Bikes

Husqvarna Vektorr: സ്റ്റൈലൻ സ്കൂട്ടർ കൺസപ്റ്റുമായി ഇലക്ട്രിക്ക് ആവാനൊരുങ്ങി ഹസ്ക്‌വർണ !

ഹസ്ക്‌വർണ വെക്ടർ കൺസപ്റ്റിൻ്റെ പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് അറിയുന്നു

ഈയിടെ ഇ-പിലൻ എന്ന തങ്ങളുടെ ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ച ശേഷം ഇപ്പോൾ മറ്റൊരു വലിയ അനാവരണം കൂടി നടത്തിയിരിക്കുകയാണ്‌ സ്വീഡിഷ് ബ്രാന്റായ ഹസ്ക്‌വർന. വെക്ടർ (vektorr) എന്ന ഇലക്ട്രിക്ക് സ്കൂട്ടർ കൺസപ്റ്റ് ആണ്‌ ഇപ്പോൾ വെളിച്ചം കണ്ടിരിക്കുന്നത്. എന്നാൽ കേവലമൊരു കൺസപ്റ്റ് എന്നു പറഞ്ഞ് തള്ളിക്കളയാൻ ആവില്ല വെക്ടറിനെ. ഏതാണ്ട് പ്രൊഡക്ഷൻ-റെഡി ആയി തോന്നുന്ന ഈ വാഹനം അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ്‌ കരുതുന്നത്.

ഹസ്ക്‌വർനയുടെ മാതൃസ്ഥാപനമായ പിയെർ മൊബിലിറ്റിയുടെ ഭൂരിഭാഗം ഓഹരികളും ബജാജിന്റേതാണ്‌. അതുകൊണ്ട് തന്നെ വെക്റ്ററിന്റെ നിർമ്മാണത്തിലും ബജാജ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോൾ സൂപ്പർ ഹിറ്റ് ആയി വിറ്റുകൊണ്ടിരിക്കുന്ന ബജാജ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ പ്ലാറ്റ്ഫോം തന്നെയാണ്‌ വെക്ടറിനും ഉണ്ടാവുക. പ്രധാനമായും യൂറോപ്യൻ വിപണിയെ ലക്ഷ്യം വയ്ക്കുന്ന വെക്ടർ ഇന്ത്യയിലും നിർമ്മിക്കപ്പെടും എന്നു കേൾക്കുന്നു.

Husqvarna Vektorr concept

സ്വാർട്ട്‌പിലൻ, വിറ്റ്‌പിലൻ പോലുള്ള മോഡലുകളിൽ കണ്ട, ആധുനികവും സ്റ്റൈലിഷുമായ ഡിസൈനാണ്‌ വെക്ടറിനുമുള്ളത്. എടുത്തറിയുന്ന ബോഡി ലൈനുകളും വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും രസികൻ ടെയിൽ ലാമ്പുമൊക്കെയായി ഒരു സ്റ്റൈലൻ ‘അർബൻ’ വാഹനമായാണ്‌ കമ്പനി വെക്ടറിനെ വിഭാവനം ചെയ്യുന്നത്. ബോഡിയിൽ അങ്ങിങ്ങായുള്ള മഞ്ഞ നിറത്തിന്റെ സാന്നിധ്യം വാഹനത്തിന്‌ കൂടുതൽ യുവത്വം സമ്മാനിക്കുന്നു. വളരെ നിവർന്ന് ഇരിക്കുംവിധമാണ്‌ വെക്ടറിന്റെ റൈഡിംഗ് പൊസിഷൻ എന്നുള്ളത് പ്രായോഗികതയും യാത്രാസുഖവും വർദ്ധിപ്പിക്കും.

‘ഊരിമാറ്റാവുന്ന ബാറ്ററി’ സങ്കല്പം ഇലക്ട്രിക്ക് വാഹനങ്ങളിൽ വലിയ വിപ്ലവം കൊണ്ടുവന്നേക്കാം. അതുകൊണ്ട് തന്നെ സ്വാപ്പബിൾ ബാറ്ററികളുടെ കാര്യത്തിൽ വലിയ ഗവേഷണങ്ങളാണ്‌ ഇന്ന് നടക്കുന്നത്. ഇതിനായി രൂപീകരിച്ച കൺസോഷ്യത്തിൽ ഹോണ്ട യമഹ, പിയാജിയോ എന്നിവർക്കൊപ്പം പിയെർ മൊബിലിറ്റിയും ഉണ്ട്. അതുകൊണ്ട് തന്നെ വെക്ടറിന്റെ പ്രൊഡക്ഷൻ മോഡലിനുണ്ടാവുക ഒരു സ്വാപ്പബിൾ ബാറ്ററി പായ്ക്ക് അവുമെന്നാണ്‌ കരുതുന്നത്. 4 കിലോവാട്ട് ശക്തിയുള്ള 48 വോൾട് മോട്ടോറാവും ഈ വാഹനത്തിനു ജീവനേകുക.

Husqvarna Vektorr concept

അടുത്ത 10 വർഷത്തിനുള്ളിൽ 50-125 സിസി സ്കൂട്ടറുകളുടെ സമാന പെർഫോമൻസ് നല്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം യൂറോപ്പിൽ വളരെയധികം (ഏതാണ്ട് 50 ശതമാനത്തോളം) വർദ്ധിക്കുമെന്നാണ്‌ കരുതപ്പെടുന്നത്. ഇതിലേക്ക് സമഗ്രമായി സംഭാവന ചെയ്യാൻ തന്നെയാണ്‌ ഹസ്ക്‌വർനയുടെ പദ്ധതി. ഇ-പിലനും വെക്ടറും Bltz എന്ന ഇലക്ട്രിക്ക് സ്റ്റാൻഡ് അപ്പ് സ്കൂട്ടറുമൊക്കെ ഇതിനായുള്ള ആയുധങ്ങളാണെന്നതും വ്യക്തമാണ്‌.

English Summary: Husqvarna Vektorr concept unveiled alongside E Pilen and Bltz and is based on Bajaj Chetak

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...