Hyundai

ചുള്ളനായി ഹ്യുണ്ടായ് അൽകാസർ എത്തി, വില 16.30 ലക്ഷം മുതൽ

അൽകാസറിന്‌ 6 സീറ്റർ, 7 സീറ്റർ പതിപ്പുകൾ ഉണ്ടാവും.

കാത്തിരിപ്പുകൾക്കു വിരാമമിട്ടുകൊണ്ട് ഹ്യുണ്ടായുടെ ഏറ്റവും പുതിയ 7 സീറ്റർ എസ്‌യുവിയായ അൽകാസർ വിപണിയിലെത്തി. 3 ട്രിമ്മുകളും 2 വ്യത്യസ്ത സീറ്റിംഗ് കോൺഫിഗറേഷനുകളുമുള്ള വാഹനത്തിന്റെ എക്സ്‌ ഷോറൂം വില ആരംഭിക്കുന്നത് 16.30 ലക്ഷത്തിലാണ്‌. ടോപ്പ്-സ്പെക്ക് ഡീസൽ മോഡലിന്റെ വിലയാവട്ടെ 19.99 ലക്ഷവും.

ഹ്യുണ്ടായ് ക്രെറ്റ എന്ന സൂപ്പർഹിറ്റ് എസ്‌യുവിയുടെ 7 സീറ്റർ പതിപ്പായാണ്‌ നാം അൽകാസറിനെപ്പറ്റി കേട്ടു തുടങ്ങിയത്. എന്നാൽ ഡിസൈനും എൻജിനുമടക്കം അനേകമിടങ്ങളിൽ അൽക്കസാർ ക്രെറ്റയിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട്.

ഡിസൈൻ

അൽകാസറിന്റെ പ്രത്യേകതകൾ അതിന്റെ പേരിൽ ആരംഭിക്കുന്നു. അൽകാസർ (ALCAZAR) എന്ന സ്പാനിഷ് വാക്കിനർഥം ‘കാസിൽ’ അഥവാ കോട്ടയെന്നാണ്‌. സ്പെയിനിലും പോർച്ചുഗലിലുമുള്ള ആഡംബരസമൃദ്ധങ്ങളായ മൂറിഷ് കൊട്ടാരങ്ങളാണിവ. ഹ്യുണ്ടായ് തങ്ങളുടെ 7 സീറ്റർ എസ്‌യുവിയുടെ ഉള്ളിലെ സ്ഥലസൗകര്യവും ആഡംബരവും എടുത്തുകാട്ടാനാവണം അതിനെ ഇപ്രകാരം നാമകരണം ചെയ്തിരിക്കുന്നത്.

ക്രെറ്റയുടെ K2 പ്ലാറ്റ്ഫോമിലാണ്‌ നിർമ്മിച്ചിരിക്കുന്നതെങ്കിലും ക്രെറ്റയേക്കാൾ 150 മില്ലിമീറ്ററോളം അധിക വീൽബേസുണ്ട് അൽകാസറിന്‌. മാത്രമല്ല, ക്രെറ്റയുടെ വീലുകൾ 17 ഇഞ്ച് ആയിരുന്നുവെങ്കിൽ അൽകാസറിന്റേത് 18 ഇഞ്ചാണ്‌.

Hyundai Alcazar official TVC

കൂടുതൽ വലുപ്പമേറിയ, ക്രോമിന്റെ വ്യക്തമായ സാന്നിധ്യമുള്ള മുൻ ഗ്രിൽ, LED ഹെഡ്‌ലാമ്പുകൾ, രൂപമാറ്റം വരുത്തിയ ബമ്പറുകൾ, പുത്തൻ ‘റാപ്പ്-എറൗണ്ട്’ ഡിസൈനോടുകൂടിയ ടെയിൽ ലാമ്പുകൾ, വലിയ പിൻ ക്വാർട്ടർ ഗ്ലാസ്, ക്രെറ്റയുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചേറെ ‘നിവർന്നു നില്ക്കുന്ന’ ടെയിൽഗേറ്റ്, ഡ്യുവൽ എക്സ്ഹോസ്റ്റ് ടിപ്പുകൾ എന്നിവയാണ്‌ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. രണ്ട് ഡ്യുവൽ ടോൺ നിറങ്ങളടക്കം 6 വ്യത്യസ്ത വർണ്ണങ്ങളിൽ അൽകാസർ ലഭ്യമാവും.

ഉൾഭാഗം

തീർത്തും പ്രീമിയം സ്വഭാവമുള്ളതാണ്‌ അൽകാസറിന്റെ ഉൾവശം. ആഡ്യത്തം തൊന്നിക്കുന്ന ബ്രൗൺ നിറമാണ്‌ ക്യാബിനിൽ മിക്കയിടങ്ങളിലും. ബോസ് പ്രീമിയം ഓഡിയോ സിസ്റ്റത്തോടുകൂടിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ലെയ്ൻ ചേഞ്ച് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, പാനോരമിക്ക് സൺറൂഫ്, ISOFIX മൗണ്ടുകൾ, രണ്ടാം നിരയിൽ സൺബ്ലൈൻഡുകൾ, വയർലെസ് ചാർജർ എന്നിവയൊക്കെ ഫീച്ചറുകളുടെ പട്ടികയിലുണ്ട്. അൽക്കസാറിന്റെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്‌ മറ്റൊരു പ്രധാന ആകർഷണം. ഐ20, വെർണ പോലുള്ള വാഹനങ്ങളിൽ കണ്ടതരം ഡിസ്പ്ലേ അല്ല ഇത്. ഈ ഫുൾ കളർ സ്ക്രീൻ എത്തുന്നത് ഹ്യുണ്ടായുടെ ചില ഗ്ലോബൽ മോഡലുകളിൽ നിന്നുമാണ്‌.

ഈ വിഭാഗത്തിലെ മറ്റു വാഹനങ്ങളെപ്പോലെ അൽകാസറിനും 6 സീറ്റർ, 7 സീറ്റർ വകഭേദങ്ങളുണ്ട്. 6 സീറ്റർ വേരിയന്റുകളിൽ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളാവും ഉണ്ടാവുക. കൂടാതെ, യാത്രികരുടെ സൗകര്യാർഥം രണ്ട് സീറ്റുകൾക്കും നടുവിലായി ‘ഫ്ലോർ മൗണ്ടഡ്’ ആയ ആം റെസ്റ്റുമുണ്ട്. ഇവയിൽ സ്റ്റോറേജ് സ്പേസുകളും വയർലെസ് ചാർജിംഗ് ബേയും ഇണക്കിച്ചേർത്തിരിക്കുന്നു. ‘വൺ-ടച്ച്’ ടിപ്പ്/ ടംബിൾ ഫംഗ്ഷനോടു കൂടിയവയാണ്‌ രണ്ടാം നിര സീറ്റുകൾ. മുൻസീറ്റുകളുടെ പിന്നിൽ ഘടിപ്പിച്ച മടക്കി വയ്കാവുന്ന ട്രേ ടേബിളുകളും എടുത്തുപറയേണ്ടവയാണ്‌.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

പ്ലാറ്റ്‌ഫോം, എൻജിൻ, ട്രാൻസ്മിഷൻ

ഹ്യുണ്ടായ് ക്രെറ്റയുടെ അതേ പ്ലാറ്റ്ഫോമിലാണ്‌ അൽകാസറും നിർമ്മിച്ചിട്ടുള്ളത്. 1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ്‌ ഈ വാഹനത്തിനുള്ളത്. ഡീസൽ എൻജിൻ ക്രെറ്റയിൽ നിന്നും കടം കൊണ്ടതാണെങ്കിലും അൽകാസറിൽ എത്തുമ്പോൾ ഇതിൽ പറയത്തക്ക റീട്യൂണിംഗ് സംഭവിച്ചിട്ടില്ല, 115 hp മാത്രമാണ്‌ ഇപ്പോഴും കരുത്ത് (ക്രെറ്റയിൽ ഇത് 113 hp ആയിരുന്നു). എന്നാൽ ഇരുവാഹനങ്ങളുടെയും ടോർക്ക് സമമാണ്‌- 250 Nm.

പെട്രോൾ എൻജിനാണ്‌ കൂട്ടത്തിലെ താരം. ഈ 1999 സിസി എൻജിൻ പുതിയ എലാൻട്രയിൽ നിന്നും എത്തിയതാണ്‌. എന്നാൽ അൽകാസറിൽ ഇവന്‌ 7 എച്ച്‌പിയോളം അധിക കരുത്തുണ്ട്- അതായത് 159 hp, 191 Nm ആണ്‌ ഇപ്പോൾ ഈ എൻജിൻ ഉത്പാദിപ്പിന്നത്. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കാൻ പെട്രോൾ അൽകാസറിന്‌ 9.5 സെക്കൻഡുകൾ മതിയെന്നാണ്‌ ഹ്യുണ്ടായുടെ വാദം.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്ക് (6AT) ഗിയർബോക്സുകളാണ്‌ അൽകാസറിൽ ഉണ്ടാവുക. എന്നാൽ കൂടുതൽ സുഖകരമായ ഡ്രൈവ് ലഭിക്കുംവിധം ഇവയുടെ ഗിയർ റേഷ്യോയും മറ്റും റീട്യൂൺ ചെയ്യപ്പെട്ടിട്ടുണ്ട്.

ഫ്രണ്ട് വീൽ ഡ്രൈവായ വാഹനത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവ്- ട്രാക്ഷൻ മോഡുകളും ലഭ്യമാണ്‌. പെട്രോൾ മോഡലിന്‌ ലിറ്ററിന്‌ 14 കിലോമീറ്ററിലേറെയും ഡീസലിനു 18+ കിലോമീറ്ററുമാണ്‌ മൈലേജ് അവകാശപ്പെടുന്നത്.

വിലയും എതിരാളികളും

പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ 4 വ്യത്യസ്ത ട്രിമ്മുകളിൽ അൽകാസർ ലഭ്യമാണ്‌. ഇവയുടെ വിശദമായ വിലവിവരപ്പട്ടിക ചുവടെ.

Hyundai Alcazar variants and prices full list
Hyundai Alcazar Variants and Prices

അൽക്കസാറിന്റെ പ്രധാന എതിരാളികൾ ടാറ്റ സഫാരിയും എംജി ഹെക്ടർ പ്ലസ്സുമാണ്‌. 14.73 ലക്ഷത്തിലാണ്‌ സഫാരിയുടെ വില തുടങ്ങുന്നതെങ്കിൽ ഹെക്ടർ പ്ലസ് 13.44 ലക്ഷം മുതൽ ലഭ്യമാണ്‌.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

English Summary: 7 seater Hyundai Alcazar launched in India from Rs 16.30 lakh.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...