Hyundai

Hyundai AX1 മൈക്രൊ എസ്‌യുവിയുടെ ചിത്രങ്ങൾ പുറത്ത്, ഇന്ത്യയിൽ എത്തുക 2022ൽ?

ഹ്യുണ്ടായ് AX1 ൻ്റെ കൊറിയയിൽ നിന്നുമുള്ള ടെസ്റ്റിംഗ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്, കൂടുതലറിയാം…

ഹ്യുണ്ടായ് ഒരു സബ് കോംപാക്ട് എസ്‌യുവിയെ (മൈക്രോ എസ്‌യുവി എന്നും വിളിക്കാം ) അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണെന്നത് പരസ്യമായ രഹസ്യമാണ്‌. വാഹനം ദക്ഷിണ കൊറിയയിൽ ടെസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. മുൻപും ഇതിന്റെ പല ടെസ്റ്റിംഗ് ചിത്രങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രങ്ങൾ എത്തുമ്പോൾ പ്രോട്ടോട്ടൈപ്പ് വാഹനത്തിൽ വലിയ ചില മാറ്റങ്ങൾ സംഭവിച്ചതായി കാണാം, പ്രൊഡക്ഷൻ മോഡലിനോട്‌ അടുത്തു നില്ക്കുന്ന വിധത്തിലാണ്‌ ഇതിപ്പോൾ ഉള്ളതെന്നാണ്‌ വ്യക്തമാകുന്നത്. ഈയിടെ പുറത്തുവന്ന ടീസർ ചിത്രങ്ങളിലെ സ്റ്റൈലൻ ടെയിൽ ലാമ്പുകളും ഹെഡ് ലാമ്പുകളുമൊക്കെ ഇവയിൽ കാണാം. ഹ്യുണ്ടായ് AX1നെപ്പറ്റി ഇതുവരെ അറിവായിട്ടുള്ള വിവരങ്ങൾ എന്തൊക്കെയെന്നു നോക്കാം.

എന്താണ്‌ ശരിക്കും AX1?

ഹ്യുണ്ടായിൽ നിന്നും എത്തുന്ന ഒരു മൈക്രോ എസ്‌യുവിയാണ്‌ AX1, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ എസ്‌യുവികളുടേതു പോലുള്ള ഡിസൈനുള്ള ടോൾബോയ് ഹാച്ച്ബാക്ക്. ഇന്ത്യയിൽ അടക്കം വരാനിരിക്കുന്ന സബ്-കൊംപാക്ട് എസ്‌യുവികളുടെ വിപ്ലവത്തിൽ വലിയ പങ്കുവഹിക്കാനാവും എഎക്സ് 1ന്‌.

എതിരാളികൾ?

ഇന്ത്യയിൽ AX1 മത്സരിക്കുക വരാനിരിക്കുന്ന ടാറ്റ HBX എസ്‌യുവി, മഹീന്ദ്ര KUV100, ഒരു പരിധി വരെ മാരുതി ഇഗ്നിസ് എന്നിവയോടാവും. പലരും ഈ വാഹനത്തെ മാരുതി എസ്പ്രസോയുടെ എതിരാളി ആയി പറയുന്നുണ്ടെങ്കിലും സ്പെസിഫിക്കേഷനടക്കം പല കാര്യങ്ങളുടെയും ത്രാസിൽ AX1 എസ്‌പ്രസോയ്ക്കു മുകളിലാണ്‌.

Hyundai AX1 test mule

ഡിസൈൻ:

ടെസ്റ്റിംഗ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് AX1ന്റെ ഡിസൈൻ വെന്യൂ, ക്രെറ്റ പോലുള്ള ഹ്യുണ്ടായ് എസ്‌യുവികളുടെ ഡിസൈനുകളോട്‌ ചേർന്നു നില്ക്കുന്ന വിധമാവും എന്നാണ്‌. ഒരു SUVക്ക് ചേരുംവിധം ഉയർന്നു നില്ക്കുന്ന വിധത്തിലാണ്‌ ആകെ രൂപം.

ഹ്യുണ്ടായ് പുറത്തുവിട്ട ടീസർ ചിത്രങ്ങളിൽ കണ്ട വൃത്താകൃതിയിലുള്ള LED ഡേ ടൈം റണ്ണിംഗ് ലാമ്പുകളും സ്പ്ലിറ്റ് ഹെഡ്‌ലാപുകളും, ക്ലാംഷെൽ ആകൃതിയിലുള്ള ബോണറ്റും വാഹനത്തിനുണ്ടാവും. ടീസർ ചിത്രങ്ങൾ പ്രകാരം AX1 ന്‌ ഉണ്ടാവുക ഇന്നുവരെ ഹ്യുണ്ടായ് വാഹനങ്ങളിൽ കണ്ടിട്ടില്ലാത്തതരം ടെയിൽ ലാമ്പുകളാവും. ഗ്രേ റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, പിൻ സ്പോയ്‌ലർ, എടുത്തറിയുന്ന വീൽ ആർച്ചുകൾ എന്നിവ മറ്റു പ്രത്യേകതകൾ.

ഇന്റീരിയറും ഫീച്ചറുകളും:

AX1 സ്ഥലസൗകര്യത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലാവില്ല എന്നാണ്‌ അറിയുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റികളോടുകൂടിയ ടച്ച്സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇരട്ട ഫ്രണ്ട് എയർബാഗുകൾ, എന്നിവയും ഈ വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

Hyundai AX1 test mule

മെക്കാനിക്കൽ വിവരങ്ങൾ:

ഹ്യുണ്ടായ് ഐ10 നിയോസിന്റെ K1 പ്ലാറ്റ്ഫോമിലാവും AX1 നിർമ്മിക്കപ്പെടുക. സാൻട്രോയിൽ കണ്ട 1.1 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയാവാം ഈ വാഹനത്തിനും ഉണ്ടാവുക. (ഹ്യുണ്ടായ് നിരയിൽ സാൻട്രോയ്ക്കു മുകളിലായാവും AX1ന്റെ സ്ഥാനം) സ്റ്റാൻഡേർഡായി ലഭിക്കുന്ന 5 സ്പീഡ് മാനുവലിനൊപ്പം 5 സ്പീഡ് AMT-യും ഉണ്ടാവുമെന്നു കരുതുന്നു.

എപ്പോൾ എത്തും?

AX1 എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡലിനെ ഉടൻ തന്നെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഇരിക്കുകയാണ്‌ ഹ്യുണ്ടായ്. 2022ൽ ഈ വാഹനം ഇന്ത്യയിലും എത്തുമെന്നാണ്‌ അറിയുന്നത്.

English Summary: Hyundai AX1 SUV: Everything we know about it, Tata HBX rival

Image Source: Cochespias

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...