Land Rover

2021 റേഞ്ച് റോവർ ഇവോക്ക് വിപണിയിലെത്തി, മാറ്റം ക്യാബിൻ കളർസ്കീമിൽ മാത്രം!

64.12 ലക്ഷത്തിലാണ് 2021 മോഡൽ ഇവോക്കിൻ്റെ വില ആരംഭിക്കുന്നത്

റേഞ്ച് റോവർ നിരയിലെ ഏറ്റവും ഇളയവനാണ് ഇവോക്ക്. ആഡംബരവും പ്രകടനക്ഷമതയും ഒത്തുചേരുന്ന എസ്‌യുവികളാണ് റേഞ്ച് റോവറുകൾ. ഈ ശ്രേണിയിലേക്കുള്ള ചവിട്ടുപടിയായ ഇവോക്കിൻ്റെ രണ്ടാം തലമുറയെ ലാൻഡ് റോവർ ഇന്ത്യയിൽ എത്തിച്ചത് 2020 ഫെബ്രുവരിയിലായിരുന്നു. ഒരു വർഷത്തിനിപ്പുറം ഇവോക്കിൻ്റെ 2021 മോഡലിനെയും ജെഎൽആർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 2021 റേഞ്ച് റോവർ ഇവോക്കിൻ്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 64.12 ലക്ഷത്തിലാണ്. 2020 മോഡലിനേക്കാൾ 5 ലക്ഷത്തോളം രൂപയാണ് പുതിയ മോഡലെത്തുമ്പോൾ കൂടിയിരിക്കുന്നത്. (55 ലക്ഷമായിരുന്നു രണ്ടാം തലമുറ ഇവോക്കിൻ്റെ പ്രരംഭവില, പിന്നീട് ഇത് ഉയർന്ന് 59 ലക്ഷത്തോളം എത്തിയിരുന്നു) 2021 ഇവോക്കിൻ്റെ ഡെലിവെറികളും ആരംഭിച്ചുകഴിഞ്ഞു.

2021 റേഞ്ച് റോവർ ഇവോക്ക്: മാറ്റങ്ങൾ എന്തെല്ലാം?

2020ൽ വിപണിയിലെത്തിയ രണ്ടാം തലമുറ ഇവോക്കിൻ്റെ ഏതാണ്ടെല്ലാ കാര്യങ്ങളും 2021 മോഡലിലും നിലനിർത്തിയിട്ടുണ്ട്. ഡിസൈനിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഇപ്പോഴും എസ്, എസ്ഇ ആർ-ഡൈനാമിക്ക് എന്നീ ട്രിമ്മുകളുണ്ട്, ഇവ തമ്മിൽ വലിയ വ്യത്യാസങ്ങളും നിലനിൽക്കുന്നുണ്ട്.

പുറംകാഴ്ചയിൽ റേഞ്ച് റോവർ വെലാറിനോട് സാദൃശ്യങ്ങളേറെയാണ് പുത്തൻ ഇവോക്കിന്. പ്രധാന ഡിസൈൻ പ്രത്യേകതകളായി നിൽക്കുന്നത് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുത്തൻ ടെയിൽ ലാമ്പുകൾ, വലിയ 18 ഇഞ്ച് വീലുകൾ, വാഹനം അൺലോക്ക് ചെയ്താൽ മാത്രം പുറത്തേക്കുവരുന്ന ‘ഫ്ലഷ് ഡോർ ഹാൻഡിലുകൾ’ എന്നിവയാണ്.

2021 Range Rover Evoque Interior India

ആദ്യ തലമുറ വാഹനത്തിൽ നിന്നും വലിയ മുന്നേറ്റങ്ങളാണ് ക്യാബിനിൻ്റെ കാര്യത്തിൽ രണ്ടാം തലമുറ ഇവോക്കിൽ സംഭവിച്ചത്. ഉള്ളിലെ ഏതാണ്ടെല്ലാ കാര്യങ്ങളും ഉടച്ചുവാർത്തുകൊണ്ടാണ് 2020 ഇവോക്ക് എത്തിയത്. 360 ഡിഗ്രി ക്യാമറ, ക്ലിയർ സൈറ്റ് റിയർ വ്യൂ മിറർ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, 10 ഇഞ്ചു വീതമുള്ള രണ്ട് ടച്ച്സ്ക്രീനുകൾ, ഏറ്റവും പുതിയ പിവി പ്രൊ ഇൻഫൊടെയ്ന്മെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, എന്നിങ്ങനെ മുൻപ് കണ്ടിട്ടില്ലാത്ത പല ഫീച്ചറുകളും 2020ൽ ഇറങ്ങിയ ഇവോക്കിലുണ്ടായിരുന്നു. ഇവയെല്ലാം 2021 മോഡലിലും നിലനിർത്തിയിട്ടുണ്ട്. മാത്രമല്ല, ഈ വാഹനത്തിലെ ഒരേയൊരു മാറ്റവും ഉള്ളത് ക്യാബിനിൽ തന്നെയാണ്. 2021 ഇവോക്കിനുള്ളത് ഡീപ്പ് ഗാർനെറ്റ്/എബണി എന്ന പുത്തൻ ക്യാബിൻ കളർ സ്കീം ആണ്. ഇതാദ്യമായാണ് ഇവോക്കിൽ ഈ നിറങ്ങൾ എത്തുന്നത്.

ഏറ്റവും പുതിയ ഇൻജീനിയം എൻജിനുകൾ

‘2021 റേഞ്ച് റോവർ ഇവോക്കിലുള്ളത് ഏറ്റവും പുതിയ 2.0 ലിറ്റർ പെട്രോൾ, ഡീസൽ ഇൻജീനിയം എൻജിനുകളാണ്. ഇവോക്ക് എസ് ഡീസൽ എൻജിനുമായി എത്തുമ്പോൾ എസ്ഇ ആർ ഡൈനാമിക്ക് എത്തുക പെട്രോൾ എൻജിനുമായി മാത്രമാവും. 247 hp കരുത്തും 365 Nm ടോർക്കും ഉണ്ടാക്കുന്നതാണ് പെട്രോൾ എൻജിനെങ്കിൽ 2.0 ലിറ്റർ ഡീസലിൻ്റെ കരുത്ത് 201 എച്ച്‌പിയും ടോർക്ക് 430 ന്യൂട്ടൺ മീറ്ററുമാണ്. 9 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും ഫോർ വീൽ ഡ്രൈവും മറ്റു പ്രത്യേകതകളാണ്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: 2021 Range Rover Evoque launched in India from 64.12 lakh

2021 Range Rover Evoque India

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...