോഫ്ലാഷ് ഇല്ലാത്ത സ്പൈ ഷോട്ടുകൾ കണ്ടപ്പോൾ തോന്നിയ ഇഷ്ടക്കേടൊന്നും ഇവനെ നേരിൽ കാണുമ്പോൾ തോന്നില്ല. സ്റ്റൈലിഷായ ഡിസൈനാണ്‌ എക്സ്‌യുവി 700ന്റേത്. ‘ഷാർപ്പ്’ ആയി തോന്നുന്നതാണ്‌ ആകെ രൂപം.

Mahindra xuv700 side
Mahindra xuv700

പ്രധാന പ്രത്യേകതകളായി പറയാവുന്നത് വലിയ 6 സ്ളാറ്റ്/ 7 സ്ളോട്ട് ഗ്രിൽ, C രൂപത്തിലുള്ള വലിയ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും സീക്വൻഷ്യൽ ഇൻഡിക്കേറ്ററുകളും, എൽഇഡി ഹെഡ്‌ലാമ്പുകൾ, കോർണ്ണറിംഗ് ലാമ്പുകളോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകൾ, വലിയ 18 ഇഞ്ച് അലോയ് വീലുകൾ, കറുപ്പണിഞ്ഞ ഡി പില്ലറുകൾ, സ്മാർട്ട് ഡോർ ഹാൻഡിൽസ് എന്നു കമ്പനി വിളിക്കുന്ന വാഹനം അൺലോക്ക് ചെയ്യുമ്പോൾ മാത്രം പുറത്തേക്കു വരുന്ന പൊപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ (പോർഷ, ലംബോർഗിനി, ലാൻഡ് റോവർ പോലുള്ള വാഹനങ്ങളിൽ ഇവ കണ്ടത് ഓർമ്മയില്ലേ?, പക്ഷേ എക്സ്‌യുവിയിൽ ഇവ ടച്ച് സെൻസിറ്റീവ് ആയല്ല പ്രവർത്തിക്കുന്നത്, ചെറുതായി അമർത്തുക തന്നെ വേണം, വാഹനവില കണക്കിലെടുത്തുകൊണ്ട് നമുക്ക് ഈ പാതകത്തിനു മാപ്പു നൽകാം! ), ‘ആരോ ഹെഡ്’ ഡിസൈനിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, പ്ലാസ്റ്റിക്കിൽ തീർത്ത (!) സ്റ്റൈലൻ ടെയിൽ ഗേറ്റ് എന്നിവയാണ്‌. വാഹനത്തിന്റെ ആകെ ഘടന വെച്ചു നോക്കിയാൽ ടെയിൽ ഗേറ്റ് പ്ലാസ്റ്റിക്ക് ആക്കിയത് വലിയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയില്ല എന്നു തോന്നുന്നു.

ഏതാനും നാളുകൾക്കു മുൻപ് പുറത്തിറങ്ങിയ മഹീന്ദ്രയുടെ പുതിയ ‘ട്വിൻ പീക്ക്സ്’ ലോഗോയാണ്‌ പുത്തൻ എക്സ് യുവിയുടെ മറ്റൊരു ആകർഷണം. ഈ വാഹനത്തിലാണ്‌ ഇത് ആദ്യമായി എത്തുന്നത്. ഗ്ലോസ് ബ്ലാക്ക് പ്രതലത്തിൽ പതിപ്പിച്ച രീതിയിലുള്ള ഇതിന്റെ പ്ലേസ്‌മെന്റ് കാണാൻ രസമുണ്ട്.

Mahindra xuv700 front

പുറത്തെ ഡിസൈനിന്റെ കാര്യത്തിൽ വ്യക്തിപരമായി ഇഷ്ടം തോന്നിയ ഒരു കാര്യം ഇതിന്റെ കളർ ഓപ്ഷനുകളാണ്‌. മിതവാദികൾക്കും ചെത്തു പിള്ളേർക്കും ഒരുപോലെ രസിക്കുംവിധമുള്ള നിറങ്ങൾ എക്സ്‌യുവിക്കുണ്ട്. കൂടുതൽ നിറങ്ങൾ പിന്നാലെ എത്തുമെന്നും സൂചനകളുണ്ട്. പിൻ ബമ്പറിലെ ‘ ഫെയ്ക്ക് എക്സ്‌ഹോസ്റ്റ്’ പ്രഹസനം ഒഴിവാക്കിയതാണ്‌ ഇഷ്ടമായ മറ്റൊരു കാര്യം

ഉൾഭാഗം:

എക്സ്‌യുവി 700ന്റെ ഉൾഭാഗത്തിന്റെ ഡിസൈൻ അതിമനോഹരമാണ്‌. ഈ വിഭാഗത്തിൽ മുൻപ് കണ്ടു ശീലമില്ലാത്ത പല ഫീച്ചറുകളും സാങ്കേതികവിദ്യകളുമായാണ്‌ ഈ വാഹനം എത്തുന്നത്. ഉള്ളിലേക്ക് കയറുമ്പൊഴേ ആധുനികതയുടെ വാസന അനുഭവിക്കാം! സെന്റർ കൺസോളിലെ കൂറ്റൻ ഡിസ്പ്ലേയ്ക്കും ഡാഷ്ബോർഡിനുമുള്ളത് ഒരു ‘ക്ലീൻ ടൈൽ ലേയൗട്ട്’ ആണ്‌, ഇത് ‘ബഹിരാകാശത്തിൽ’ (ഔട്ടർ സ്പേസ്) നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് രൂപകല്പന ചെയ്തതാണെന്നാണ്‌ മഹീന്ദ്രയുടെ വാദം, എക്സ്‌യുവിയിൽ കയറുന്ന ആർക്കും ആദ്യ നിമിഷം തന്നെ ‘സൈ-ഫൈ ഫീൽ’ കിട്ടണമെന്നത് ഇവർക്ക് നിർബന്ധമായിരുന്നുവത്രെ! എന്തായാലും ഇവ കാണാൻ രസമാണ്‌.

ഉൾഭാഗത്ത് പ്രീമിയം സ്വഭാവമുള്ള മെറ്റീരിയലുകളുടെയും നിറങ്ങളുടെയും ഉപയോഗം ധാരാളമായുണ്ട്. ഡാഷ്‌ബോർഡിൽ അനേകമിടങ്ങളിൽ സോഫ്റ്റ് ടച്ച് ഭാഗങ്ങളുടെയും ലെതറിന്റെയും സാന്നിധ്യമുണ്ട്. സീറ്റുകളിൽ പ്രീമിയം ലെതറെറ്റ് അപ്‌ഹോൾസ്ട്രിയാണുള്ളത്, സ്റ്റിയറിംഗ് വീലും ഗിയർ നോബും ലെതറിൽ പൊതിഞ്ഞിരിക്കുന്നു (ഗിയർ നൊബിലെ ലെതർ പിടിക്കാൻ അത്ര സുഖകരമായി തോന്നിയില്ല).

ഈ വിഭാഗത്തിലെ ഏറ്റവും വലിയ പാനോരമിക്ക് സൺറൂഫാണ്‌ എക്സ്‌യുവി 700 ന്‌ ഉള്ളത്, ‘സ്കൈ റൂഫ്’ എന്നാണ്‌ മഹീന്ദ്ര ഇതിനെ വിളിക്കുന്നത്. ഭീമാകാരനായ ഇത് മൂന്നാം നിരയിലേക്കു വരെ ധാരാളം കാറ്റും വെളിച്ചവും എത്തിക്കുന്നുണ്ട്. ഇതുകൊണ്ടു കൂടിയാണ്‌ പുത്തൻ എക്സ്‌യുവിയുടെ ഉൾഭാഗം ഇത്രകണ്ട് പ്രസന്നമായി തോന്നുന്നതും. ആന്റി പിഞ്ച് ഫംഗ്ഷനുള്ള സണ്രൂഫ് വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ചും പ്രവർത്തിപ്പിക്കുവാനാകും.

എന്നാൽ ഇതേ സൺറൂഫും ലെതറെറ്റ് സീറ്റുകളും കൂടിച്ചേരുമ്പോൾ വേനലിലെങ്കിലും നമ്മൾ ‘വെന്റിലേറ്റഡ് സീറ്റുകളെ’ മിസ് ചെയ്യും!

സീറ്റിംഗ്:

5 സീറ്റർ, 7 സീറ്റർ പതിപ്പുകളുണ്ട് എക്സ്‌യുവി 700ന്‌. 5 സീറ്ററാണ്‌ എനിക്ക് വ്യക്തിപരമായി കൂടുതൽ അഭികാമ്യമെന്നു തോന്നിയത്. സീറ്റുകളുടെ അപ്‌ഹോൾസ്ട്രിയും ആകെ ഡിസൈനുമൊക്കെ മികച്ചതാണ്‌. ഡ്രൈവർ സീറ്റിന്‌ ഇലക്ട്രിക്ക് അഡ്‌ജസ്റ്റുമെന്റും 3 മെമ്മറി ഫംഗ്ഷനുമുണ്ട്. രണ്ടാം നിര യാത്രക്കാരന്‌ അവിടെയിരുന്നുകൊണ്ട് അനായാസമായി കോ-ഡ്രൈവർ സീറ്റ് നിയന്ത്രിക്കുവാനുള്ള സൗകര്യവും (ചില വാഹന നിർമ്മാതാക്കൾ ഇതിനെ ബോസ് മോഡെന്നും വിളിക്കാറുണ്ട്!) ഈ വാഹനത്തിലുണ്ട്. രണ്ടാം നിരയിലെ 40:60 സ്പ്ലിറ്റ് ബെഞ്ച് സീറ്റിന്റെ ഡിസൈൻ സുഖകരമാണ്‌. ഇവ അല്പം പിന്നിലേക്ക് റിക്ലൈൻ ചെയ്യുവാനുമാവും. ലെഗ്‌ റൂമും നീ റൂമും ആവശ്യത്തിലേറെയുണ്ട്. പാനോരമിക്ക് സൺറൂഫ് ഉണ്ടായിട്ടും ഹെഡ്‌റൂമിന്റെ കാര്യത്തിൽ വലിയ കുറവു സംഭവിച്ചിട്ടില്ല.

മൂന്നാം നിരയിൽ ലെഗ് റൂമും നീ റൂമും അത്യാവശത്തിനു മാത്രം. ആറടി പൊക്കക്കാർക്ക് ഇവിടെ ഇരിക്കാൻ പറ്റുമോ എന്നുപോലും സംശയമാണ്‌. എന്നാൽ കുട്ടികൾക്ക് വലിയ തെറ്റില്ലാതെ ഇരിക്കാനാവും. ഈ സീറ്റുകൾക്ക് തൈ സപ്പോർട്ടും നന്നേ കുറവാണ്‌. എന്നിരുന്നാലും എക്സ് യു വി 500 ന്റെ മൂന്നാം നിരയേക്കാൾ മെച്ചമാണ്‌ ഇവിടെ കാര്യങ്ങൾ. ആ വാഹനത്തിലും കൂടുതൽ സ്ഥലം 700 ന്റെ മൂന്നാം നിരയിലുണ്ട്.

Mahindra xuv700 adrenox
Mahindra xuv700 ADRENOX

ഫീച്ചറുകൾ:

ഒരുപിടി തകർപ്പൻ ഫീച്ചറുകളുമായാണ്‌ പുത്തൻ എക്സ്‌യുവി എത്തുന്നത്. ഏറ്റവും പ്രധാനം ADRENOX എന്ന ഇതിന്റെ കോക്ക്പിറ്റ് എൻജിൻ ആണ്‌. ഈ വാഹനത്തിന്റെ കുറച്ചധികം പ്രധാന കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു കമ്പ്യൂട്ടർ എന്നു വിളിക്കാം ഇതിനെ. ഇൻഫൊടെയിന്മെന്റിന്റെ ടച്ച്സ്ക്രീനായും ഇൻസ്ട്രമെന്റ് ക്ലസ്റ്ററായും പ്രവർത്തിക്കുന്ന രണ്ട് വലിയ 10.25 ഇഞ്ച് സ്ക്രീനുകളും അവയുടെ ഓൺ-ബോർഡ് കമ്പ്യൂട്ടറുമാണ്‌ അഡ്രിനോക്സിന്റെ പ്രധാന ഭാഗങ്ങൾ. എതിരാളികളുടെ സ്ക്രീനുകളേക്കാൾ മികച്ച ഡിസ്പ്ലേ ക്വാളിറ്റിയുണ്ട് അഡ്രീനോക്സ് സ്ക്രീനുകൾക്ക്.

LOCA (ലിക്വിഡ് ഒപ്റ്റിക്കലി ക്ലിയർ അഡ്‌ഹെസീവ്) ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണമാണ്‌ കാരണം. ഇത് റിഫ്രാക്ഷൻ കൊണ്ട് ഡിസ്പ്ലേ ക്വാളിറ്റിയിൽ ഉണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കുന്നു. അതിനാൽ വെയിലത്തു പോലും വ്യക്തമായ കാഴ്ചയാണ്‌ ഈ ഡിസ്പ്ലേയിൽ നിന്നും ലഭിക്കുന്നത്, ഒപ്പം നിറങ്ങൾക്കു കൂടുതൽ മിഴിവും. ടച്ച്സ്ക്രീൻ ഇൻഫൊടെയിന്മെന്റ് യൂണിറ്റിന്റെ UX ഗംഭീരമാണ്‌, മികച്ച ടച്ച് റെസ്പോൻസുമുണ്ട്. ഇതിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, വീഡിയോ പ്ലേബാക്ക്, അലക്സ ഇന്റഗ്രേഷൻ, എന്നിങ്ങനെ അനേകം സംവിധാനങ്ങളുണ്ട്. ഡ്രൈവറുടെ സൗകര്യാർഥം ഒരു 4 -വേ ജോയ്സ്റ്റിക്ക് കൺട്രോളറുമുണ്ട് ഇതിന്‌.

വയർലെസ് ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക്ക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ പോകുന്നു മറ്റു ഫീച്ചറുകൾ.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

സോണിയുടെ ഇമ്മേർസീവ് 3D ഓഡിയോ സിസ്റ്റം ഇതാദ്യം!

ഓഡിയോ സിസ്റ്റം ആണ്‌ എക്സ്‌യുവി 700ന്റെ മറ്റൊരു പ്രധാന സവിശേഷത. കൺസ്യൂമർ ഇലക്ട്രോണിക്സ് ഭീമന്മാരായ സോണിയുടെ ഇമേർസീവെ 3ഡി സൗണ്ട് സിസ്റ്റമാണ്‌ ഈ വാഹനത്തിനുള്ളത്. ഇതാദ്യമായാണ്‌ സോണിയുടെ 12 സ്പീക്കർ 3ഡി ഓഡിയോ സിസ്റ്റം ഒരു ഇന്ത്യൻ വാഹനത്തിൽ ലഭ്യമാവുന്നത്. ഇവരുടെ പേറ്റൻഡഡ് ടെക്നോളജിയായ സൗണ്ട് ബിൽഡിംഗ് ബ്ലോക്കുകൾ ഉപയോഗിക്കുന്നതാണ്‌ ഈ സിസ്റ്റവും. സ്റ്റീരിയോ ഫോർമാറ്റിലുള്ള ഏതൊരു ഓഡിയോ ഫയലിനെയും (റേഡിയോയുടെ ഫീഡിനെ പോലും!) 3ഡി ആക്കി മാറ്റാനാവുന്ന 5.1 ചാനൽ സൗണ്ട് റീജനറേഷൻ എൻജിനാണ്‌ ഇതിനുള്ളത്. 3 വ്യത്യസ്ത 3ഡി ഇഫക്റ്റുകളും സൈസ് ക്രമീകരിക്കാവുന്ന ഓഡിയോ ഫീൽഡുമൊക്കെ ഇതിന്റെ പ്രത്യേകതകളാണ്‌. കമ്പ്രസ് ചെയ്ത ഫോർമാറ്റുകളിലുള്ള ഫയലുകളിൽ നിന്നും ഹൈ ക്വാളിറ്റി ഓഡിയോ ഉണ്ടാക്കുന്ന ‘DSEE’യും (ഡിജിറ്റൽ സൗണ്ട് എൻഹാൻസ്മെന്റ് എൻജിൻ) സ്പീഡ് ഡിപ്പൻഡന്റ് വോള്യം കൺട്രോളുമൊക്കെ ഇതിലുണ്ട്.

Mahindra xuv700 platform
Mahindra xuv700 monocoque platform

എൻജിൻ, പ്ലാറ്റ്‌ഫോം, ഗിയർബോക്സ്

മഹീന്ദ്ര ഇൻ-ഹൗസ് ആയി വികസിപ്പിച്ച ഒരു പുത്തൻ മോണോകോക്ക് ഷാസിയാണ്‌ എക്സ്‌യുവി 700നുള്ളത്. കരുത്തു കൂടിയ, എന്നാൽ ഭാരം കുറഞ്ഞ ലോഹങ്ങൾ ഉപയോഗിച്ചാണ്‌ ഇത് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് ടോർഷണൽ സ്റ്റിഫ്നെസ് കൂടുകയും ഭാരം കുറയുകയും ചെയ്തിട്ടുണ്ട്. ഈ ഷാസിയുടെ ‘റിംഗ് സ്ട്രക്ചർ’ സുരക്ഷയും NVH ലെവലുകളും മെച്ചപ്പെടുത്തുന്നുണ്ട്. 3.96 എന്ന ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ലൈറ്റ് വെയ്റ്റ് ഇൻഡെക്സുള്ളതും ഈ വാഹനത്തിനു തന്നെ.

രണ്ട് എൻജിനുകളുണ്ട്- 2.0 ലിറ്റർ T GDi ടർബോ പെട്രോൾ (200 എച്ച്‌പി, 380 ന്യൂട്ടൻ മീറ്റർ), 2.2 ലിറ്റർ എം-ഹോക്ക് ഡീസൽ (185 എച്ച് പി, 420 /450 ന്യൂട്ടൺ മീറ്റർ). ഡീസൽ എൻജിന്‌ മാനുവൽ ഗിയർബോക്സിനൊപ്പം 420 ന്യൂട്ടൺ മീറ്ററും ഓട്ടോമാറ്റിക്ക് ഗിയർബോക്സിനൊപ്പം 450 ന്യൂട്ടൺ മീറ്ററുമാണുള്ളത്. പെട്രോളിലും ഡീസലിലും 6 സ്പീഡ് മാനുവലും ( മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചത്) ജാപ്പനീസ് കമ്പനിയായ ഐസിൻ രൂപകല്പന ചെയ്ത 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സും ലഭ്യമാണ്‌.

Mahindra xuv700

ഡ്രൈവ് ചെയ്യാൻ എങ്ങനെ ?

ഡീസൽ ഓട്ടോമാറ്റിക്കാണ്‌ ഞങ്ങൾ പ്രധാനമായും ഓടിച്ചത്. ഏതാണ്ട് 70 കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട് ഇതിനിപ്പോൾ. മികച്ച ലോ എൻഡ് ടോർക്കാണ്‌ പ്രധാന പ്രത്യേകത. 1000 ആർപി എമ്മിൽ പോലും ഏതാണ്ട് 225 ന്യൂട്ടൺ മീറ്റർ ലഭിക്കുമെന്നത് സിറ്റി യാത്രകളും മറ്റും അനായാസമാക്കും. മിഡ് റേഞ്ച് അങ്ങേയറ്റം ഉഷാറാണ്‌.

ഐസിന്റെ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ബോക്സ് നല്ല ഷിഫ്റ്റുകളാണ്‌ തരുന്നത്. അഗ്രസീവ് ആയി ഓടിക്കുമ്പോൾ പോലും മടുപ്പിക്കാത്തവിധം ഷിഫ്റ്റുകൾ ലഭിക്കുന്നുണ്ട്. വ്യത്യസ്ത ഡ്രൈവിംഗ് സ്വഭാവങ്ങൾക്ക് ഇണങ്ങുന്ന 3 പ്രീസെറ്റ് ഡ്രൈവ് മോഡുകളും (ഒരു കസ്റ്റം മോഡും) ഈ വാഹനത്തിലുണ്ട്. സിപ്, സാപ്പ്, സൂം എന്ന ഇവയുടെ പേരുകൾ കൗതുകം ജനിപ്പിക്കും (കൗതുകം പണ്ടേ ലേശം കൂടുതലാണല്ലോ!) പാഡിൽ ഷിഫ്റ്റുകളില്ല എന്നതുകൊണ്ട് മാനുവൽ ഷിഫ്റ്റുകൾ ചെയ്യാൻ ഗിയർ ലിവർ തന്നെ ഉപയോഗിക്കേണ്ടി വരും.

ഹാൻഡ്‌ലിംഗ്

അതിഗംഭീരമാണ്‌ എക്സ്‌യുവി 700ന്റെ ഹാൻഡ്‌ലിംഗ്. ഈ വാഹനത്തിന്റെ ഷാസിയും സസ്പെൻഷനുമൊക്കെ ഹാൻഡ്‌ലിങ്ങിനും യാത്രാസുഖത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടാണ്‌ ഡിസൈൻ ചെയ്തിരിക്കുന്നത്. മുന്നിൽ മക്‌ഫേഴ്സൺ സ്ട്രട്ടുകളും പിന്നിൽ മെച്ചപ്പെടുത്തിയ ഇൻഡിപെൻഡന്റ് മൾട്ടി ലിങ്ക് (മഹീന്ദ്രയുടെ ഭാഷയിൽ ‘കൺട്രോൾ ബ്ലേഡ്’) സസ്പെൻഷനുമാണ്‌ ഈ വാഹനത്തിനുള്ളത്. ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് എന്ന സംവിധാനവും ഇതിലുണ്ട്. (മുൻപ് ഈ സാങ്കേതികവിദ്യ കണ്ടത് ജീപ്പ് കോംപസ്സിലായിരുന്നു).

മൂന്നക്ക സ്പീഡുകളിലും വളരെ സ്ഥിരതയോടെയാണ്‌ എക്സ്‌യുവി 700 പെരുമാറുന്നത്.180 കിലോമീറ്ററിനു മുകളിൽ വേഗത എടുത്തിട്ടും വളരെ ആത്മവിശ്വാസം അനുഭവപ്പെട്ടു. കോർണറിംഗ് ആണ്‌ വലിയ മെച്ചപ്പെടലുകൾ സംഭവിച്ച മറ്റൊരിടം. ഒരു എസ്‌യുവി എന്നു തോന്നിപ്പിക്കാത്തവിധം മനോഹരമായാണ്‌ ഈ വാഹനം വലിയ വേഗതകളിൽ കോർണർ ചെയ്യുന്നത്. ഹൈ സ്പീഡ് ട്രാക്കിലെ ബാങ്ക് ചെയ്ത കോർണറുകളിലേക്ക് 120 കിലോമീറ്ററിലേറെ വേഗതയിൽ ഈ വാഹനത്തെ പായിച്ചപ്പോൾ ഒരിക്കൽപോലും സംഗതി കൈവിട്ടു പൊവും എന്ന തോന്നൽ ഉണ്ടായില്ല. അല്പം ബോഡി റോൾ തോന്നുമെങ്കിലും വളരെ പക്വമായാണ്‌ വളവുകളിൽ എക്സ് യു വി പെരുമാറുന്നത്.

Mahindra xuv700 cornering
Mahindra xuv700 handling

ഇതിന്റെ ടയറുകളുടെ ഗ്രിപ്പും സ്റ്റിയറിങ്ങിന്റെ കൃത്യതയും ആണ്‌ എടുത്തു പറയേണ്ട മറ്റു കാര്യങ്ങൾ. എക്സ്‌യുവി 500ലെ ഹൈഡ്രോളിക്ക് പവർ സ്റ്റിയറിങ്ങിനു പകരം ഇതിലുത് ഒരു ഇലക്ട്രിക്ക് പവർ സ്റ്റിയറിങ്ങാണ്‌, എന്നാൽ ഈ വിഭാഗത്തിലെ ഏറ്റവും ശേഷി കൂടിയ മോട്ടോറാണ്‌ ഇതിനുള്ളത്, അതിനാൽ നല്ല ഫീഡ്‌ബാക്ക് നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ സ്പീഡിന്‌ അനുസരിച്ച് എത്ര വെയ്റ്റ് വയ്ക്കണം എന്ന ഇതിന്റെ കാലിബ്രേഷൻ അല്പം കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നു തോന്നി.

XUV 700ന്റെ ബ്രേക്കിങ്ങിലും വലിയ മെച്ചപ്പെടലുകൾ സംഭവിച്ചിട്ടുണ്ട്. മുന്നിൽ വെന്റിലേറ്റഡ് അടക്കം നാലു വീലുകൾക്കും ഡിസ്ക്ക് ബ്രേക്കുകളാണ്‌. നല്ല ബൈറ്റും സ്റ്റോപ്പിംഗ് പവറുമുണ്ട് ഇവയ്ക്ക്.

വാൽക്കഷ്ണം: എക്സ്‌യുവിയുടെ ഹാൻഡ്‌ലിങ്ങിൻ്റെ ഡെവലപ്പ്മെൻ്റ് സമയത്ത് ബെഞ്ച്മാർക്കായി വച്ചിരുന്നത് സ്കോഡ കോഡിയാക്ക് ആയിരുന്നുവെന്ന് മഹീന്ദ്രയുടെ എൻജിനിയറുമ്മാർ പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല, പക്ഷേ വാഹനം ഓടിച്ചുകഴിഞ്ഞപ്പോൾ ഈ അവിശ്വാസം മാറ്റാതെ രക്ഷയില്ലെന്നായി!

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

ADAS- ലെവൽ 2 ഓട്ടോണൊമസ് ഡ്രൈവിംഗ്

അഡാപ്റ്റീവ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ ‘അഡാസ്’ (ADAS) ആദ്യമായി ഇന്ത്യയിലെത്തിയത് എംജി ഗ്ളോസ്റ്ററിലൂടെയായിരുന്നു. വാഹനത്തിന്റെ മുന്നിൽ ഘടിപ്പിച്ച ക്യാമറയുടെയും റഡാറിന്റെയും സഹായത്തോടെ ചുറ്റുമുള്ള റോഡ്/ ട്രാഫിക്ക് സാഹചര്യങ്ങളെ മനസിലാക്കി വാഹനം സ്വയം ആക്സിലറേറ്റും ബ്രേക്കും ചെയ്യുന്ന (മറ്റൊരു തരത്തിൽ പറഞ്ഞാൽ ‘സ്വയം ഓടുന്ന’) സംവിധാനമാണിത്. എത്രത്തോളം കൺട്രോൾ വാഹനത്തിനുണ്ടാവും എന്നതിന്റെ അടിസ്ഥാനത്തിൽ ലെവൽ 1, 2 എന്നിങ്ങനെ പലതരം ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനങ്ങളുണ്ട്.

ആക്സിലറേഷനൊപ്പം സ്റ്റിയറിംഗ് അസിസ്റ്റുകൂടി ഉള്ള ലെവൽ 2 അഡാസ് എക്സ്‌യുവി 700ൽ ഉണ്ട്. ഇതിന്റെ ഭാഗമായി എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്ടീവ് ക്രൂസ് കൺട്രോൾ, ട്രാഫിക്ക് സിഗ്നൽ അസിസ്റ്റ് എന്നിങ്ങനെ അനേകം രസികൻ ഫീച്ചറുകളുമുണ്ട്. കൊറിയൻ കമ്പനിയായ മാൻഡോയാണ്‌ ഇതു രൂപകല്പന ചെയ്തിരിക്കുന്നത്. ഗ്ലോസ്റ്റർ പോലുള്ള വാഹനങ്ങളിൽ കണ്ടതിനേക്കാൾ നമ്മുടെ റോഡ് സാഹചര്യങ്ങളുമായി കൂടുതൽ ഇണങ്ങുന്ന തരത്തിലാണ്‌ ഇതിന്റെ കാലിബറേഷൻ. ഇത് ഒരു വട്ടം ഓടിക്കുമ്പോഴേ ബോധ്യമാവും.

Mahindra xuv700 safety
Mahindra xuv700 safety

സുരക്ഷ

ഷാസിയുടെ പ്രത്യേകതകൾ കൊണ്ട് മികച്ച സുരക്ഷയാണ്‌ മഹീന്ദ്ര തങ്ങളുടെ പുത്തൻ എക്സ്‌യുവിക്ക് അവകാശപ്പെടുന്നത്. ഇതിനുപുറമെ മൂന്നാം നിര വരെ നീളുന്ന കർട്ടൻ എയർബാഗും ഡ്രൈവർക്ക് നീ എയർബാഗുമടക്കം ആകെ 7 എയർബാഗുകൾ, എബിഎസ്‌, ഇഎസ്‌പി, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, എന്നിങ്ങനെ അനേകം സുരക്ഷാ ഫീച്ചറുകൾ വേറെയുമുണ്ട്.

എതിരാളികൾ

ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായ് അൽകാസർ, എന്നിവയാണ്‌ എക്സ്‌യുവിയുടെ ശരിയായ എതിരാളികൾ. ഇവയ്ക്കു പുറമെ പ്രസ്തുത വാഹനങ്ങളുടെ 5 സീറ്റർ പതിപ്പുകളും (ഹാരിയർ, ഹെക്ടർ, ക്രെറ്റ/സെൽറ്റോസ്) ഈ വാഹനത്തിനോട്‌ മത്സരിക്കും. ഒട്ടുമിക്ക ഇടങ്ങളിലും തന്റെ എതിരാളികളെ മലർത്തിയടിക്കാനുള്ള മരുന്ന് എക്സ്‌യുവിക്കുണ്ട്. ഈ സെഗ്മെന്റിലെ ഏറ്റവും നല്ല ഡ്രൈവബിലിറ്റിയുള്ള വാഹനങ്ങളിലൊന്നാണ്‌ 700. മാത്രമല്ല നിലവിൽ ഈ സെഗ്മെന്റിൽ ADAS ഉള്ള ഒരേയൊരു മോഡലും ഇതു തന്നെയാണ്‌.

ഓൾട്യൂറാസ് നിർത്തലാക്കിയതിനാൽ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് സ്ഥാനം നിലവിൽ ഈ വാഹനത്തിനാണ്‌. ഇതു നൽകുന്ന ഉത്തരവാദിത്തങ്ങളും ഉയർത്തുന്ന പ്രതീക്ഷകളും ചില്ലറയല്ല. ഫസ്റ്റ് ഡ്രൈവിൽ നിന്നും മനസിലാവുന്നത് പ്രതീക്ഷകൾ അസ്ഥാനത്തായില്ല എന്നു തന്നെയാണ്‌.

Mahindra xuv700

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

ഒറ്റനോട്ടത്തിൽ

നല്ലത്

  • സ്റ്റൈലൻ ഡിസൈൻ
  • പ്രതീക്ഷിച്ചതിലും കൂടുതൽ ഫീച്ചറുകൾ
  • ലോകോത്തര നിലവാരമുള്ള സസ്പെൻഷനും ഷാസിയും
  • പകരംവയ്ക്കാനാവാത്ത ഹാൻഡ്‌ലിംഗ്
  • കരുത്തുറ്റ എൻജിനുകളും അതിനൊത്ത ബ്രേക്കുകളും

മെച്ചപ്പെടുത്താമെന്നു തോന്നുന്ന കാര്യങ്ങൾ

  • ഇലക്ട്രിക്ക് പവർ സ്റ്റിയറിങ്ങിൻ്റെ കാലിബറേഷൻ അല്പം കൂടി ഷാർപ്പ് ആക്കാം.
  • വെൻ്റിലേറ്റഡ് സീറ്റുകൾ കൊടുക്കാം.

English Summary: 2021 Mahindra XUV700 review in Malayalam, all details explained

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...