Harley Davidson

ഹാർലി ഡേവിഡ്‌സണിൽ നിന്നും പുതിയ ഇലക്ട്രിക്ക് ബൈക്ക് എത്തി- ലൈവ്‌വയർ വൺ

തങ്ങളുടെ ഇലക്ട്രിക്ക് വാഹന വിഭാഗമായിരിക്കും ലൈവ്‌വയർ എന്നും അനേകം ഇരുചക്ര വാഹനങ്ങൾ ഈ ബ്രാൻഡിനുകീഴിൽ പുറത്തിറങ്ങുമെന്നും ഹാർലി മുൻപ് വ്യക്തമാക്കിയിരുന്നു

ഹാർലി ഡേവിഡ്‌സൺ എന്ന ഐതിഹാസിക മോട്ടോർസൈക്കിൾ ബ്രാൻഡിൽ നിന്നും പുത്തൻ ഇലക്ട്രിക്ക് ബൈക്ക് എത്തി. ലൈവ്‌വയർ വൺ എന്നു പേരിട്ടിരിക്കുന്ന വാഹനം നിലവിൽ അമേരിക്കൻ വിപണിയിലാണ്‌ അവതരിപ്പിച്ചിരിക്കുന്നത്.

ക്രൂയ്സർ-ബാഗർ ബൈക്കുകൾ നിർമ്മിക്കുന്നതിനു പേരുകേട്ട ഹാർലിയുടെ ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിളായിരുന്നു 2019ൽ അവതരിപ്പിക്കപ്പെട്ട ഹാർലി ലൈവ്‌വയർ. 2019ലാണ്‌ വിപണിയിലെത്തിയതെങ്കിലും 2014ൽ ഇതിൻ്റെ ആദ്യ പ്രോട്ടോട്ടൈപ്പുകൾ പുറത്തിറങ്ങിയിരുന്നു. മണിക്കൂറിൽ 153 കിലോമീറ്റർ പരമാവധി വേഗതയും 105 എച്ച്‌പി കരുത്തുമായെത്തിയ ലൈവ്‌വയറിന്റെ വില സമാന സ്പെക്കുള്ള വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് യുഎസ്സിൽ പരക്കെ ആക്ഷേപങ്ങളുയർന്നിരുന്നു. 29,000 ഡോളറിയായിരുന്നു അന്നത്തെ യുഎസ്‌ വില.

കഴിഞ്ഞ മേയിൽ ലൈവ്‌വയർ എന്നത് ഒരു മോഡൽ മാത്രമായി ചുരുങ്ങാതെ തങ്ങളുടെ ഇലക്ട്രിക്ക് ഇരുചക്രവാഹന ഉപ-വിഭാഗമാവുമെന്ന് ഹാർലി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ഇലക്ട്രിക്ക് മോഡലുകൾ ലൈവ്‌വയർ ബ്രാൻഡിൽ നിന്നും എത്തുമെന്നും അന്നവർ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ലൈവ്‌വയർ ബ്രാൻഡിങ്ങിൽ എത്തുന്ന ആദ്യ വാഹനമാണ്‌ ലൈവ്‌വയർ വൺ.

Harley Livewire One Black

എന്താണ്‌ ലൈവ്‌വയർ വൺ?

ലൈവ്‌വയർ എന്ന മുൻമോഡലിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ്‌ ലൈവ്‌വയർ വൺ. ഡിസൈനിലും ഫീച്ചറുകളിലും പവർട്രെയിനിലുമടക്കം മാറ്റങ്ങളുണ്ട്. മുൻപുണ്ടായിരുന്ന ലൈവ്‌വയർ ഇനിമുതൽ ELW എന്നും പുത്തൻ വാഹനം LW1 എന്നുമാവും അറിയപ്പെടുക.

മുൻപത്തെ വാഹനത്തിൽ ഉണ്ടായിരുന്ന ‘യെല്ലോ ഫ്യൂസ്’, ‘ഓറഞ്ച് ഫ്യൂസ്’ എന്നീ നിറങ്ങൾ ലൈവ്‌വയർ വണ്ണിൽ ലഭ്യമാവില്ല. പഴയ വിവിഡ് ബ്ലാക്കും പുതുതായെത്തിയ ഹൊറൈസൺ വൈറ്റുമാണ്‌ ലൈവ്‌വയർ വണ്ണിലുള്ളത്. ഡിസൈനിലെ മറ്റിടങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല.

അനവധി വിവരങ്ങൾ നൽകുന്ന വലിയ ടിഎഫ്‌ടി എൽസിഡി ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, 6-ആക്സിസ് ഐഎംയു (ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ്), കോർണറിംഗ് എബിഎസ്‌, നാലു വ്യത്യസ്ത റൈഡ് മോഡുകൾ എന്നിവ LW1ൽ ഉണ്ട്.

Harley Livewire One charger

ഒരു ഹാർലി പൊടിക്കൈ…

ലൈവ്‌വയർ വണ്ണിന്റെ മറ്റൊരു പ്രധാന സവിശേഷത അതിലെ ഹാപ്‌ടിക്ക് ഫീഡ്‌ബാക്ക് സംവിധാനമാണ്‌. സാധാരണ ഹാർലി ഡേവിഡ്‌സൺ വാഹനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌ അവ ഓടിക്കുമ്പോൾ റൈഡർക്ക് അനുഭവപ്പെടുന്ന വൈബ്രേഷൻ. ഇലക്ട്രിക്ക് വാഹനമായതുകൊണ്ട് ഇവ ലൈവ്‌വയറിൽ ഉണ്ടാവുകയില്ല. ഇത് വലിയൊരു ശതമാനം ഹാർലി ആരാധകർക്കും ഈ വാഹനത്തിൽ ‘മിസ്’ ചെയ്യുന്ന കാര്യമാണെന്ന തിരിച്ചറിവ് ഹാർലിക്ക് ഉണ്ടായെന്നു തോന്നുന്നു. ഇത് കൃത്രിമമായി സൃഷ്ടിക്കുവാനാണ്‌ ഹാപ്ടിക്ക് ഫീഡ്‌ബാക്ക് സംവിധാനം നൽകിയിരിക്കുന്നത്. ഇതിലൂടെ ക്രമീകരിക്കാവുന്ന 3 വ്യത്യസ്ത അളവുകളിൽ, ഈ വൈബ്രേഷനുകൾ വാഹനത്തിന്റെ സീറ്റിൽ ലഭ്യമാവും.

പവർട്രെയിൻ

ലൈവ്‌വയറിന്റെ കൃത്യമായ പവർട്രെയിൻ വിവരങ്ങൾ അറിവായിട്ടില്ല. എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് മുൻമോഡലിൽ കണ്ടുവന്നിരുന്ന അതേ മോട്ടോറും ബാറ്ററിയുമാവും വണ്ണിനും ഉണ്ടാവുക എന്നാണ്‌ അനുമാനിക്കാവുന്നത്. ഈയിടെ പുറത്തുവന്ന VIN രേഖകൾ സൂചിപ്പിക്കുന്നത് ലൈവ്‌വയർ വണ്ണിന്‌ 101 ബിഎച്ച്‌പി കരുത്താണ്‌ ഉണ്ടാവുക എന്നാണ്‌. മുൻമോഡലിന്‌ ഉണ്ടായിരുന്നത് 105 എച്ച്‌പിയാണ്‌. കമ്പനിയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ മുഴുവൻ ടോർക്കും (അതായത് 117 ന്യൂട്ടൺ മീറ്റർ) ഇൻസ്റ്റന്റായി ലഭിക്കുന്നതരം തനത് ‘ഇവി സ്വഭാവമാവും’ ഈ വാഹനത്തിനും ഉണ്ടാവുക. ഫാസ്റ്റ് ചാർജറിലൂടെ 0-100% ഒരു മണിക്കൂറിലും 0-80% 45 മിനിറ്റിലും ചാർജ് ചെയ്യുവാനാകുമെന്നും ഒറ്റ ചാർജിൽ 235 കിലോമീറ്ററുകൾ സഞ്ചരിക്കാനാവുമെന്നുമൊക്കെയാണ്‌ ഹാർലിയുടെ വാദങ്ങൾ.

Harley Livewire One powertrain

പുതിയ വണ്ടി, പുത്തൻ വില !

ഹാർലി ലൈവ്‌വയർ, ലൈവ്‌വയർ വണ്ണായി മാറുമ്പോൾ വലിയൊരു പരാതികൂടി പരിഹരിക്കപ്പെടുകയാണ്‌. മുൻഗാമിയേക്കാൾ പറയത്തക്ക വിലക്കിഴിവും വണ്ണിനുണ്ട്. 29,799 ഡോളറായിരുന്നു ലൈവ്‌വയറിന്റെ വിലയെങ്കിൽ 21,999 ഡോളറാണ്‌ വണ്ണിന്റെ വില. സ്പെസിഫിക്കേഷനുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ വിലക്കൂടുതലാണെന്ന പരാതി ഇനിയുണ്ടാവില്ല.

ജൂലായ് 18നു നടക്കുന്ന ഇന്റർനാഷണൽ മോട്ടോർസൈക്കിൾ ഷോയിൽ പ്രദർശിപ്പിക്കപ്പെടുന്ന വണ്ണിന്റെ യുഎസ്‌ ബുക്കിങ്ങുകൾ ഇപ്പോൾ ലൈവ്‌വയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Harley Davidson Livewire 1 (LW1) electric motorcycle unveiled in US, all details

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...