Toyota

കൂടുതൽ കരുത്തനായി പുത്തൻ ഫോർച്യൂണർ എത്തി, സ്റ്റൈലിഷ് അർബൻ എസ്‌യുവി ആയി ലെജൻഡർ

കാലികമായ മാറ്റങ്ങളുമായി എത്തുന്ന 2021 ഫോർച്യൂണറിന്റെ ഏറ്റവും ഉയർന്ന വകഭേദമായാണ്‌ ലെജൻഡറിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്

ടൊയോട്ട ഇന്ത്യ തങ്ങളുടെ 2021 ആരംഭിച്ചിരിക്കുന്നത് രണ്ട് തകർപ്പൻ ലോഞ്ചുകളോടെയാണ്‌. ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറിന്റെ 2021 മോഡലും ലെജൻഡർ എന്ന ടോപ്പ് സ്പെക്ക് അർബൻ SUVയുമാണ്‌‌ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. എക്വിപ്മെന്റ് നിരയിലും എൻജിന്റെ ട്യൂണിങ്ങിലുമൊക്കെ കാര്യമായ മാറ്റങ്ങളുള്ള പുത്തൻ ഫോർച്യൂണറിന്‌ മുൻമോഡലിനേക്കാൾ വിലയും കൂടുതലാണ്‌. 29.98 ലക്ഷം എന്ന ബേസ് മോഡലിന്റെ വില പ്രീ ഫേസ്‌ലിഫ്റ്റ് വാഹനത്തിന്റെ ആരംഭ വിലയേക്കാൾ ഏതാണ്ട് 1.32 ലക്ഷത്തോളം കൂടുതലാണ്‌.

2009ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മുതൽ ഇന്ത്യക്കാരുടെ പ്രിയ എസ്‌യുവിയാണ്‌ ഫോർച്യൂണർ. ഒരുപക്ഷേ ഇന്ത്യയിൽ ഫുൾ സൈസ് എസ്‌യുവി ട്രെൻഡ് കൊണ്ടുവന്നതേ ഈ വാഹനമാവും. പല കാലങ്ങളിലായി ഫോർച്യൂണറിനു പല ഫേസ്‌ലിഫ്റ്റുകളും ജനറേഷൻ അപ്ഡേറ്റുകളുമൊക്കെ ഉണ്ടായിട്ടുണ്ട്, അവയൊക്കെയും നാം രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഏതാണ്ട് 1,70,000ൽ അധികം ഫോർച്യൂണറുകളാണ്‌ ഇന്നോളം ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുള്ളത്. ഫോർഡ് എൻഡേവറും, മഹീന്ദ്ര ഓൾട്യൂറാസ് ജി4ഉം എംജി ഗ്ളൊസ്റ്ററുമടക്കം അനേകം കരുത്തന്മാർ വിഹരിക്കുന്ന ഇന്നത്തെ ഫുൾ സൈസ് എസ്‌യുവി മാർക്കറ്റിന്റെ 53 ശതമാനത്തോളം കയ്യാളുന്നത് ഫോർച്യൂണർ തന്നെയാണ്‌.

ഫോർച്യൂണർ എന്ന ബ്രാൻഡിന്റെ പാരമ്പര്യം അതേപടി ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ്‌ 2021 മോഡലും എത്തുന്നത്. പ്രീ ഫേസ്‌ലിഫ്റ്റ് മോഡലിനോട്‌ വളരെ അധികം രൂപസാദൃശ്യങ്ങളുണ്ട് പുത്തൻ വാഹനത്തിന്. ആകെ രൂപത്തിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും വലുപ്പം കൂട്ടിയ മുൻ ഗ്രിൽ, റീഡിസൈൻ ചെയ്ത ബമ്പറുകൾ, LED ലൈൻ ഗൈഡുകളോടും ഡേ ടൈം റണ്ണിംഗ് ലാമ്പുകളോടുംകൂടിയ പുത്തൻ ഹെഡ്‌ലാമ്പുകൾ, പുത്തൻ മൾട്ടി ആക്സിസ് സ്പോക്ക് അലോയ് വീലുകൾ എന്നിവയൊക്കെ ഡിസൈന്‌ പുതുമ സമ്മാനിക്കും. കൂടാതെ, നിലവിലുള്ള ബോഡി കളറുകൾക്കു പുറമെ സ്പാർക്ക്ളിംഗ് ബ്ലാക്ക് ക്രിസ്റ്റൽ ഷൈൻ എന്ന പുത്തൻ നിറവും 2021 ഫോർച്യൂണറിനുണ്ട്.

പുത്തൻ ഫോർച്യൂണറിന്റെ ക്യാബിനിലും എക്വിപ്മെന്റ് നിരയിലും അനിവാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വെന്റിലേറ്റഡ് മുൻസീറ്റുകൾ, ആപ്പിൾ കാർപ്ലേ/ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റികളുള്ള പുത്തൻ സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സംവിധാനം, തിരഞ്ഞെടുക്കാവുന്ന ഇന്റീരിയർ നിറങ്ങൾ, 11 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം എന്നിങ്ങനെ കാലികമായ പല ഫീച്ചറുകളുമുണ്ട് ഈ വാഹനത്തിൽ.

മുൻ മോഡലിൽ ഉണ്ടായിരുന്ന 2.7 ലിറ്റർ പെട്രോൾ, 2.8 ഡീസൽ എൻജിനുകൾ തന്നെയാണ്‌ പുത്തൻ ഫോർച്യൂണറിനുമുള്ളത്. എന്നാൽ ഇവയുടെ ട്യൂണിങ്ങിൽ വ്യത്യാസങ്ങളുള്ളതിനാൽ കരുത്തിൽ കാര്യമായ വർദ്ധനവുണ്ട്. പെട്രോൾ എൻജിൻ മോഡലിന്‌ 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 5 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ ഉണ്ട്. ഡീസൽ മോഡൽ എത്തുക 6 സ്പീഡ് ഓട്ടോമാറ്റിക്കും 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായാവും. ഓട്ടോമാറ്റിക്ക് മോഡലുകൾക്ക് 204 എച്ച് പി കരുത്തും 500 ന്യൂട്ടൺ മീറ്റർ ടോർക്കുമാണുള്ളത്. മാനുവലിൽ കരുത്തിനു മാറ്റമില്ലെങ്കിലും ടോർക്ക് 420 ന്യൂട്ടൺ മീറ്ററായി ചുരുങ്ങുന്നുണ്ട്.

ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന്‌ ഡ്രൈവിംഗ് മോഡുകൾ ഉള്ളത് ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കും. ഇതോടൊപ്പം വേരിയബിൾ ഫ്ലോ കൺട്രോൾ സംവിധാനത്തോടുകൂടിയ സ്റ്റിയറിംഗ് ആയതിനാൽ ഓരോ മോഡിനും അനുസരിച്ച് സ്റ്റിയറിങ്ങിന്റെ വെയ്റ്റും റെസ്പോൺസുമൊക്കെ മാറ്റുകയുമാവാം.

പഴയ വാഹനത്തിനുണ്ടായിരുന്ന ഓഫ് റോഡിംഗ് പ്രാവീണ്യം പുത്തൻ മോഡലിലും നിലനിർത്തിയിട്ടുണ്ട്. ഡീസൽ മോഡലിൽ മാത്രമാണ്‌ 4WD ലഭ്യമാവുക. ഫോർ വീൽ ഡ്രൈവ് മോഡൽ ഓട്ടോമാറ്റിക്ക്, മാനുവൽ ഗിയർബോക്സുകളിൽ ലഭ്യമാവും. ലോക്കബിൾ ഡിഫറൻഷ്യലും, ഓട്ടോ ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യലും ഉള്ളത് ഓഫ് റോഡിംഗ് വേളകളിൽ കൂടുതൽ ആത്മവിശ്വാസമേകും.

29.98 ലക്ഷം മുതൽ 31.57 ലക്ഷം വരെയാണ്‌ പെട്രോൾ ഫോർച്യൂണറിന്റെ എക്സ്‌ ഷോറൂം വില. ഡീസൽ മോഡലുകൾക്കാവട്ടെ ഇത് 32.48-37.43 ലക്ഷം രൂപയാണ്‌.

ടൊയോട്ട ലെജൻഡർ

ടൊയോട്ട ലെജൻഡർ (അല്ലെങ്കിൽ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ) ഇന്ത്യക്ക് തീർത്തും ഒരു പുതുമുഖമാണ്‌. ലളിതമായി പറഞ്ഞാൽ നാഗരികരായ ഉപഭോക്താക്കളെ ഉന്നം വച്ചുള്ള ഒരു അർബൻ എസ്‌യുവി ആണ്‌ ലെജൻഡർ, മറ്റൊരു തരത്തിൽ പറഞ്ഞാൽ നഗരങ്ങൾക്കായുള്ള ഫോർച്യൂണർ. അതുകൊണ്ടു തന്നെ അടിസ്ഥാന രൂപഭാവങ്ങളിൽ ഒരു ഫോർച്യൂണറായി തുടരുമ്പോഴും നാഗരിക സംസ്കാരത്തിന്‌ ആവശ്യമായ പല മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമുണ്ട് ലെജൻഡറിൽ. ആകെ ഡിസൈനിലെ ഷാർപ്പ്നെസ്സും, ഡ്യുവൽ ടോൺ പെയിന്റ് സ്കീമും, കൂടുതൽ ഷാർപ്പ് ആയ ഹെഡ്‌ലാമ്പ് ഡിസൈനും വ്യത്യസ്തമായ ബമ്പർ ഡിസൈനും, സ്പ്ളിറ്റ് ക്വാഡ് LED ഹെഡ്‌ലാമ്പുമൊക്കെ പുറംകാഴ്ചയിൽ ലെജൻഡറിനെ വേറിട്ടു നിർത്തും. കൂടാതെ, 18 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകൾ, ടെയിൽ ഗേറ്റിനുള്ള കിക്ക് സെൻസർ പോലുള്ള ചില്ലറ കിടുവടികൾ വേറെയുമുണ്ട്. പേൾ വൈറ്റ്-ബ്ലാക്ക് ഡ്യുവൽ ടോൺ പെയിന്റ് സ്കീമിൽ മാത്രമാവും ലെജൻഡർ ലഭ്യമാവുക.

ഉള്ളിൽ ശ്രദ്ധിക്കുക സ്റ്റിയറിംഗ് വീൽ, കൺസോൾ ബോക്സ് എന്നിവയ്ക്കുള്ള കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങും കറുപ്പും മെറൂണും ഇടകലർന്ന ഡ്യുവൽ ടോൺ തീമും ആവും. ഫോർച്യൂണറിൽ കണ്ട ഫീച്ചറുകൾക്കു പുറമെ വയർലെസ് ചാർജർ പോലുള്ള സംവിധാനങ്ങൾ ലെജൻഡറിൽ അധികമായുണ്ട്.

2.8 ഡീസൽ എൻജിനും 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും മാത്രമാണ്‌ ലെജൻഡറിനുണ്ടാവുക. ഫോർ വീൽ ഡ്രൈവ് സംവിധാനമോ ലോക്കബിൾ ഡിഫറൻഷ്യലോ ഈ വാഹനത്തിൽ ലഭ്യമല്ല. ഫോർച്യൂണറിന്റെ വില അവസാനിക്കുന്നിടത്താണ്‌ ടൊയോട്ട ലെജൻഡറിനെ പ്ലേസ് ചെയ്തിരിക്കുന്നത്. 37.58 ലക്ഷമാണ്‌ ഈ വാഹനത്തിന്റെ എക്സ്‌ ഷോറും വില.

Summary: Toyota Legender 2021 Toyota Fortuner facelift launched in India

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...