Audi

ഔഡി ഇ ട്രോണും സ്പോർട്ട്ബാക്കും എത്തി, വില 99.99 ലക്ഷം മുതൽ

ഇ ട്രോൺ 50, 55 എന്നീ വേരിയൻ്റുകളിൽ ലഭ്യമാവുമ്പോൾ ഇ ട്രോൺ സ്പോർട്ട്‌ബാക്കിനുള്ളത് കരുത്തേറിയ 55 വകഭേദം മാത്രമാണ്.

ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക്ക് വാഹനരംഗത്ത് തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് ജർമ്മൻ വാഹനനിർമ്മാതാക്കളായ ഔഡി. ഔഡിയുടെ ഇലക്ട്രിക്ക് വാഹനനിരയിലെ ഇ-ട്രോൺ, ഇ ട്രോൺ സ്പോർട്ട്ബാക്ക് എന്നീ മോഡലുകളെയാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇ ട്രോൺ എസ്‌യുവിയാണെങ്കിൽ ഇ ട്രോൺ സ്പോർട്ട്ബാക്ക് ഒരു എസ്‌യുവി കൂപ്പെയാണ് (എ7 സ്പോർട്ട്ബാക്കിനെ ഓർമ്മയില്ലേ?). ഇ ട്രോൺ എസ്‌യുവിക്ക് രണ്ട് വ്യത്യസ്ത പതിപ്പുകളുണ്ട്- ഇ ട്രോൺ 50, ഇ ട്രോൺ 55. ബാറ്ററിയിലും പെർഫോമൻസിലുമാണ് ഇവ തമ്മിലെ പ്രധാന വ്യത്യാസം. അത്യാകർഷകമായ വിലകളാണ് ഈ മൂന്നു വാഹനങ്ങൾക്കുമുള്ളത്. 99.99 ലക്ഷമാണ് ഇ ട്രോൺ 50യുടെ എക്സ് ഷോറൂം വില, അതായത് ഔഡിയുടെ ഇലക്ട്രിക്ക് നിരയുടെ പ്രാരംഭവില!

ഇ ട്രോൺ നിരയുടെ ബുക്കിങ്ങുകൾ കമ്പനി ഈയിടെ ആരംഭിച്ചിരുന്നു. ഔഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഡീലർഷിപ്പുകൾ മുഖാന്തരവും ഇവ ബുക്ക് ചെയ്യുവാനാകും, 5 ലക്ഷമാണ് ബുക്കിംഗ് തുകയായി നൽകേണ്ടത്. തങ്ങളുടെ ഇലക്ട്രിക്ക് വാഹനങ്ങൾക്കായി 75 നഗരങ്ങളിലായി നൂറോളം ചാർജറുകൾ സ്ഥാപിക്കുകയാണ് ഔഡി. തിരഞ്ഞെടുത്ത ഔഡി ഡീലർഷിപ്പുകളിലും 50 കിലോവാട്ട് ഡിസി ചാർജറുകൾ ഉണ്ടാവും, ഇവയുടെ സേവനം 2021ൽ ഇ-ട്രോൺ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭ്യമാവും. മാത്രമല്ല ഇക്കൊല്ലം വാഹനം സ്വന്തമാക്കുന്നവർക്ക് ഇ ട്രോണിനോടൊപ്പം ലഭിക്കുന്ന 11 കിലോവാട്ട് ചാർജർ കൂടാതെ ഒരു വാൾ ബോക്സ് ചാർജർ കൂടി സൗജന്യമായി ലഭ്യമാവും.

ഔഡി ഇ ട്രോൺ: അറിയേണ്ടതെല്ലാം

ഇ ട്രോൺ 50, ഇ ട്രോൺ 55 എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് ഔഡി ഇ ട്രോൺ എസ്‌യുവിക്കുള്ളത്. ബാറ്ററി കപ്പാസിറ്റിയിലാണ് പ്രധാന മാറ്റമെങ്കിലും ഇവയുടെ ഫീച്ചർ നിരയിലും ചില്ലറ വ്യത്യാസങ്ങളുണ്ട്.

ആകർഷകമായ ഡിസൈനാണ് ഇ ട്രോണിനുള്ളത്. പ്രധാന പ്രത്യേകതകളായി പറയാവുന്നത് സ്റ്റൈലൻ എൽഇഡി ഹെഡ്‌ലാമ്പുകൾ (55 ൽ ഇവ മെട്രിക്സ് എൽഇഡികളാണ്), ഔഡിയുടെ തനത് ഇവി-സ്പെക് ഗ്രിൽ, ഔഡി എസ്‌യുവികളുടെ പതിവ് റൂഫ് ലൈൻ/സൈഡ് പ്രൊഫൈൽ, 20 ഇഞ്ച് 5 സ്പോക്ക് അലോയ് വീലുകൾ, ഹൈ പ്രൊഫൈൽ ടയറുകൾ, വലിയ ലൈറ്റ് ബാറിനിരുവശവുമായി സ്ഥാപിച്ചിരിക്കുന്ന മനോഹരമായ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ്. ആകെ 8 നിറങ്ങളാണ് ഇ ട്രോൺ എസ്‌യുവിക്കുള്ളത്.

പ്രീമിയം സ്വഭാവമുള്ള സ്റ്റൈലൻ ഇൻ്റീരിയറാണ് ഇ ട്രോണിൻ്റേത്. മേൽത്തരം ലെതറിൽ പൊതിഞ്ഞ സീറ്റുകളും സ്റ്റീയറിംഗ് വീലുമൊക്കെയുള്ള ഇ ട്രോണിൻ്റെ ക്യാബിനിൽ ഫീച്ചറുകൾക്കും പഞ്ഞമില്ല. 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോളിൻ്റെ 8.8 ഇഞ്ച് ഡിസ്പ്ലേ, ഔഡിയുടെ വെർച്വൽ കോക്ക്പിറ്റ്, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, പ്രോഗ്രസീവ് സ്റ്റീയറിംഗ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, ക്രൂയ്സ് കൺട്രോൾ, ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യാവുന്ന ടെയിൽ ഗേറ്റ്, പനോരമിക്ക് സൺറൂഫ്, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

55 വേരിയൻ്റിൽ ഇവയ്ക്കു പുറമെ 750 വാട്ട്സ്, 16 സ്പീക്കർ  B&O പ്രീമിയം 3ഡി ഓഡിയോ സിസ്റ്റം,30 കളറുകളുള്ള കോൺടൂർ / ആമ്പിയൻ്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, തിരഞ്ഞെടുക്കാവുന്ന വ്യൂകളോടുകൂടിയ 360 ഡിഗ്രി ക്യാമറ എന്നിവയുമുണ്ട്.

ഇ ട്രോൺ സ്പോർട്ട്ബാക്കിലുള്ളത് ചില്ലറ മാറ്റങ്ങൾ!

സാധാരണ ഇ ട്രോണിൽ നിന്നും ചെറിയ മാറ്റങ്ങൾ മാത്രമാണ്‌ ഇ ട്രോൺ സ്പോർട്ട്ബാക്കിൽ കണ്ടെത്താനാവുക. ഔഡിയുടെ ഇ ട്രോൺ നിരയുടെ തലപ്പത്താണ്‌ ഈ വാഹനത്തിന്റെ സ്ഥാനം. ഇതേ പ്രീമിയം സ്വഭാവം നിലനിർത്താനാവണം വിദേശ വിപണികളിൽ വിൽക്കുന്ന സ്പോർട്ട്ബാക്ക് 50യെ ഇന്ത്യയിലെത്തിക്കാഞ്ഞതും. സ്പോർട്ട്ബാക്ക് 55 ഒരു തികഞ്ഞ എസ്‌യുവി കൂപ്പെയാണ്‌. മുൻഭാഗത്തിന്റെയും പിൻഭാഗത്തിന്റെയും രൂപകല്പന സാധാരണ ഇ ട്രോണിനോട്‌ അടുത്തുനിൽക്കുമ്പോഴും സൈഡ് പ്രൊഫൈലിൽ വമ്പൻ മാറ്റങ്ങളാണുള്ളത്. കൂപ്പെകളുടെ തനത് രൂപകല്പനയാണ്‌ ഈ വാഹനത്തിന്റെയും റൂഫ്‌ലൈനിനുള്ളത്. ചരിഞ്ഞിറങ്ങുന്ന ഇത് എ7 സ്പോർട്ട്ബാക്കിനെ ഓർമ്മിപ്പിക്കും. ഇ ട്രോൺ എസ്‌യുവിയിലെ നിറങ്ങൾക്കു പുറമെ ഒരു എക്സ്ക്ലൂസീവ് പ്ലാസ്മ ബ്ലൂ നിറം കൂടി സ്പോർട്ട്ബാക്കിനുണ്ട്.

തിരഞ്ഞെടുക്കാൻ രസികൻ പവർട്രെയിനുകൾ

ആകെ രണ്ട് പവർട്രെയിൻ സ്പെസിഫിക്കേഷനുകളിലാണ്‌ ഇ ട്രോൺ നിര ലഭ്യമാവുക. ഇരുവാഹനങ്ങൾക്കുമുള്ളത് ആക്സിലിലൊന്നെന്ന വിധത്തിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളാണ്‌. അതായത് ക്വാത്രോ ഓൾ വീൽ ഡ്രൈവ് സംവിധാനം എല്ലാ മോഡലുകൾക്കും ഉണ്ടെന്നു സാരം.

ഇ ട്രോൺ 50ക്കുള്ളത് ഒരു 71 കിലോവാട്ട് അവർ ബാറ്ററിയാണ്‌. ഈ വാഹനത്തിലെ ഡ്യുവൽ മോട്ടോർ സെറ്റപ്പ് ഉല്പാദിപ്പിക്കുന്നത് 313 എച്ച് പിയും 540 ന്യൂട്ടൺ മീറ്ററുമാണ്‌. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയെടുക്കാൻ വേണ്ടിവരിക 6.8 സെക്കൻഡുകളാണ്‌, WLTP റേഞ്ചാവട്ടെ 264-379 കിലോമീറ്ററും.

എന്നാൽ 55 പതിപ്പിനുള്ളത് കൂടുതൽ കരുത്തേറിയ 95 കിലോവാട്ടവർ ബാറ്ററിയാണ്‌. ഈ പവർ ട്രെയിൻ 408 എച്ച്‌പിയും 664 ന്യൂട്ടൺ മീറ്ററുമാണ്‌ പുറപ്പെടുവിക്കുന്നത്. 100 കിലോമീറ്റർ വേഗതയിലേക്കു കുതിക്കുവാൻ വേണ്ടത് 5.7 സെക്കൻഡുകൾ, WLTP റേഞ്ചാവട്ടെ 359-484 കിലോമീറ്ററും.

Audi E Tron Sportback

ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ചാർജിംഗ്

ഇന്ത്യയിലെ ആഡംബര ഇലക്ട്രിക്ക് വാഹനങ്ങൾക്കിടയിലെ ഏറ്റവും വേഗതയേറിയ എസി ചാർജിങ്ങാണ്‌ ഇ ട്രോണിന്റെ മറ്റൊരു പ്രത്യേകത. ഇതിന്റെ 95 kW ബാറ്ററിക്ക് 0-80% (എസി) ചാർജ് ചെയ്യാൻ വേണ്ടിവരിക 8.5 മണിക്കൂറുകൾ മാത്രമാണ്‌. ഭാവിയിൽ നിയമവിധേയമാക്കുമെങ്കിൽ 22 kW എസി പോയന്റിലൂടെയും ഇ ട്രോൺ ചാർജ് ചെയ്യുവാനാകും. ഇതിനായി പ്രത്യേകം കൺവെർട്ടറും ഈ വാഹനത്തിനുള്ളിലുണ്ട്. 150 kW ഡിസി ചാർജറിലൂടെയെങ്കിൽ വെറും 30 മിനിറ്റിൽ 0-80% ചാർജ് ചെയ്തെടുക്കാം.

വിലയും എതിരാളികളും

വേരിയന്റ്എക്സ് ഷോറൂം വില
ഔഡി ഇ ട്രോൺ 5099.99 ലക്ഷം
ഔഡി ഇ ട്രോൺ 551.16 കോടി
ഔഡി ഇ ട്രോൺ സ്പോർട്ട്ബാക്ക് 551.17 കോടി
Audi E Tron Price In India

ഔഡി ഇ ട്രോണിന്റെ പ്രധാന എതിരാളികൾ മേഴ്സിഡീസ് ഇക്യുസിയും ജാഗ്വർ ഐ പേസുമാണ്‌. 1.06 കോടിയാണ്‌ ഇക്യുസിയുടെ എക്സ്-ഷോറൂം വില, ഐ പേസിനാവട്ടെ 1.05-1.12 കോടിയും. അങ്ങനെ നോക്കുമ്പോൾ ഇ ട്രോണിന്റെ വില വളരെ ആകർഷകമാണ്‌. എതിരാളികൾക്ക് ഇല്ലാത്ത ഒരു ബേസ് സ്പെക്ക് പതിപ്പ് (ഇ ട്രോൺ 50) ഉണ്ടെന്നതും ഔഡിയുടെ ഇലക്ട്രിക്ക് സ്വപ്നങ്ങൾക്കു ഗുണം ചെയ്യും.

English Summary: Audi E Tron, Audi E Tron Sportback launched in India

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...