BMW

BMW 8 Series Gran Coupe, BMW M8| ബിഎംഡബ്ല്യു 8 സീരീസ് കൂപ്പെയും എം8ഉം എത്തി !

ഇരുവാഹനങ്ങളും ആഡംബരത്തിന്റെ പര്യായങ്ങളാണ്‌…

കോവിഡ് 19 ലോക്ക്ഡൗൺ നിലനിൽക്കുമ്പോളും ഇന്ത്യൻ വാഹനവിപണിയെ ആശ്ചര്യപ്പെടുത്തുകയാണ് ജർമൻ കാർ നിർമാതാക്കളായ ബി.എം.ഡബ്ല്യു. ഇതിന്റെ ഭാഗമെന്നോണം കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ബിഎംഡബ്ല്യു കോൺടാക്‌റ്റ്‌ലെസ്സ് എക്സ്‌പീരിയൻസ് പോർട്ടൽ’ വഴി അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ബി.എം.ഡബ്ല്യു 8 സീരിസ് ഗ്രാൻ കൂപ്പേയും ബി.എം.ഡബ്ല്യു എം 8 കൂപ്പേയും ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്.

ബി.എം.ഡബ്ല്യു 8 സീരിസ് ഗ്രാൻ കൂപ്പെ

ബിഎംഡബ്ല്യുവിന്റെ കിരീടവും ചെങ്കോലും ഏറ്റുവാങ്ങാൻ പ്രാപ്തനായ ഒരു 4 ഡോർ മോഡൽ ആണ്‌ ബി.എം.ഡബ്ല്യു 8 സീരിസ് ഗ്രാൻ കൂപ്പെ. ആഴകിലും ആഡംബരത്തിലും ശക്തിയിലും എതിരാളികളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ഈ മോഡൽ സമ്പന്നർക്ക് തികച്ചും അനുയോജ്യനായ ഒരു സ്പോർട്സ് കാർ ആണ്. കുറച്ചുകൂടെ സ്‌പോർട്ടി അനുഭവം ആവശ്യപ്പെടുന്നവർക്കായി 8 സീരസിന്റെ തന്നെ ഒരു ‘എം സ്‌പോർട് ട്രിം’ കൂടി വിപണിയിൽ ലഭ്യമാണ്. വിലയിലെ വർധന പെർഫോമൻസിൽ കാണുമെന്നത് തീർച്ച.

ബാഹ്യമായ ഭംഗിയോടൊപ്പം ഇന്റീരിയറിന്റെ രാജകീയതയിലും ബി.എം.ഡബ്ല്യു ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആഡംബരം നിറഞ്ഞ് തുളുമ്പുന്ന ഉൾഭാഗം ഏതൊരു ഉപഭോക്താവിനേയും തൃപ്തിപ്പെടുത്തും.വാഹനത്തിന്റെ രണ്ടു ഭാഗങ്ങളുള്ള പനോരമിക്ക് ഗ്ലാസ് റൂഫ് പിന്നറ്റം വരെ നീളുന്നു

പെർഫോമൻസിൽ വിട്ടുവീഴ്ച വരുത്താത്ത 8 സീരീസ് ഗ്രാൻഡ് കൂപ്പേ, അതിന്റെ തന്നെ എം സ്‌പോർട് പതിപ്പിലേക്ക് വരുമ്പോൾ നോട്ടത്തിലും ഭാവത്തിലും വീണ്ടും കരുത്തുറ്റവൻ ആവുന്നു. സ്‌പോർട്ടി രൂപത്തിനായും എയ്റോഡൈനാമിക്സ് സവിശേഷതകൾക്കുമായി കാറിൽ വലിയ എയർ ഇൻടേക്കുകളും ഡിഫ്യുസറുകളും മറ്റ് പെർഫോമൻസ് പാർട്സുകളും ഉൾപ്പെടുത്തിയിരുക്കുന്നു.

ടർബോചാർജറോടു കൂടിയ ഒരു 3.0 ലിറ്റർ ഇൻലൈൻ 6 പെട്രോൾ എൻജിനാണ് ഈ മോഡലിൽ 340 ഹോർസ്‌പവർ ശക്തിയും 500 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കുന്നത്. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ കരുത്തന് പൂജ്യത്തിൽ നിന്നും 100 ൽ എത്താൻ വേണ്ടത് വെറും 5.2 സെക്കന്റ് മാത്രം . 8 സീരീസ് ഗ്രാൻഡ് കൂപ്പേ 1.29 കോടി രൂപയ്ക്കും എം സ്‌പോർട് പതിപ്പ് 1.55 കോടി രൂപയ്ക്കുമാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

bmw 8 series gran coupe m8 coupe

ബി.എം.ഡബ്ല്യു എം 8 കൂപ്പെ

റേസ് ട്രാക്കുകളിൽ തളച്ചിടേണ്ടിയിരുന്ന ഒരു കരുത്തനെ റോഡിൽ ഇറക്കിയ അനുഭവം ആവും എം8 കൂപ്പെയുടെ വരവോടെ ഇന്ത്യൻ നിരത്തുകൾ ഇനി അറിയാൻ പോവുന്നത്. ബി.എം.ഡബ്ല്യുവിന്റെ എം റേഞ്ചിലെ ഏറ്റവും ശക്തനായ എം8 കൂപ്പെ എന്ന 2 ഡോർ കാർ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ആഡംബരത്തിന്റെ കാര്യത്തിലും കുറവൊന്നും വരുത്തിയിട്ടില്ല. ഡ്രൈവറിന് കാറിന്റെ പെർഫോമൻസ് പരമാവധി അനുഭവിക്കാൻ പറ്റുന്ന രീതിയിൽ ആണ് പ്രത്യേകം ഡിസൈൻ ചെയ്ത സീറ്റുകൾ. താഴ്ന്ന ഡ്രൈവിംഗ് പൊസിഷൻ സമ്മാനിക്കുന്ന എം സ്‌പോർട് പതിപ്പ് സീറ്റുകൾ ഒരു റേസ് കാറിൽ ഇരിക്കുന്ന അനുഭവം ആണ് യാത്രികർക്ക് സമ്മാനിക്കുന്നത്. കാറിന്റെ ലഗേജ് ഏരിയയ്ക്ക് 420 ലിറ്റർ കപ്പാസിറ്റി ഉണ്ട്. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഹർമാൻ കാർഡൺ അല്ലെങ്കിൽ ബോവർസ് & വിൽകിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റം തിരഞ്ഞെടുക്കാം.

ബി.എം.ഡബ്ല്യുവിന്റെ തന്നെ ഏറ്റവും കരുത്തേറിയ ഇതിന്റെ ട്വിൻ ടർബോ 4.0 ലിറ്റർ വി8 എൻജിൻ 600 എച്ച്‌പി ശക്തിയും 750 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 1800-5600 ആർപിഎം ആണ് ടോർക്ക് റേഞ്ച്. വെറും 3.3 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എം8 കൂപ്പേക്ക് സാധിക്കും. ഒരു ഇന്റലിജൻഡ് ഓൾ വീൽ ഡ്രൈവ് സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്ന ഈ മോഡലിന് ഇന്ത്യൻ നിരത്തുകളിലെ വില 2.15 കോടി രൂപ ആയിരിക്കും.

എക്സ് ഷോറൂം വിലകൾ

  • ബി.എം.ഡബ്ല്യു 8 സീരീസ് ഗ്രാൻഡ് കൂപ്പെ – 1.29 കോടി രൂപ
  • ബി.എം.ഡബ്ല്യു 8 സീരീസ് ഗ്രാൻഡ് കൂപ്പെ എം സ്‌പോർട് എഡിഷൻ – 1.55 കോടി രൂപ
  • ബി.എം.ഡബ്ല്യു എം8 കൂപ്പെ – 2.15 കോടി രൂപ

എങ്ങനെ ബുക്ക് ചെയ്യാം?

കോവിഡ് 19 രോഗം മുന്നിൽ കണ്ട് ബി.എം.ഡബ്ല്യുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ബിഎംഡബ്ല്യു കോൺടാക്‌റ്റ്‌ലെസ്സ് എക്സ്‌പീരിയൻസ് പോർട്ടൽ‘ വഴിയാണ് ഈ പുതിയ മോഡലുകൾ അനാവരണം ചെയ്തതും ബുക്ക് ചെയ്യാൻ അവസരം ഉണ്ടാക്കിയിരിക്കുന്നതും.

ALSO READ: ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റ് വീണ്ടും പ്രവർത്തനത്തിലേക്ക് !

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...