Honda

2022 Honda Civic | വമ്പൻ മാറ്റങ്ങളുമായി പുതിയ സിവിക്ക്, കൂടുതൽ അറിയാം…

അനവധി മാറ്റങ്ങളുമായി എത്തുന്ന പതിനൊന്നാം തലമുറ ഹോണ്ട സിവിക്കിനെപ്പറ്റി അറിയേണ്ടതെല്ലാം…

കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസർ ചിത്രങ്ങൾക്കു പിന്നാലെ ഹോണ്ട 2022 മോഡൽ സിവിക്കിനെ ആഗോള വിപണിയിൽ അവതരിപ്പിച്ചു. അടിമുടി മാറ്റങ്ങളുമായി എത്തുന്നത് സിവിക്കിന്റെ 11ആം തലമുറയാണ്‌. കൂടുതൽ വലുപ്പവും, അനേകം പുത്തൻ ഫീച്ചറുകളുമായി എത്തുന്ന പുത്തൻ സിവിക്ക് അമേരിക്കൻ വിപണിയിൽ നാലു വേരിയന്റുകളിലാവും ലഭ്യമാവുക – LX, Sport, EX, Touring.

Design

2020 നവമ്പറിൽ അവതരിപ്പിക്കപ്പെട്ട പ്രോട്ടോട്ടൈപ്പിനോട്‌ വളരെ അധികം സാമ്യമുള്ളതാണ്‌ പുത്തൻ സിവിക്കിന്റെ ഡിസൈൻ. കൺസപ്റ്റിന്റെ അതേ ബോഡി ലൈനുകളും മടക്കുകളുമൊക്കെയാണ്‌ പ്രൊഡക്ഷൻ മോഡലിനുമുള്ളത്. മുൻ മോഡലിനെ അപേക്ഷിച്ച് കുറച്ചുകൂടി പക്വത തോന്നിക്കുന്ന രൂപമാണ്‌ പുത്തൻ സിവിക്കിൻ്റേത്. പുത്തൻ വാഹനത്തിനും വളരെ താഴ്ന്ന് വീതിയേറിയ സ്റ്റാൻസ് തന്നെയാണുള്ളത്.

2022 Honda civic stance

പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ ആയി പറയാവുന്നത് വീതി കുറഞ്ഞ് ഭംഗിയുള്ള ഹെഡ്‌ലാമ്പുകൾ, വലുപ്പം കുരഞ്ഞ ഗ്രിൽ, രൂപമാറ്റം വരുത്തിയ മുൻ ബമ്പർ, ഫോഗ് ലാമ്പുകൾ, LED ഘടകങ്ങളുള്ള ടെയിൽ ലാമ്പ്, സ്റ്റൈലിഷായ പിൻ ബമ്പർ എന്നിവയാണ്‌. വശങ്ങളിൽ നിന്നു നോക്കുമ്പോൾ മുൻമോഡലിലേതുപോലുള്ള കൂപ്പെ ഡിസൈൻ അല്ല, മറിച്ച് ഒരു പരമ്പരാഗത സെഡാന്റെ രൂപമാണ്‌ പുതിയ സിവിക്കിനുള്ളത്.

തന്റെ മുൻഗാമിയിൽ നിന്നും ഭിന്നമായി ഒരു പുതുപുത്തൻ പ്ലാറ്റ്ഫോമിലാണ്‌ 2022 സിവിക്ക് നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ ദൃഢതയുള്ള ഈ പ്ലാറ്റ്ഫോമിന്‌ മുൻ മോഡലിന്റേതിനേക്കാൾ 36 മില്ലിമീറ്ററോളം നീളക്കൂടുതലുണ്ട്. വാഹനം 16,17, 18 ഇഞ്ച് വീലുകളോടെ ലഭ്യമാവും. പിൻവീലുകളുടെ ട്രാക്കിൽ (ഒരേ ആക്സിലിലെ വീലുകൾക്ക് ഇടയിലുള്ള ദൂരം) വർദ്ധനവുണ്ട്, അതുപോലെ തന്നെ സസ്പെൻഷനിലും കാര്യമായ മെച്ചപ്പെടുത്തലുകൾ സംഭവിച്ചിട്ടുണ്ട്.

2022 Honda civic cabin

Interior

ഹോണ്ട മുൻപ് പുറത്തുവിട്ട രേഖാ ചിത്രങ്ങളിൽ കണ്ട അതേ ക്യാബിൻ ഡിസൈനാണ്‌ പുത്തൻ സിവിക്കിനുമുള്ളത്. താഴ്ന്ന് ഇരിക്കുന്നതെന്നു തോന്നിക്കുന്ന ഡാഷ്ബോർഡിന്റെ രൂപം മനോഹരമാണ്‌. ഡാഷിന്റെ രണ്ടറ്റങ്ങളെ കൂട്ടി മുട്ടിച്ചുകൊണ്ട് നിലകൊള്ളുന്ന ഹണികോംബ് ഡിസൈനുള്ള ഭാഗത്തിലാണ്‌ എസി വെന്റുകൾ ഉള്ളത്, വളരെ സുന്ദരമായ ഒരു കാഴ്ചയാണിത്. ക്ലൈമറ്റ് കൺട്രോളിന്റെ നിയന്ത്രണങ്ങൾ ഫിസിക്കൽ സ്വിച്ചുകളും നോബുകളും ആണെന്നത് വലിയ ഒരു ആശ്വാസമായി തോന്നും.

7 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ- അനലോഗ് ഡയൽ കോംബോ ക്ലസ്റ്ററും 10.2 ഇഞ്ച് ഫുള്ളി ഡിജിറ്റൽ LCD ഇൻസ്ട്രമെന്റേഷനും പുത്തൻ വാഹനത്തിൽ ലഭ്യമാണ്‌. പല വേരിയന്റുകളിലായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സംവിധാനങ്ങളോടുകൂടിയ 7.0 ഇഞ്ച്, 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റങ്ങളുമുണ്ട്. ഉയർന്ന വേരിയന്റുകളിലെ 12 സ്പീക്കറുകളോടുകൂടിയ ബോസിന്റെ പ്രീമിയം ഓഡിയോ സിസ്റ്റം സിവിക്കിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്‌.

2022 Honda civic

Specifications

രണ്ട് എൻജിനുകളാണ്‌ 2022 മോഡൽ സിവിക്കിന്‌ ഉണ്ടാവുക: 160 hp കരുത്തുള്ള 2.0 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും 182 hp നല്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും. ട്രാൻസ്മിഷന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പ്ലാറ്റ്ഫോമിലും സസ്പെൻഷനിലും സംഭവിച്ച മാറ്റങ്ങൾക്കു പുറമെ സ്റ്റിയറിങ്ങും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ടയുടെ ഏറ്റവും പുതിയ ഇരട്ട എയർബാഗ് സംവിധാനം , ABS, ട്രാഫിക്ക് ജാം അസിസ്റ്റ്, ഫാൾസ് സ്റ്റാർട്ട് പ്രിവൻഷൻ സിസ്റ്റം, സ്പീഡ് ബ്രേക്കിംഗ് കൺട്രോൾ എന്നിവയൊക്കെയാണ്‌ പുത്തൻ സിവിക്കിലെ സുരക്ഷാസംവിധാനങ്ങൾ.

2022 Honda civic

India Launch?

വില്പന കുറവായതിനെ തുടർന്ന് പത്താം തലമുറ സിവിക്കിനെയും CR-Vയെയും ഹോണ്ട കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നും പിൻവലിച്ചിരുന്നു. ജാസ്, WRV, അമെയ്സ്, സിറ്റി പോലുള്ള മാസ് മാർക്കറ്റ് വാഹനങ്ങളിലാണ്‌ ഇവർ ഇപ്പോൾ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പതിനൊന്നാം തലമുറയുടെ രൂപത്തിൽ സിവിക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. എന്തായാലും അത് സംഭവിക്കട്ടെ എന്നു തന്നെയാണ്‌ വാഹനപ്രേമികളുടെ പ്രാർത്ഥന…

English Summary: 2022 Honda Civic unveiled for North America, Gets multiple changes

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...