Electric Vehicles

ഇന്ത്യയിലെ ആദ്യത്തെ ഇൻ്റഗ്രേറ്റഡ് ബാറ്ററി സ്വാപ്പിംഗ്- ചാർജിംഗ് സ്റ്റേഷൻ ശൃംഖലയുമായി ഹോപ്പ് ഇലക്ട്രിക്ക് മൊബിലിറ്റി

മറ്റു ചില പ്രമുഖ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളും സ്വാപ്പിംഗ് നെറ്റ്‌വർക്ക് വികസിപ്പിക്കുന്നുണ്ടെങ്കിലും ആദ്യമായി പ്രവർത്തനമാരംഭിക്കുന്നത് ഹോപ്പിൻ്റെ സ്വാപ്പിംഗ് സിസ്റ്റമാണ്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രായോഗികതയും സ്വീകാര്യതയും നിർണ്ണയിക്കുന്നതിൽ വലിയ പങ്കാണ്‌ ഇവി ഇൻഫ്രസ്ട്രക്സ്ചറിനുള്ളത്. ഈയടുത്ത കാലം വരെയും ‘ഇവി ഇൻഫ്രസ്ട്രക്ചർ’ എന്നത് ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് സ്റ്റേഷനുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ലോകത്ത് വിപ്ളവങ്ങൾ കൊണ്ടുവന്നേക്കാവുന്ന സാങ്കേതികവിദ്യയാണ്‌ ബാറ്ററി സ്വാപ്പിംഗ്. സ്വാപ്പിംഗ് നെറ്റ്‌വർക്ക് എത്തുന്നതോടെ ഇവികളുടെ പ്രായോഗികത പലമടങ്ങ് വർദ്ധിക്കും.

ഇന്ത്യയിലെ ആദ്യത്തെ ബാറ്ററി സ്വാപ്പിംഗ്- ചാർജിംഗ് സ്റ്റേഷൻ ശൃംഖല അവതരിപ്പിച്ചിരിക്കുകയാണ്‌ ഇലക്ട്രിക്ക് വാഹന സ്റ്റാർട്ടപ്പായ ഹോപ്പ് ഇലക്ട്രിക്ക് മൊബിലിറ്റി. രാജ്യത്തെ പല പ്രമുഖ ഇലക്ട്രിക്ക് വാഹന ബ്രാൻഡുകളും ബാറ്ററി സ്വാപ്പിങ്ങിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഈ സംവിധാനത്തെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനുമുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ആദ്യമായി പ്രവർത്തനമാരംഭിക്കുന്ന സ്വാപ്പിംഗ് നെറ്റ്‌വർക്ക് ഹോപ്പിന്റേതാണ്‌.

‘ഹോപ്പ് എനർജി നെറ്റ്‌വർക്ക്’ എന്ന ഈ ശൃംഖല ഏതാണ്ട് ആറു മാസത്തോളം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചശേഷമാണ്‌ ഇപ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത്. ഹോപ്പ് ഇലക്ടിക്ക് മൊബിലിറ്റിയുടെ പ്ലാന്റ് സ്ഥിതിചെയ്യുന്ന ജയ്പൂരിലാണ്‌ ഇവരുടെ സ്വാപ്പിംഗ് ശൃംഖലയുടെയും പൈലറ്റ് റൺ നടന്നത്. 5 സ്വാപ്പിംഗ് സ്റ്റേഷനുകളും അൻപതിലേറെ ബാറ്ററികളുമായിരുന്നു ടെസ്റ്റിംഗ് വേളയിൽ ഉണ്ടായിരുന്നത്. ആറു മാസത്തിനിടെ രണ്ടായിരത്തിലേറെ തവണ ബാറ്ററി സ്വാപ്പ് ചെയ്തെന്നും അതിലൂടെ ഏതാണ്ട് 1,40,000 കിലോമീറ്ററിലേറെ ദൂരം ഹോപ്പിന്റെ ഇലക്ട്രിക്ക് സ്കൂട്ടറുകൾ സഞ്ചരിച്ചുവെന്നുമാണ്‌ കമ്പനിയുടെ വാദം.

Hop energy network
Battery Swapping system | Hop Energy Network

എന്താണ്‌ ഹോപ്പ് എനർജി നെറ്റ്‌വർക്ക്?

ഹോപ്പ് ഇലക്ട്രിക്ക് മൊബിലിറ്റിയുടെ ഇലക്ട്രിക്ക് വാഹന ചാർജറുകളും ബാറ്ററി സ്വാപ്പ് ചെയ്യുവാനുള്ള സൗകര്യവും അടങ്ങുന്നതാണ്‌ ഹോപ്പ് എനർജി നെറ്റ്‌വർക്കിലെ ഓരോ സ്റ്റേഷനും. ഹോപ്പ് ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ബാറ്ററികൾ 30 സെക്കൻഡിനുള്ളിൽ സ്വാപ്പ് ചെയ്യുവാനാവും, അതായത് 30 സെക്കൻഡിനുള്ളിൽ ചാർജ് തീർന്ന ബാറ്ററി മാറി എനർജി നെറ്റ്‌വർക്ക് സ്റ്റേഷനിൽ നിന്നും ഫുൾ ചാർജുള്ള ബാറ്ററി ഘടിപ്പിക്കുകയും യാത്ര തുടരുകയുമാവാം. ഇത്തരത്തിൽ മാറുന്ന ചാർജുതീർന്ന ബാറ്ററികൾ സ്റ്റേഷനിലെ ഉപകരണങ്ങളിലൂടെ ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യുവാനാകും. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (NFC) പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ്‌ ഹോപ്പ് എനർജി നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്.

നിലവിലെ പെട്രോൾ പമ്പുകളിൽ തങ്ങളുടെ ചാർജിംഗ്-സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ്‌ ഹോപ്പിന്റെ പാദ്ധതി. ഇതിലൂടെ പുതുതായി സ്ഥലം വാങ്ങി സ്റ്റേഷനുകൾ പണിതുയർത്തുന്നതിനുള്ള സമയവും സാമ്പത്തികവും ലാഭിക്കാം.

രണ്ട് തരത്തിലാണ്‌ ഹോപ്പ് ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ഉടമസ്ഥർക്ക് ഹോപ്പ് എനർജി നെറ്റ്‌വർക്കിന്റെ സേവനം ലഭ്യമാക്കാവുന്നത്- ഒന്ന്, പ്രതിമാസം 2500 രൂപ നിരക്കിൽ രാജ്യത്തെവിടെയുമുള്ള ഹോപ്പ് എനർജി ഔട്ട്ലെറ്റുകളിൽ നിന്നും അൺലിമിറ്റഡ് സ്വാപ്പുകൾ സ്വീകരിക്കാം. രണ്ട്, സ്വാപ്പിംഗ് സേവനം ഉപയോഗിക്കുമ്പോൾ മാത്രം അതത് സ്വാപ്പുകൾക്കു മാത്രം പണം നൽകാം, ഇങ്ങനെ ചെയ്യുമ്പോൾ ഒരു കിലോമീറ്റർ ഓടാനുള്ള ചാർജിന്‌ 1 രൂപ വീതമാണ്‌ നൽകേണ്ടിവരിക. ജയ്‌പൂരിനു പുറമെ ദില്ലി, പൂനെ, ബാംഗ്ലൂർ, ഹൈദരാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഹോപ്പ് എനർജി നെറ്റ്‌വർക്ക് ഉടൻ എത്തുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഹോപ്പ് ലൈഫ്, ലിയോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഈയിടെ വിപണിയിലെത്തിയിരുന്നു. ഇതിനുപുറമെ രണ്ട് പുത്തൻ ഇരുചക്ര വാഹനങ്ങളെക്കൂടി ഉടൻ പുറത്തിറക്കാൻ ഹോപ്പിനു പദ്ധതിയുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Hop Electric Mobility launches India’s first battery swapping-charging stations, called Hop energy Network

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...