Bikes

2021 സിഎഫ് മോട്ടോ 650 മോഡലുകൾ എത്തി-650 NK, 650 MT, 650 GT, കൂടിയത് മുപ്പതിനായിരത്തോളം രൂപ

ബിഎസ്‌ 6 എൻജിനാണ്‌ ഇവയുടെ ഏറ്റവും വലിയ പ്രത്യേകത

2019 ജൂലൈയിൽ ഇന്ത്യയിലെത്തിയ ചൈനീസ് മോട്ടോർസൈക്കിൾ ബ്രാൻഡാണ്‌ സിഎഫ്‌ മോട്ടോ. ഡിസൈനും പെർഫോമൻസും കൊണ്ട് പിൽക്കാലത്ത് ശ്രദ്ധിക്കപ്പെട്ട നാലു മോഡലുകളായിരുന്നു അന്നവർക്ക് ഉണ്ടായിരുന്നത്. 300 NK എന്ന 300 സിസി സ്ട്രീറ്റ് ബൈക്കും 650 സിസിയിലുള്ള മൂന്ന്‌ വാഹനങ്ങളുമായിരുന്നു അവ. ഇതിൽ 300NKയ്ക്ക് കഴിഞ്ഞ മാർച്ചിൽ ബിഎസ്‌-6 എൻജിൻ ലഭിച്ചിരുന്നു,. ഇപ്പോൾ തങ്ങളുടെ 650 സിസി ത്രയങ്ങളെക്കൂടി ബിഎസ്‌ 6 ആക്കി മാറ്റിയിരിക്കുകയാണ്‌ സിഎഫ് മോട്ടോ. 650 NK, 650MT, 650 GT എന്നിവ ബിഎസ്‌6 ആയി മാറിക്കഴിഞ്ഞു. 650 എൻകെ സ്ട്രീറ്റ് ഫൈറ്റർ വിഭാഗത്തിൽപ്പെടുന്ന വാഹനമാണ്, 650 എംടി അഡ്‌വെഞ്ചർ ടൂററും. 650 ജിടിയാവട്ടെ ദൂരയാത്രകൾക്ക് ഇണങ്ങുന്ന ലക്ഷണമൊത്തൊരു ടൂറിംഗ് മോട്ടോർസൈക്കിളാണ്.

ബാംഗ്ലൂരിലാണ്‌ സിഎഫ്‌ മോട്ടോയുടെ പ്ലാന്റുള്ളത്. കർണാടകയിൽ കോവിഡ് അതിരൂക്ഷമായി തുടരുന്നതു മൂലമാണ്‌ 650 എൻജിനിന്റെ ബിഎസ്‌ 6 പതിപ്പ് എത്താൻ വൈകിയത്. ബിഎസ്‌ 6 മോഡൽ നിര എത്തുമ്പോൾ ഇവയുടെ വിലയിൽ 30,000 രൂപയോളം വർദ്ധനവുണ്ടായിട്ടുണ്ട്.

പുതുക്കിയ വിലകൾ ഇങ്ങനെ

4.29 ലക്ഷമാണ്‌ സിഎഫ് മോട്ടോ 650NK ബിഎസ്‌6 ന്റെ എക്സ് ഷോറൂം വില. ബിഎസ്‌ 4 വാഹനത്തിന്റെ വിലയേക്കാൾ ഏതാണ്ട് 30,000 രൂപയോളം അധികമാണിത്. 650 എംടി അഡ്‌വെഞ്ചർ ടൂററിനും ഇത്രതന്നെ വിലവർദ്ധന ഉണ്ടായിട്ടുണ്ട്, 5.29 ലക്ഷമാണ്‌ പുതിയ എംടിയുടെ എക്സ് ഷോറൂം വില. 650 ജിടിയ്ക്കാണ്‌ ഏറ്റവും കുറവ് വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. മുൻപത്തെ വിലയേക്കാൾ പതിനായിരം രൂപ മാത്രമാണ്‌ പുത്തൻ ജിടിയ്ക്ക് അധികം നൽകേണ്ടിവരുന്നത്, എക്സ് ഷോറൂം വില-5.59 ലക്ഷം.

മോഡൽഎക്സ് ഷോറൂം വില (ലക്ഷം)
650 NK4.29
650 MT5.29
650 GT 5.59
2021 CF Moto 650 range price list

പുതുക്കിയ വിലയിലും മിഡിൽ-വെയ്റ്റ് വിഭാഗത്തിലെ പോക്കറ്റിനിണങ്ങുന്ന വാഹനങ്ങൾ തന്നെയാണ്‌ സിഎഫ് മോട്ടോ 650 നിരയിലുള്ളത്. ബെനെലി ടിആർകെ 502, കവാസാക്കി വെർസിസ് 650, റോയൽ എൻഫീൽഡ് 650 ട്വിൻസ് എന്നിങ്ങനെ അനേകം എതിരാളികളുണ്ട് ഇവയ്ക്ക്.

CF Moto 650 Nk

എൻജിനിലെ മാറ്റങ്ങൾ വലുത്!

സിഎഫ് മോട്ടോയുടെ ബിഎസ്‌ 6 എൻജിനിൽ കാര്യമായ അഴിച്ചുപണികൾ നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്‌. മുൻ മോഡലുകളിൽ കണ്ട അതേ 649.3 സിസി, ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ്‌ പുത്തൻ 650 നിരയ്ക്കും ഉള്ളത്. എന്നാൽ എമിഷനോടൊപ്പം ഇവയുടെ കരുത്തും ഗണ്യമായി കുറഞ്ഞിട്ടുണ്ട്! 56 എച്ച് പി കരുത്തും 54.4 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ്‌ ബിഎസ്‌6 എൻജിന്റെ ഔട്ട്പുട്ട്.

നഷ്ടപ്പെട്ട കരുത്തിന്റെ തോത് മൂന്ന്‌ വാഹനങ്ങൾക്കും മൂന്നാണ്‌. 650 എൻകെ സ്ട്രീറ്റ്ഫൈറ്ററിന്‌ 5 എച്ച്‌ പി /4.5 ന്യൂട്ടൺ മീറ്ററാണ്‌ നഷ്ടമായിരിക്കുന്നത്, 650 ജിടിയ്ക്ക് ആവട്ടെ 6.5 എച്ച്പി/4.1 ന്യൂട്ടൺ മീറ്ററും. 650 എംടി അഡ്‌വെഞ്ചർ ബൈക്കിന്റെ കാര്യത്തിൽ സ്ഥിതി ഗുരുതരമാണ്‌. 14 എച്ച്‌പിയും 7.6 ന്യൂട്ടൺ മീറ്ററുമാണ്‌ എംടിയ്ക്ക് ഒറ്റയടിക്ക് നഷ്ടമായത്! പവറിന്റെയും ടോർക്കിന്റെയും കാര്യത്തിൽ സംഭവിച്ച ഈ നഷ്ടങ്ങൾ വാഹനങ്ങളുടെ റൈഡ് എക്സ്‌പീരിയൻസിനെയും പെർഫോമൻസിനെയും ബാധിക്കുമെന്നത് തീർച്ചയാണ്‌, എത്രത്തോളം എന്നറിയാൻ ഓടിച്ചുനോക്കുക തന്നെ വേണം.

എൻജിനൊഴിച്ചാൽ മറ്റിടങ്ങളിൽ ഒന്നും മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. മൂന്ന്‌ വാഹനങ്ങളിലും ഇപ്പോഴും LED ഹെഡ്‌ലാമ്പുകൽ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ചാനൽ എബിഎസ്‌ എന്നിവയുണ്ട്.എൻകെ, ജിടി മോഡലുകൾക്ക് ഉള്ളത് സാധാരണ ടെലസ്കോപ്പിക്ക് ഫോർക്കുകളാണ്‌. എന്നാൽ 650 എംടിയ്ക്ക് കൂടുതൽ മികച്ച USD മുൻ ഫോർക്കുകളും പിൻ ക്യാന്റിലിവർ ഷോക്കുമാണുള്ളത്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: BS6 CF Moto 650NK, 650 MT, 650 GT launched in India

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...