Electric Vehicles

ഔഡി ക്വാത്രോ ലുക്കിൽ ഇ ലെജൻഡ് ഇഎൽ-വൺ വരുന്നു

ആകെ 30 യൂണിറ്റുകൾ മാത്രം നിർമ്മിക്കപ്പെടുന്ന അങ്ങേയറ്റം എക്സ്‌ക്ലൂസീവ് ആയ ഇലക്ട്രിക്ക് വാഹനമാവും ഇഎൽ1

പഴയകാലത്ത് മോട്ടോർസ്പോർട്ടിലും മറ്റും തിളങ്ങിനിന്ന ഐതിഹാസിക വാഹനങ്ങളിൻ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കരുത്തേറിയ ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കുന്നത് ഇപ്പോൾ ട്രെൻഡായി മാറുകയാണ്. അത്തരമൊരു വാഹനമാണ് ഇ-ലെജൻഡ് എന്ന ജർമ്മൻ ഇലക്ട്രിക്ക് വാഹന കമ്പനിയിൽ നിന്നും വരാനിരിക്കുന്ന ഇഎൽ വൺ. ഔഡിയുടെ മോട്ടോർസ്പോർട്ട് ചരിത്രത്തിലെ ഐതിഹാസിക മോഡലായ ഔഡി ക്വാത്രോ എസ് 1 റാലി കാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇഎൽ-വൺ രൂപകൽപന ചെയ്തിരിക്കുന്നത്. അങ്ങേയറ്റം എക്സ്‌ക്ലൂസീവ് ആയ ഇഎൽ വണ്ണിൻ്റെ ആകെ 30 യൂണിറ്റുകൾ മാത്രമാവും നിർമ്മിക്കപ്പെടുക, അതുകൊണ്ടു തന്നെ വിലയും ചില്ലറയാവില്ല. ഇപ്പോൾ വാഹനത്തിൻ്റെ ആദ്യ ചിത്രങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ പ്രോട്ടോടൈപ്പ് 2022ൽ പുറത്തിറങ്ങുമെന്ന് കരുതുന്നു.

ELegend EL1 ev
Elegend EL1

ഡിസൈനിൽ സാമ്യം ഔഡി ക്വാത്രോ റാലി കാറിനോട്

ഔഡി ക്വാത്രോ എസ്‌-1 റാലി കാറിനെ അനുസ്മരിപ്പിക്കുന്നതാണ്‌ ഇഎൽ വണ്ണിന്റെ ആകെ രൂപം. ക്വാത്രോ എസ്‌ 1 കാറിലേതുപോലുള്ള ‘ആംഗുലർ ഡിസൈൻ ഭാഷ’ പലയിടങ്ങളിലും കാണാം. വലിയ വീൽ ആർച്ചുകളും,ബോക്സി രൂപമുള്ള ഫെൻഡറുകളും ഇഎൽ വണ്ണിന്‌ എൺപതുകളിലെ ഔഡി മോട്ടോർസ്പോർട്ട് കാറുകളുടെ മുഖഛായ സമ്മാനിക്കുന്നു. അതേസമയം അങ്ങിങ്ങായുള്ള എൽഇഡി ലൈറ്റിംഗും ഹെഡ്‌ലാമ്പ് ഡിസൈനുമൊക്കെ ആധുനികതയുടെ അംശങ്ങളാണ്‌.

ബി പില്ലർ ഇല്ലായെന്നത് വാഹനത്തിന്റെ ആകെ ഡിസൈനിനെ കൂടുതൽ പ്രീമിയമാക്കുന്നുണ്ട്, ഒപ്പം വിൻഡോകളും പിൻ ക്വാർട്ടർ ഗ്ലാസും അടങ്ങുന്ന ഗ്ലാസ് ഏരിയയ്ക്ക് ക്യാബിനിലുള്ള പ്രഭാവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒട്ടും മയമില്ലാതെ താഴേക്കിറങ്ങുന്ന രീതിയിലാണ്‌ പിന്നിലെ റൂഫ്‌ ലൈനുള്ളത്. ഈ രൂപകൽപനാരീതി രണ്ടാം തലമുറ ഔഡി കൂപ്പെയിൽ നിന്നും കടംകൊണ്ടതാണ്‌.

മുന്നിൽ 19 ഇഞ്ചും പിന്നിൽ 20 ഇഞ്ചും വീലുകളാണ്‌ ഇ-ലെജൻഡ് ഇഎൽ വണ്ണിനുള്ളത്. റാലി വാഹനങ്ങളുടേതുപോലുള്ള പിൻ സ്പോയ്‌ലറും മൂന്നു തരത്തിൽ ക്രമീകരിക്കാവുന്ന സസ്പെൻഷനും മറ്റു പ്രത്യേകതകളാണ്‌.

E Legend EL1 interior
Elegend EL1 interior

ഇഎൽ വണ്ണിന്റെ ഉൾഭാഗത്തിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. എങ്കിലും അവശ്യം വേണ്ട ഫീച്ചറുകൾ ഉണ്ടാവുമെന്നു കരുതുന്നു. ആധുനികമായ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ എന്നിവയൊക്കെ പ്രതീക്ഷിക്കുന്നുണ്ട്.

അമ്പരപ്പിക്കുന്ന പവർട്രെയിൻ!

ഇ-ലെജൻഡ് ഇഎൽ വണ്ണിന്റെ പവർട്രെയിനിനെയും പെർഫോമൻസിനെയും പറ്റി കേട്ടാൽ ഞെട്ടിപ്പോവും. മൂന്ന്‌ ഇലക്ട്രിക്ക് മോട്ടോറുകളും 90kWh ബാറ്ററിയുമാണ്‌ ഈ വാഹനത്തിനുള്ളത്. 816 എച്ച് പിയാണ്‌ ഈ മൂന്നു മോട്ടോറുകൾ ചേർന്ന് പുറപ്പെടുവിക്കുന്നത്.

കമ്പനിയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ, 100 കിലോമീറ്റർ വേഗതയിലേക്ക് കേവലം 2.8 സെക്കൻഡിൽ എത്തിച്ചേരാൻ ഇഎൽ വണ്ണിനു കഴിയും! മണിക്കൂറിൽ 250 കിലോമീറ്ററാണ്‌ പരമാവധി വേഗത. ഇങ്ങനെയൊക്കെ ആണെങ്കിലും (വൃത്തിയായി ഓടിച്ചാൽ) 400 കിലോമീറ്ററോളം റേഞ്ചും കമ്പനി ഈ വാഹനത്തിന്‌ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ വാഹനത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാനാണെങ്കിൽ ‘നർബർഗ്രിഗ്ഗിൽ രണ്ട് ലാപ്പുകൾ പൂർത്തിയാക്കാനാവും’ എന്നുമാത്രമാണ്‌ ഇലെജൻഡ് പറഞ്ഞുവയ്ക്കുന്നത്, അതായത് ‘പൊളിക്കാനാണ്‌’ ഉദ്ദേശമെങ്കിൽ 45 കിലോമീറ്ററിനടുപ്പിച്ചാവും റേഞ്ച് ലഭിക്കുക എന്ന്.

ELegend EL1 ev rear
Elegend EL1 rear

ഇഎൽ വണ്ണിന്റെ ഈ കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസിൽ വലിയൊരു പങ്ക് അതിന്റെ ഷാസിക്കുമുണ്ട്. കാർബൺ ഫൈബറിൽ തീർത്ത മോണോകോക്ക് ഷാസിയാണ്‌ ഈ വാഹനത്തിനുള്ളത്. പ്ലാറ്റ്‌ഫോം കൂടാതെ മറ്റു പലയിടങ്ങളിലും കാർബൺ ഫൈബറിന്റെ ഉപയോഗമുണ്ട്. ഇക്കാരണങ്ങളാൽ വാഹനത്തിന്റെ ആകെ ഭാരം 1680 കിലോഗ്രാമിൽ ഒതുക്കാനും ഇലെജൻഡിനു കഴിഞ്ഞിട്ടുണ്ട്.

ഇഎൽ വണ്ണിനു പിന്നാലെ റാലി കാറുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മറ്റു രണ്ട് വാഹനങ്ങളെക്കൂടി വിപണിയിലെത്തിക്കാൻ ഇലെജൻഡിനു പദ്ധതിയുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Audi Quattro S1 inspired Elegend EL1 EV revealed

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...