Mahindra

2020 മഹീന്ദ്ര ഥാറിനു നല്കാൻ ഇതാ 4 പുത്തൻ ഗ്രിൽ ഡിസൈനുകൾ !

വാഹനപ്രേമികൾക്കിടയിൽ പുത്തൻ മഹീന്ദ്ര ഥാർ ചർച്ചാവിഷയമാവുമ്പോൾ പ്രസ്തുത വാഹനത്തിനായി ഞങ്ങൾ തയ്യാറാക്കിയ നാല്‌ ആഫ്റ്റർ മാർക്കറ്റ് ഗ്രിൽ ഡിസൈനുകൾ കാണാം…

വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ രണ്ടാം തലമുറ മഹീന്ദ്ര ഥാർ എത്തിയിട്ട് 24 മണിക്കൂർ പോലുമായിട്ടില്ല. ഈ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വാഹനപ്രേമികൾക്കിടയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്‌ പുത്തൻ ഥാർ. എങ്ങും ഇവനെപ്പറ്റിയുള്ള ചർച്ചകളാണ്‌. ജീപ്പ് റാംഗ്ലർ എന്ന വന്മരത്തിന്റെ ഛായ നന്നായുള്ള ഥാറിന്റെ ഗുണഗണങ്ങളുടെ വർണ്ണനകളാണ്‌ എവിടെയും. എന്നാൽ ആരാധകർ ഉൾപ്പെടെ ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്, പുത്തൻ ഥാറിന്റെ ഗ്രില്ലിന്‌ ഭംഗി പോരായെന്ന്. ജനങ്ങളുടെ ഈ പരാതി കണക്കിലെടുത്ത് ഞങ്ങൾ ഥാറിന്റെ മുൻഭാഗം ഒന്നു പുനരാവിഷ്കരിക്കുവാൻ ശ്രമിക്കുകയുണ്ടായി. അങ്ങനെ തയ്യാറാക്കിയ ചിത്രങ്ങളാണ്‌ ചുവടെ.

2020 Mahindra Thar Modification

മുകളിലെ ചിത്രം നോക്കുക. വളരെ പതിഞ്ഞ രൂപമുള്ള മുൻഭാഗമാണ്‌ ഇവിടെ. ഞങ്ങൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ ഒരു ചിത്രം കൂടിയാണിത്. ജീപ്പിന്റെ വിഖ്യാതമായ 7 സ്ലോട്ട് ഗ്രില്ലിനെ ദീർഘചതുരാകൃതിയിൽ ആക്കി, വലുപ്പം കുറച്ച്, കറുപ്പ് ഫൈബറിൽ പൊതിഞ്ഞ് നല്കിയിരിക്കുന്നു. പലർക്കും ഈ ഡിസൈൻ ഇഷ്ടമായെന്നു വരില്ല, എങ്കിലും സ്റ്റോക്ക് ഗ്രില്ലിന്റെ വലുപ്പത്തിന്റെ വൃത്തികേട്‌ ഇത് മാറ്റുന്നുണ്ട്.

2020 Mahindra Thar Modification

അമേരിക്കയിൽ ജീപ്പിന്റെ ഉടമസ്ഥരായ ഫിയറ്റ് ക്രൈസ്‌ലർ മഹീന്ദ്രയെ പുലിവാൽ പിടിപ്പിച്ച കഥ അറിഞ്ഞിരിക്കുമല്ലോ. തീവ്ര ഓഫ്‌റോഡ് സ്വഭാവമുള്ള, നമ്മുടെ ഥാറിനെ ആധാരമാക്കിയുള്ള റോക്സോർ എന്ന കുഞ്ഞൻ വാഹനത്തെ മഹീന്ദ്ര അവിടെ അവതരിപ്പിക്കുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധ കാലത്തെ വില്ലീസ് പാരമ്പര്യത്തെ കുറിക്കുന്ന തരം 7 സ്ലോട്ട് ഗ്രില്ലായിരുന്നു ആദ്യകാല റോക്സോറിനുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ ഥാറിന്റെ ബാല്യകാലം എന്നു തോന്നും. റോക്സോറിന്റെ ഈ ഡിസൈൻ ശൈലിക്ക് എതിരെ ജീപ്പ് പേറ്റന്റ് ലംഘനത്തിനു കേസ് കൊടുക്കുകയുണ്ടായി. കേസും കൂട്ടവും ഏറെനാൾ നീണ്ടെങ്കിലും ഒടുവിൽ മഹീന്ദ്ര തന്നെ തോറ്റു. അങ്ങനെ റോക്സോറിന്റെ മുൻഭാഗം അവർ അടിമുടി പുനർരൂപകല്പന ചെയ്തു. അങ്ങനെ എത്തിയ പുത്തൻ റോക്സോറിന്റെ ഗ്രില്ലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടുള്ളതാണ്‌ മുകളിലെ ഡിസൈൻ. ഥാറിനെയും റോക്സോറിനെയും കൂട്ടി കലർത്തിയപ്പോൾ എവിടെയൊക്കെയോ ഒരു ടൊയോട്ട എഫ്‌ ജെ ക്രൂസർ ഛായ നിഴലിക്കുന്നുണ്ടോ? ആവോ…

2020 Mahindra Thar Modification

ഇനി അടുത്തത്. ജീപ്പ് റാംഗ്ലറിന്റെ ഗ്രില്ലിനെ കറുപ്പിൽ പൊതിഞ്ഞ്, ചെറുതാക്കി അവതരിപ്പിച്ചുകൊണ്ടുള്ളതാണ്‌ ഇത്. മഹീന്ദ്രയുടെ ചില പഴയകാല മോഡലുകളെ ഓർമ്മിപ്പിക്കുന്നുണ്ടോ ഈ ചിത്രം? എന്തായാലും ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമായത് ഈ ഡിസൈൻ തന്നെയാണ്‌.

2020 Mahindra Thar Modification

ഇനി നാലാമത്തേതും അവസാനത്തേതുമായ ഡിസൈൻ നോക്കുക. ഇന്ത്യയിൽ വലിയ ഒരു ആരാധകനിര തന്നെ ഉണ്ടായിരുന്ന വാഹനങ്ങളിൽ ഒന്നായിന്നു മഹീന്ദ്ര അർമാഡ. അർമാഡയുടെ മുൻഭാഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ളതാണ്‌ ഈ ഡിസൈൻ. പുത്തൻ ഥാറിന്റെ, റാംഗ്ലറിനു സമാനമായ ഒഴുക്കൻ ബോണറ്റിനെ കുറച്ചുകൂടി കുത്തനെയുള്ളതും പൗരുഷം തുളുമ്പുന്നതും ആക്കി മാറ്റിയിരിക്കുന്നു ഈ സ്കെച്ചിൽ.

ഈ ഡിസൈനുകളെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട്‌ എന്താണ്‌? ഇവയിൽ ഏതാണ്‌ നിങ്ങളുടെ ഇഷ്ട ചിത്രം?

ALSO READ:

English Summary: Mahindra Thar 2020 Modification | 4 new Grill design ideas

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...