Review

Hero Maestro Edge 125 Review: ചുള്ളൻ ചെക്കൻ!

ഏറെ പ്രത്യേകതകളുള്ള ഹീറോ മയിസ്ത്രോ എഡ്ജുമായി ഏതാനും ദിനങ്ങൾ

കാലത്തിന്റെ മാറ്റം ഏറ്റവും വേഗത്തിൽ പ്രതിഫലിക്കുന്ന ഇടങ്ങളിലൊന്നാണ്‌ വാഹനവിപണി. നിമിഷം പ്രതിയാണ്‌ അവിടെ പുതു ചലനങ്ങൾ ഉണ്ടാവുന്നത്, ദിനേനയെന്നോണമാണ്‌ പുത്തൻ വാഹനങ്ങൾ പിറവിയെടുക്കുന്നത്. ഈയിടെ സംഭവിച്ച അത്തരം ഒരു മാറ്റമായിരുന്നു 125 സിസി വിഭാഗത്തില്പ്പെടുന്ന സ്കൂട്ടറുകളുടെ വർദ്ധിച്ച സ്വീകാര്യത. മുൻപ് 110 സിസി സ്കൂട്ടറുകൾ എത്രത്തോളം ജനപ്രിയമായിരുന്നോ അതുപോലെയാണ്‌ ഇന്ന് 125 സിസി ഗിയർലെസ് ഇരുചക്രവാഹനങ്ങൾ. ഈ വിഭാഗത്തിലേക്ക് ഹീറോ ഇറക്കിയ ആദ്യ മോഡലായിരുന്നു ഡെസ്റ്റിനി‌ 125.

2018 ഒക്ടോബറിൽ വിപണിയിൽ എത്തിയ ഡെസ്റ്റിനിയുടെ ചുവടുപിടിച്ച് വൈകാതെ മയിസ്ത്രോ എഡ്ജും എത്തി. അതിനു മുൻപ് ഉണ്ടായിരുന്ന 110 സിസി മയിസ്ത്രോ എഡ്ജിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയായിരുന്നു 125 സിസി വാഹനം എത്തിയത്. മുൻ ഡിസ്ക്ക് ബ്രേക്കോടുകൂടിയ ഹീറോയുടെ ആദ്യത്തെ സ്കൂട്ടർ കൂടിയായ മയിസ്ത്രോ എഡ്ജ് 125 ഏതാനും ദിവസങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. പല കാലാവസ്ഥയിൽ, പല റോഡ് സാഹചര്യങ്ങളിലൂടെ ഏതാണ്ട് 200 കിലോമീറ്ററുകൾ ഞങ്ങൾ ഈ വാഹനത്തെ ഓടിക്കുകയുണ്ടായി. ആ ദിനങ്ങളിലെ അനുഭവങ്ങൾ…

Hero Maestro 125

ഡിസൈൻ:

മയിസ്ത്രോ 110ലൂടെ പരിചിതമായ രൂപത്തോട്‌ ചായ്‌വുള്ളതു തന്നെയാണ്‌ ഈ വാഹനത്തിന്റെയും ആകെ രൂപം. എന്നാൽ ഇരുവാഹനങ്ങളെയും വേർതിരിക്കുന്ന ഏതാനും ചെറിയ മാറ്റങ്ങൾ കാണാനുണ്ട് താനും, ഉദാഹരണമായി മുൻ കൗൾ തന്നെ നോക്കുക. 110 സിസി വാഹനത്തിൽ അതിന്‌ ഗ്ളോസിയായ കറുപ്പ് നിറമായിരുന്നുവെങ്കിൽ ഈ വാഹനത്തിൽ ബോഡി കളർ തന്നെയാണ്‌. വശങ്ങളിലെ പാനലുകളുടെ രൂപത്തിലും നേരിയ മാറ്റങ്ങൾ കാണാം. മുന്നിൽ ത്രികോണാകൃതിയിൽ ഒരു LED ഡേ ടൈം റണ്ണിംഗ് ലാമ്പും നല്കിയിട്ടുണ്ട്. ഹെഡ്‌ലാംപ് ഹാലജൻ യൂണിറ്റാണ്‌. LED ഹെഡ്‌ലാമ്പുകളുടെ അഭാവം പോരായ്മയായി പറയാം. ടെയിൽ ലാമ്പുകളുടെ ഡിസൈനിലും പുതുമ നിറയുന്നുണ്ട്.

രണ്ട് ഡ്യുവൽ ടോൺ സ്കീമുകൾ അടക്കം ആറ്‌ വ്യത്യസ്ത വർണ്ണങ്ങളിലാണ്‌ മയിസ്ത്രോ എഡ്ജ് 125 ലഭ്യമാവുക. ഫ്യുവൽ ഇൻജക്ഷനോടു കൂടിയ Fi മോഡലുകളിൽ മാത്രമാവും ഡ്യുവൽ ടോൺ ലഭ്യമാവുക എന്നതും പറഞ്ഞുകൊള്ളട്ടെ. ഇത്തരം ഇരട്ട വർണ്ണങ്ങളുള്ള വാഹനമാണ്‌ ഞങ്ങൾക്ക് ടെസ്റ്റ് റൈഡിനായി ലഭിച്ചതും. പേൾ വൈറ്റ് നിറമുള്ള ബോഡിയും ഫ്ളോർ ബോർഡിനും ഉൾഭാഗത്തെ പ്ലാസ്റ്റിക്കുകൾക്കും തവിട്ടു നിറവുമാണ്‌ ഈ വാഹനത്തിന്‌.

ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകളുടെയും മറ്റു ഘടകങ്ങളുടെയും നിലവാരത്തിൽ തെറ്റു പറയാനില്ല. ലളിതമായ ലേയൗട്ടുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്റർ വേഗത്തിൽ വായിച്ചെടുക്കാനാവും വിധമാണ്‌ രൂപപ്പെടുത്തിയിട്ടുള്ളത്. അനലോഗ് ആയ സ്പീഡോമീറ്ററും, ഫ്യുവൽ ഗേജ് അടക്കം ഒരുപിടി വിവരങ്ങൾ ഡിജിറ്റലായി ഉൾക്കൊള്ളിച്ച ചെറു സ്ക്രീനും അടങ്ങുന്നതാണ്‌ ഇത്.

Hero Maestro 125

ആകെ നിർമ്മാണനിലവാരത്തിൽ തെറ്റുപറയാനില്ല. കാര്യമായ പാനൽ ഗ്യാപ്പുകളോ മറ്റ് രസം കൊല്ലികളോ ഇല്ലായെന്നു പറയാം.

ചെറിയ ഒരു ഫുൾ ഫേസ് ഹെൽമെറ്റ് ഉൾക്കൊള്ളുന്നതാണ്‌ മയിസ്ത്രോയുടെ അണ്ടർ സീറ്റ് സ്റ്റോറേജ്. ഇവിടെ ചെറിയ ഒരു ലൈറ്റും യുഎസ്‌ബി ചാർജിംഗ് സോക്കറ്റും നല്കിയിരിക്കുന്നത് പ്രായോഗികത മുന്നിൽ കണ്ടാണ്‌.

എൻജിൻ:

ഫ്യുവൽ ഇൻജക്ഷനോടുകൂടിയ പുതിയ 125 സിസി എൻജിനാണ്‌ പ്രധാന ആകർഷണം. 9.2 എച്ച്‌പിയാണ്‌ ഇതിന്റെ പവർ. കാർബുറേറ്റർ ഉള്ള വേരിയന്റും ലഭ്യമാണെങ്കിലും അതിൽ കരുത്ത് 8.8 എച്ച്‌പിയായി ചുരുങ്ങുന്നുണ്ട്. ഇരു മോഡലുകളിലും ടോർക്ക് 10.2 ന്യൂട്ടൺ മീറ്ററായി തന്നെ നിലകൊള്ളുന്നു.

റൈഡും ഹാൻഡ്‌ലിങ്ങും:

നിശ്ചലാവസ്ഥയിൽ നിന്നും ഒരു റോക്കറ്റുപോലെ കുതിച്ചുപായുന്ന വാഹനം ഒന്നുമല്ല മയിസ്ത്രോ എഡ്‌ജ് 125. എന്നാൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത പിന്നിടുമ്പോഴേക്ക് ഈ എൻജിൻ അതിന്റെ കരുത്തു കാട്ടുവാൻ തുടങ്ങും. ഏതാണ്ട് 75-80 കിലോമീറ്റർ വേഗം കൈവരിക്കും വരെ ഈ കരുത്ത് നന്നായി ലഭ്യമാവും. മിഡ്‌ റേഞ്ചിലെ പെർഫോമൻസിനാണ്‌ ഈ വാഹനത്തിന്‌ മാർക്ക് നല്കേണ്ടത്.

റിഫൈന്മെന്റിൽ ഒട്ടും മോശക്കാരനല്ല ഈ എൻജിൻ. ഒരു 125 സിസി ഹീറോ എൻജിനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന ശബ്ദമോ വിറയലോ ഒന്നും ഇവനില്ല. എങ്കിലും ഉയർന്ന വേഗങ്ങളിൽ പോകുമ്പോൾ ഫ്ലോർ ബോർഡിലും മുൻ കൗളിലും നേരിയ വിറയൽ അനുഭവപ്പെട്ടിരുന്നു.

തന്റെ 110 സിസി സഹോദരനുമായി ഡിസൈനിൽ ഏറെ അടുത്തുനില്ക്കുന്ന ഷാസിയാണ്‌ മയിസ്ത്രോ 125ന്റേത്. അതുകൊണ്ട് തന്നെ ആ വാഹനത്തിന്‌ ഉണ്ടായിരുന്ന ഹാൻഡ്‌ലിംഗ് പാടവം ഇവനുമുണ്ട്. സസ്പെൻഷൻ അല്പം സ്റ്റിഫാണെങ്കിലും യാത്രാസുഖത്തിന്റെ കാര്യത്തിൽ പരാതികൾ ഉണ്ടാവില്ല.

മണിക്കൂറിൽ 60 കിലോമീറ്റർ വേഗം വരെ നല്ല സ്റ്റബിലിറ്റി നല്കുന്നുണ്ട് മയിസ്ത്രോ 125. എന്നാൽ അതിലും മുകളിലേക്ക് പോവാനാണ്‌ ഉദ്ദേശമെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്‌. മുന്നിലെ 12 ഇഞ്ചും പിന്നിലെ 10 ഇഞ്ചും വീലുകൾ തമ്മിലുള്ള ‘കെമിസ്ട്രിയിലെ’ പ്രശ്നമാവാം കാരണം! തുടർച്ചയായ ഓട്ടങ്ങളിൽ ഈ എൻജിൻ അല്പം ചൂടാവുന്നുണ്ടെന്നതും പറയേണ്ടതുണ്ട്.

മുന്നിൽ ബൈബറിന്റെ ഡിസ്ക്കും പിന്നിൽ ഡ്രമ്മും ആണ്‌ ബ്രേക്കുകൾ. ഹീറോയുടെ കോംബി ബ്രേക്കിംഗ് സംവിധാനമായ iBS കൂടിയുണ്ട് ഈ വാഹനത്തിൽ. നല്ല ബൈറ്റേകുന്ന ബ്രേക്കുകൾ ആകയാൽ കൂടുതൽ ബഹളങ്ങളില്ലാതെ ഏത് വേഗതയെയും പൂട്ടാനാവും.

Hero Maestro 125

മൈലേജും വിലയും:

200 കിലോമീറ്ററുകളോളം നീണ്ട ഞങ്ങളുടെ ടെസ്റ്റ് കാലയളവിൽ ലഭിച്ച ശരാശരി ഇന്ധനക്ഷമത ലീറ്ററിന്‌ 45 കിലോമീറ്ററോളം ആയിരുന്നു. ടെസ്റ്റ് മുന്നിൽ കണ്ടുകൊണ്ടുള്ള റൈഡിംഗ് രീതികളിൽ ആയിരുന്നു പ്രസ്തുത മൈലേജ് ലഭിച്ചത് എന്നതുകൊണ്ട് തന്നെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരാൾക്ക് തീർച്ചയായും ഇതിലേറെ പ്രതീക്ഷിക്കാം. ഡിസ്ക്ക് ബ്രേക്കും ഫ്യുവൽ ഇൻജക്ഷനും ഉള്ള ഞങ്ങളുടെ ടെസ്റ്റ് വാഹനത്തിന്‌ 62,700 രൂപയാണ്‌ കൊച്ചി എക്സ്‌ ഷോറൂം വില.

Hero Maestro 125

ALSO READ:

English Summary : Hero Maestro Edge 125 Review in Malayalam | Vroom Head Malayalam

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...