Audi

ഔഡി ഇ-ട്രോണിൻ്റെ ബുക്കിംഗ് ആരംഭിച്ചു, ലോഞ്ച് ജൂലൈ 22ന്

ഔഡിയുടെ ഇ-ട്രോൺ ഓൾ ഇലക്ട്രിക്ക് എസ്‌യുവി നിര ഇന്ത്യയിലേക്ക്

തങ്ങളുടെ ഇലക്ട്രിക്ക് വാഹനനിരയെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുകയാണ് ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി. ഇവരുടെ ആദ്യത്തെ ഓൾ ഇലക്ട്രിക്ക് പ്രൊഡക്ഷൻ വാഹനമാണ് ഇ ട്രോൺ. ഇ ട്രോൺ 55 ക്വാത്രോ എന്നത് ഒരു ഇലക്ട്രിക്ക് എസ്‌യുവി ആണെങ്കിൽ ഇതിൻ്റെ കൂപ്പെ വകഭേദമാണ് ഇ-ട്രോൺ സ്പോർട്ട്ബാക്ക്. ഔഡി ഇന്ത്യയുടെ ഇലക്ട്രിക്ക് ഭാവിക്ക് അടിത്തറ പാകുക ഈ വാഹനങ്ങളാവും. വരുന്ന ജൂലൈ 22 ന് ഇവയെ ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി ഇരുവാഹനങ്ങളുടെയും ബുക്കിങ്ങുകൾ ആരംഭിച്ചുകഴിഞ്ഞു.

ഡീലർഷിപ്പുകളിലൂടെയോ ഔഡി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഇപ്പോൾ ഇ ട്രോണും ഇ-ട്രോൺ സ്പോർട്ട്ബാക്കും ബുക്ക് ചെയ്യുവാനാകും. 5 ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി നൽകേണ്ടി വരിക.

2015 ലെ ഫ്രാങ്ക്‌ഫർട്ട് മോട്ടോർഷോയിൽ ഒരു കൺസപ്റ്റായാണ് ഇ ട്രോൺ ആദ്യം എത്തിയത്. പിന്നീട് 2018ൽ സാൻ ഫ്രാൻസിസ്കോയിൽ ഇതിൻ്റെ പ്രൊഡക്ഷൻ മോഡൽ പ്രദർശിപ്പിക്കപ്പെട്ടു, 2018 പാരിസ് മോട്ടോർ ഷോയിലൂടെ ആഗോള അരങ്ങേറ്റവും നടന്നു. എസ്‌യുവിക്കു പിന്നാലെ 2019 നവംബറിൽ ലോസ് ആഞ്ചലസിലായിരുന്നു ഇ ട്രോൺ സ്പോർട്ട്ബാക്കിൻ്റെ അരങ്ങേറ്റം.

audi e tron sportback india

തകർപ്പൻ പവർട്രെയിൻ മുഖ്യ ആകർഷണം

ഇ ട്രോൺ നിരയുടെ ഏറ്റവും വലിയ ആകർഷണം അതിൻ്റെ കരുത്തുറ്റ ഇലക്ട്രിക്ക് പവർട്രെയിൻ തന്നെയാണ്. ലോകോത്തര നിലവാരമുള്ള EV ടെക്നോളജിയാണ് ഇ ട്രോണിനുള്ളത്. ആക്സിലൊന്നിൽ ഒന്നുവീതം ആകെ രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളാണ് ഇരു വാഹനങ്ങൾക്കുമുള്ളത്. 408 hp കരുത്തും 664 Nm ടോർക്കുമുണ്ട് ഇവയ്ക്ക്. ക്വാത്രോ ഓൾ ഡ്രൈവുമായെത്തുന്ന ഇ ട്രോണിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗമെടുക്കാൻ വേണ്ടത് 5.7 സെക്കൻഡുകൾ മാത്രമാണ്. ഇ ട്രോൺ നിരയുടെ 95 kWh ബാറ്ററി WLTP സൈക്കിൾ പ്രകാരം 359 മുതൽ 484 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. വാൾ സോക്കറ്റുകൾ വഴിയോ ഡിസി ചാർജർ വഴിയോ ചാർജ്ജ് ചെയ്യാനാവുന്ന വാഹനത്തിന് പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ എന്നിവ സ്റ്റാൻഡേർഡായുണ്ട്.

എത്തുക കരുത്തരായ എതിരാളികൾക്ക് ഇടയിലേക്ക്

ഇന്ത്യയിൽ ഇപ്പോൾ ലക്ഷ്വറി എസ്‌യുവി വിഭാഗത്തിൽ രണ്ട് തകർപ്പൻ ഇലക്ട്രിക്ക് വാഹനങ്ങൾ വിൽപനയിലുണ്ട്- മേഴ്‌സിഡീസ് ബെൻസ് ഇക്യുസിയും, ജാഗ്വർ ഐ പേസും. ഇവ തന്നെയാവും ഇ ട്രോണിൻ്റെയും പ്രധാന എതിരാളികൾ. എന്നാൽ ഒരു ഇലക്ട്രിക്ക് എസ്‌യുവി കൂപ്പെ എന്ന നിലയിൽ ഇ ട്രോൺ സ്പോർട്ട്ബാക്കിന് നിലവിൽ എതിരാളികളില്ല. ഇന്നും എസ്‌യുവി കൂപ്പെകൾക്കിടയിലെ താരങ്ങൾ ബിഎംഡബ്ല്യു എക്സ് 6 ഉം മേഴ്‌സിഡീസ് ജിഎൽഇ കൂപ്പെയും പോലുള്ള പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളാണ്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Audi E Tron SUV and E Tron Sportback bookings started in India, launch on July 22.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...