Cars

പത്തു ലക്ഷത്തിനു വാങ്ങാൻ സൺറൂഫുള്ള 8 വാഹനങ്ങൾ

10 ലക്ഷത്തിനു താഴെ വിലവരുന്ന സൺറൂഫ് ഉള്ള 8 വാഹനങ്ങളെ പരിചയപ്പെടാം…

വാഹനങ്ങൾ കേവലം യാത്രാ ഉപാധികളിൽ നിന്നും ‘ലിവിംഗ് സ്പേസുകൾ’ ആയി മാറുകയാണ്‌. ഒരു നിത്യോപയോഗ വസ്തു ആയതുകൊണ്ട് വാഹനത്തിൽ നാം ചിലവഴിക്കുന്ന സമയം നമുക്ക് ആസ്വദിക്കാനാവണം, കാറിന്റെ ക്യാബിൻ നമുക്കു നൽകുന്ന അനുഭവം പ്രസന്നമായിരിക്കണം. ഈ ഉദ്ദേശത്തോടെയാണ്‌ വാഹന നിർമ്മാതാക്കൾ ‘ടൺ കണക്കിനു ഫീച്ചറുകൾ’ തങ്ങളുടെ മോഡലുകളിൽ കുത്തി നിറയ്ക്കുന്നത്. ഇവയിൽ പലതും പല കാലങ്ങളിലും വമ്പൻ ട്രെൻഡുകളായി മാറാറുണ്ട്. പിൻ എസി വെന്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം എന്നിവയൊക്കെ ഇത്തരത്തിൽ വലിയ ജനപ്രീതി ആർജ്ജിച്ച ഫീച്ചറുകളാണ്‌. ഇന്ന് ആളുകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, അല്ലെങ്കിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ഫീച്ചറാണ് സൺറൂഫ്.

ഇന്ത്യക്കാർക്ക് സൺറൂഫെന്നു വെച്ചാൽ ജീവനാണ്‌. റൂഫിലെ ചില്ലു ജാലകത്തോടുള്ള ഈ ഭ്രമം മനസിലാക്കി പല വാഹന കമ്പനികളും വിലകുറഞ്ഞ മോഡലുകളിൽ പോലും ഇപ്പോൾ (ഒരുകാലത്ത് ആഡംബരമായി നിന്നിരുന്ന) സൺറൂഫ് നൽകുന്നുണ്ട്. പത്തു ലക്ഷത്തിനു താഴെ വിലയുള്ള, സൺറൂഫുമായി എത്തുന്ന 8 വാഹനങ്ങളെ പരിചയപ്പെടാം.

tata nexon xm S
Tata Nexon

ടാറ്റ നെക്സോൺ XM (S)

ഇന്ത്യക്കാരുടെ സൺറൂഫ് പ്രേമത്തെ ഏറ്റവും നന്നായി മനസിലാക്കിയത് ടാറ്റയാണ്‌. വമ്പിച്ച വില്പനയുള്ള നെക്സോണിൽ ആദ്യകാലത്ത് ഒപ്ഷണൽ ആക്സസറി ആയി മാത്രമാണ്‌ സൺറൂഫ് എത്തിയിരുന്നത്. എന്നാൽ ഫേസ്‌ലിഫ്റ്റ് വന്നപ്പോൾ ഉയർന്ന വേരിയന്റുകളിൽ ഇത് സ്റ്റാൻഡേർഡായി എത്തിത്തുടങ്ങി. XZ Plus S, XZA Plus S എന്ന ഈ വേരിയന്റുകളുടെ വില പക്ഷേ 10 ലക്ഷത്തിനു മുകളിലായിരുന്നു. പിന്നീട്‌ സൺറൂഫ് എന്ന ‘ആഡംബരത്തെ’ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെ 2020 സെപ്തംബറിൽ നെക്സോണിന്റെ XM (S) വേരിയൻ്റ് ഇറങ്ങി.

നെക്സോൺ XM (S)-ൽ സൺറൂഫ് ഒഴികെ മറ്റു ഫീച്ചറുകളെല്ലാം XM നു സമാനമാണ്‌. പെട്രോൾ , ഡീസൽ എൻജിനുകളിൽ ലഭ്യമാവുന്ന നെക്സോൺ XM (S) ആണ്‌ ഇപ്പോഴും ഇന്ത്യയിലെ സൺറൂഫുള്ള ഏറ്റവും വിലകുറഞ്ഞ വാഹനം. 8.67 ലക്ഷമാണ്‌ പെട്രോൾ മാനുവൽ XM (S)ന്റെ കൊച്ചി എക്സ് ഷോറൂം വില. (സൺ റൂഫ് ഇല്ലാത്ത XM വേരിയന്റിനേക്കാൾ 52,000 രൂപ കൂടുതൽ.) ഡീസൽ എൻജിനുള്ള XM (S)നു എക്സ് ഷോറൂം വില 9.99 ലക്ഷമാണ്‌. AMT ഗിയർബോക്സുള്ള ഓട്ടോമാറ്റിക്ക് XMA (S) (പെട്രോൾ) വേരിയന്റിനു വില 9.35 ലക്ഷമാണ്‌.

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റൂഫ് റെയിലുകൾ, പൂർണ്ണമായും ഇലക്ട്രിക്കായ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, LED ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, ഇരട്ട എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ,ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകൾ. ഹിൽ അസിസ്റ്റ്, 2 DIN മ്യൂസിക് പ്ലെയർ, 4 സ്പീക്കർ ഹാർമൻ ഓഡിയോ, എന്നിവയാണ് മറ്റു പ്രത്യേകതകൾ

120 എച്ച്‌പി കരുത്തുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനും 110 എച്ച്‌പി. 1.5 ലിറ്റർ ഡീസൽ എൻജിനുമാണ്‌ നെക്സോണിനുള്ളത്.

വില: 8.67 ലക്ഷം മുതൽ

honda jazz ZX
Honda Jazz

ഹോണ്ട ജാസ് ZX

ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ ഫുൾ-ഒപ്ഷൻ ZX വേരിയന്റിൽ സൺറൂഫടക്കം പല തകർപ്പൻ ഫീച്ചറുകളുമുണ്ട്. ജാസിന്റെ സൺറൂഫ് വൺ-ടച്ച് ഓപ്പൺ/ക്ലോസ് സംവിധാനത്തോടുകൂടിയതാണ്‌. അതായത് തുറക്കാനും അടയ്ക്കാനും ഒരൊറ്റ തവണ അമർത്തിയാൽ മതി, അമർത്തിക്കൊണ്ടിരിക്കേണ്ടതില്ല. ജാസ് ZXൽ സൺറൂഫിനൊപ്പം ടച്ച് കൺട്രോളുകളോടുകൂടിയ ക്ലൈമറ്റ് കൺട്രോൾ, ക്രൂയ്സ് കൺട്രോൾ, 7 ഇഞ്ച് ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം എന്നിങ്ങനെ അനേകം ഫീച്ചറുകൾ വേറെയുമുണ്ട്. നിലവിൽ 1199 സിസി ഐ-വിടെക്ക് പെട്രോൾ എൻജിൻ മാത്രമാണ്‌ ജാസിലുള്ളത്. 9.09 ലക്ഷമാണ്‌ ജാസ് ZX ന്റെ കേരളത്തിലെ എക്സ് ഷോറൂം വില. സിവിടി ഗിയർബോക്സുള്ള ZX (O) വേരിയന്റിന്റെ എക്സ് ഷോറൂം വില 9.99 ലക്ഷമാണ്‌.

വില: 9.09 ലക്ഷം മുതൽ

honda WRV Vx
Honda WRV

ഹോണ്ട WRV VX

ജാസിനെ ആധാരമാക്കി നിർമ്മിച്ച ക്രോസോവറാണ്‌ WRV. ജാസിന്റെ പ്ലാറ്റ്‌ഫോമും എൻജിനുമൊക്കെയാണ്‌ ഈ വാഹനവും ഉപയോഗിക്കുന്നത്. ഇതിൻ്റെ വിഎക്സ് എന്ന മിഡ് സ്പെക്ക് വേരിയന്റാണ്‌ ഇന്ന് ഏറ്റവും അധികം വിറ്റഴിയുന്നത്. ഇതിൽ വൺ ടച്ച് ഓപ്പറേഷനോടുകൂടിയ സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം എന്നിങ്ങനെ അനവധി ഫീച്ചറുകളുണ്ട്. 9.93 ലക്ഷമാണ്‌ എക്സ് ഷോറൂം വില.

വില: 9.93 ലക്ഷം

Hyundai i20 Asta (O)

ഹ്യുണ്ടായ് ഐ20 Asta (O)

ഏറ്റവും പുതിയ ഹ്യുണ്ടായ് ഐ20 നല്ല ഒരു പാക്കേജാണ്‌. കാലികമായ അനവധി ഫീച്ചറുകളും മികച്ച ഒരു ഡ്രൈവ്‌ട്രെയിനുമൊക്കെ ഈ വാഹനത്തിനുണ്ട്. ആകെ മൂന്ന്‌ എൻജിനുകളും (1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ടർബോ പെട്രോൾ) നാലു ട്രാൻസ്മിഷനുകളുമാണ്‌ പുത്തൻ ഐ20ക്ക് ഉള്ളത്. ഈ മൂന്ന്‌ ഡ്രൈവ് ട്രെയിനുകളിലും മാഗ്ന, സ്പോർട്ട്സ്, ആസ്ത, ആസ്ത ഒപ്ഷണൽ എന്നീ വേരിയന്റുകളുണ്ട്. ഇവയിൽ ആസ്ത (O) എന്ന ടോപ്പ് വേരിയന്റിനു മാത്രമാണ്‌ സൺറൂഫുള്ളത്.

1.2 ലിറ്റർ പെട്രോൾ എൻജിനും മാനുവൽ ഗിയർബോക്സുമുള്ള ആസ്ത ഒപ്ഷണൽ വേരിയന്റിനു കേരളത്തിൽ വില 9.40 ലക്ഷമാണ്‌. ഡ്യുവൽ ടോൺ വേണമെങ്കിൽ 15000 അധികം നൽകേണ്ടിവരും (9.55 ലക്ഷം). ഈ രണ്ടു വേരിയന്റുകൾ മാത്രമാണ്‌ പത്തു ലക്ഷത്തിനുള്ളിൽ വാങ്ങാനാവുക. ടർബോ പെട്രോൾ, ഡീസൽ എൻജിനുകൾ ഉള്ള വേരിയന്റുകൾക്ക് 10.69 ലക്ഷം മുതൽ 11.42 ലക്ഷം വരെ വില വരും.

വില: 9.40 ലക്ഷം മുതൽ

mahindra xuv 300 W6

മഹീന്ദ്ര എക്സ്‌യുവി 300 W6

മഹീന്ദ്രയുടെ കോംപാക്ട് ഏസ്‌യുവിയായ എക്സ്‌യുവി 300ന്റെ ബേസ് വേരിയന്റ് ഒഴികെ എല്ലാ ട്രിമ്മുകളിലും സൺറൂഫ് സ്റ്റാൻഡേർഡായുണ്ട്. പെട്രോളിലും ഡീസലിലുമായി W4, W6, W8 എന്നിങ്ങനെ 3 ട്രിം ലെവലുകളാണുള്ളത്. ഇതിൽ ബേസ് സ്പെക്കായ W4ൽ ഒഴികെ ബാക്കി രണ്ട് ട്രിമ്മുകളിലും സൺറൂഫ് ലഭ്യമാണ്‌. എന്നാൽ 10 ലക്ഷത്തിനു താഴെ വില വരിക പെട്രോൾ എൻജിനോടുകൂടിയ ‘എക്സ് യുവി 300 W6 സൺറൂഫ്’ വേരിയന്റിനു മാത്രമാവും. 9.91 ലക്ഷമാണ്‌ ഈ വാഹനത്തിന് വില.

സൺറൂഫിനു പുറമെ ഇരട്ട എയർബാഗുകൾ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ എന്നിവയുമുണ്ട്. ഓട്ടോമാറ്റിക്ക് എസി (ക്ലൈമറ്റ് കൺട്രോൾ), പിൻ ഡീഫോഗർ, അലോയ് വീലുകൾ, പിൻ എസി വെന്റുകൾ എന്നിവയില്ല എന്നതും ശ്രദ്ധേയമാണ്‌.

വില: 9.91 ലക്ഷം

Ford Ecosport titanium
Ford Ecosport

ഫോർഡ് എക്കോസ്പോർട്ട് Titanium

കോംപാക്ട് എസ്‌യുവികൾക്കിടയിലെ താരമായ ഫോർഡ് എക്കോസ്പോർട്ടിൽ, ടൈറ്റാനിയം എന്ന മിഡ് സ്പെക് വേരിയൻ്റ് മുതൽ മുകളിലേക്ക് എല്ലാ ട്രിമ്മുകളിലും സൺറൂഫ് ലഭ്യമാണ്‌. ഇവയിൽ ടൈറ്റാനിയത്തിനു മാത്രമാണ്‌ 10 ലക്ഷത്തിൽ താഴെ വിലയുള്ളത്. 9.99 ലക്ഷമാണ്‌ പെട്രോൾ/ഡീസൽ എൻജിനുകളുള്ള എക്കോസ്പോർട്ട് ടൈറ്റാനിയത്തിന്റെ എക്സ് ഷോറൂം വില. പ്രസ്തുത വേരിയന്റിൽ സൺറൂഫിനു പുറമെ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, പിൻ പാർക്കിംഗ് സെൻസറുകൾ, നാവിഗേഷനോടുകൂടിയ 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് യൂണിറ്റ്, കീ ലെസ് എൻട്രി, എന്നിവയുമുണ്ട്. 1.5 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളാണ്‌ ഈ വാഹനത്തിനുള്ളത്.

വില: 9.99 ലക്ഷം

hyundai venue
Hyundai Venue

ഹ്യുണ്ടായ് വെന്യു SX

സബ് 4 മീറ്റർ എസ്‌യുവിയായ ഹ്യുണ്ടായ് വെന്യുവിന്റെ SX, SX (O), SX Plus Sport എന്നീ വേരിയന്റുകളിൽ സൺറൂഫ് ലഭ്യമാണ്‌. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളിൽ പ്രസ്തുത വേരിയന്റുകൾ ലഭ്യമാണ്‌. എന്നാൽ ഇവയുടെ കേരളത്തിലെ എക്സ് ഷോറൂം വിലകൾ 10 ലക്ഷത്തിനും മുകളിലാണ്‌. വെന്യു SX-നു (ഡീസൽ/ടർബോ പെട്രോൾ) 10.07 ലക്ഷമാണ്‌ വിലവരിക. അങ്ങനെ നോക്കുമ്പോൾ പത്തു ലക്ഷത്തിനു താഴെ സൺറൂഫുള്ള വെന്യു ഇല്ല എന്നു പറയേണ്ടിവരും.

വില: 10.07 ലക്ഷം

Kia sonet HTX
Kia Sonet

കിയ സോനറ്റ് HTX

ഹ്യുണ്ടായ് വെന്യുവിന്റെ കിയ വേർഷനാണ്‌ സോനറ്റ്. വെന്യുവിന്റെ അതേ എൻജിനും മറ്റു മെക്കാനിക്കൽ ഘടകങ്ങളുമുള്ള കിയയുടെ സബ്-4 മീറ്റർ എസ്‌യുവി. 2021 മോഡൽ എത്തിയപ്പോൾ സോനറ്റിന്റെ ഫീച്ചർ നിരയിൽ വലിയ അഴിച്ചുപണികൾ നടന്നിരുന്നു. ടെക് ലൈൻ, ജിടി ലൈൻ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ സോനറ്റ് ലഭ്യമാണ്‌. ടെക് ലൈനിൽ HTX നും ജിടി ലൈനിൽ GTX നുമാണ്‌ സൺറൂഫുള്ളത്. ടർബോ പെട്രോൾ എൻജിനും iMT ഗിയർബൊക്സുമുള്ള HTX ടർബോ വേരിയന്റിനു 9.99 ലക്ഷമാണ്‌ കേരളത്തിലെ എക്സ് ഷോറൂം വില. GTX മോഡലുകൾക്കു 11 ലക്ഷത്തിനും മുകളിലാണ്‌ വില.

വില: 9.99 ലക്ഷം

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

**ഇവിടെ പറഞ്ഞിരിക്കുന്ന വിലകളെല്ലാം കേരളത്തിലെ എക്സ് ഷോറൂം വിലകളാണ്‌, മറ്റു സംസ്ഥാനങ്ങളിലെ എക്സ് ഷോറൂം വിലകളിൽ നേരിയ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നപക്ഷം ഈ വിലകൾക്കു പുറമെ ടാക്സും ഇൻഷുറൻസും മറ്റു ചിലവുകളും അധികം പ്രതീക്ഷിക്കുക.

English Summary: 8 cars with sunroof under 10 lakh [July 2021]

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...