Jawa

ജാവയ്ക്ക് ഇനി രണ്ട് പുത്തൻ നിറങ്ങൾ കൂടി!

1971ലെ ഇന്ത്യൻ ആർമിയുടെ വിജയത്തിൻ്റെ ഓർമ്മ പുതുക്കുകയാണ് പുതിയ കാക്കിയും മിഡ്‌നൈറ്റ് ഗ്രേയും നിറങ്ങൾ

തങ്ങളുടെ തിരിച്ചുവരവിൽ ജാവയ്ക്ക് രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്- ക്ലാസിക്ക് ജാവയും ജാവ 42-വും. റോയൽ എൻഫീൽഡ് എന്ന അതിശക്തനായ എതിരാളിയോടാണ് മത്സരം എന്നതുകൊണ്ട് കാലികമായ മാറ്റങ്ങൾ വാഹനങ്ങളിൽ എത്തിക്കാൻ രണ്ടാം വരവിൽ ജാവ ശ്രദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ ഈ വർഷമാദ്യം 42-വിന് ചില സുപ്രധാന മാറ്റങ്ങൾ ലഭിച്ചിരുന്നു. വിലയിൽ 12,000 രൂപയോളം വർദ്ധനവുണ്ടായെങ്കിലും മുൻമോഡലിൽ കാണാഞ്ഞ ഏതാനും ഫീച്ചറുകളും, ആക്സസറികളും, പുത്തൻ നിറങ്ങളും, കൂടുതൽ മെച്ചപ്പെടുത്തിയ എൻജിനുമൊക്കെയായാണ്‌ 2021 ജാവ 42 എത്തിയത്.

ഇപ്പോഴിതാ ഐക്കോണിക്ക് മോഡലായ ജാവയും മുഖംമിനുക്കി വരികയാണ്. 2021 ജാവയിൽ രണ്ട് പുത്തൻ നിറങ്ങൾ എത്തിക്കഴിഞ്ഞു- കാക്കിയും മിഡ്‌നൈറ്റ് ഗ്രേയും. മാറ്റ് നിറങ്ങളാണ്‌ രണ്ടും. ഒറ്റനോട്ടത്തിലേ തോന്നുന്ന ‘മിലിട്ടറി ചുവ’ അരക്കിട്ടുറപ്പിക്കുന്ന ഒരു പ്രത്യേകതയും കാക്കി/ മിഡ്‌നൈറ്റ് ഗ്രേ നിറങ്ങളിലെത്തുന്ന ജാവയ്ക്കുണ്ട്. ഈ വാഹനങ്ങൾ എത്തുന്നത് 1971ൽ ഇന്ത്യൻ ആർമി കൈവരിച്ച അനശ്വര വിജയത്തിൻ്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ്. 1971 വിജയത്തിൻ്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ് സേന ഇക്കൊല്ലം. ഇതിൻ്റെ ഭാഗമായി ഇക്കുറി കാർഗിൽ വിജയദിവസ്, ടുർടുക് ഓർമ്മദിവസം പോലുള്ള ദിനങ്ങളിലെല്ലാം സൈന്യവുമായി ചേർന്ന് ജാവ പ്രത്യേക റൈഡുകൾ സംഘടിപ്പിക്കും.

Army insignia on Jawa khakhi and jawa midnight grey
Army insignia on Jawa khakhi and jawa midnight grey

ജാവ കാക്കിയും മിഡ്‌നൈറ്റ് ഗ്രേയും: പ്രത്യേകതകൾ എന്തെല്ലാം?

നിറങ്ങളാണ് ഇരുവാഹനങ്ങളുടെയും ഏറ്റവും വലിയ പ്രത്യേകത. ജാവ കാക്കിയുടെ പെയിൻ്റ് രാജ്യത്തിനായി നിസ്വാർഥ സേവനമനുഷ്ഠിക്കുന്ന സായുധസേനകളോടുള്ള ആദരസൂചകമാണെന്നാണ് കമ്പനി പറയുന്നത്, മിഡ്നൈറ്റ് ഗ്രേയാവട്ടെ രാജസ്ഥാൻ അതിർത്തിയിലെ ലോംഗേവാലയിൽ ആർമിയും ബിഎസ്ഇഫും ചേർന്നു നേടിയ വിജയത്തെ കുറിക്കുന്നു, 71 ലെ വിജയത്തിൽ വലിയ പങ്കുവഹിച്ച യുദ്ധമായിരുന്നു രാജസ്ഥാനിലേത്.

ഇന്ത്യൻ ആർമിയോടുള്ള ആദരസൂചകമാണീ വാഹനം എന്നു കാണിക്കുന്ന മറ്റൊരു കാര്യം കൂടി പുത്തൻ ജാവയിലുണ്ട്- ടാങ്കിനു നടുവിലായി ‘ലോറൽ റീത്തിനുള്ളിൽ’ പതിപ്പിച്ചിരിക്കുന്ന ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക ചിഹ്നം! ഇന്ത്യയിൽ ഇതാദ്യമായണ് ഒരു പ്രൊഡക്ഷൻ മോട്ടോർസൈക്കിളിൽ ഈ ചിഹ്നം ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്നത്. ടാങ്കിലുടനീളം നീളുന്ന ഇന്ത്യൻ പതാകയെ ഓർമ്മിപ്പിക്കുന്ന സ്ട്രൈപ്പും ഫ്യുവൽ ക്യാപ്പിലെ ‘സ്വർണിം വിജയ് വർഷിനെ’ സൂചിപ്പിക്കുന്ന സ്വർണ്ണനിറവും മറ്റു പ്രത്യേകതകളാണ്.

jawa midnight grey
Jawa Midnight Grey

ഡിസൈനിൽ സംഭവിച്ച മറ്റൊരു മാറ്റം മുൻമോഡലിൽ ക്രോം പ്ലേറ്റു ചെയ്തിരുന്ന ഘടകങ്ങളെല്ലാം ഇപ്പോൾ കറുപ്പണിഞ്ഞു എന്നതാണ്. സ്പോക്ക് വീലുകളിലടക്കം ഏതാണ്ടെല്ലാ മെക്കാനിക്കൽ ഘടകങ്ങളിലും കറുപ്പു മാത്രമാണ് കാണാനാവുക. എൻജിനാവട്ടെ ബ്രഷ്‌ഡ് ഫിന്നുകളോടു കൂടിയതാണ്.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

മെക്കാനിക്കൽ മാറ്റങ്ങളില്ല!

പുത്തൻ നിറങ്ങളിൽ 2021 ജാവയെത്തുമ്പോൾ എൻജിനോ മറ്റു മെക്കാനിക്കൽ ഭാഗങ്ങളോ മാറിയിട്ടില്ല. ഫ്യുവൽ ഇൻജക്ഷനോടുകൂടിയ 293 സിസി, ലിക്വിഡ് കൂൾഡ്, എൻജിനാണ്‌ പുത്തൻ ജാവയിലുമുള്ളത്. 27.33 എച്ച്പിയും 27.02 ന്യൂട്ടൺ മീറ്ററുമാണിത് നൽകുക. 6 സ്പീഡ് ഗിയർബോക്സും മുന്നിൽ ടെലസ്കോപ്പിക്ക് ഫോർക്കുകളും പിന്നിം ഇരട്ട സ്പ്രിങ്ങുകളുമടങ്ങുന്ന സസ്പെൻഷനും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ പുത്തൻ ജാവയിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുംവിധം സസ്പെൻഷൻ ചെറുതായൊന്ന് റീ കാലിബറേറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, കൂടുതൽ സ്ഥലവും യാത്രാസുഖവും ലഭിക്കുംവിധം സീറ്റിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ്‌ മാതൃസ്ഥാപനമായ ക്ലാസിക്ക് ലെജൻഡ്‌സിന്റെ വാദം.

2021 Jawa Khakhi
2021 Jawa Khakhi

വിലയും എതിരാളികളും

കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങളുള്ള ജാവയ്ക്ക് 1,93,357 രൂപയാണ് ഡൽഹി എക്സ്‌-ഷോറൂം വില. ജാവയുടെ എല്ലാ ഡീലർഷിപ്പുകളിലൂടെയും ഇപ്പോൾ ഇവ ബുക്ക് ചെയ്യുവാനാവും.

ഇവൻ്റെ പ്രധാന എതിരാളി ക്ലാസിക്ക് 350 അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള റോയൽ എൻഫീൽഡ് സിഗ്നൽസ് ആവും. ഈ വാഹനത്തിനും ജാവ കാക്കിയുടെ നിറത്തോടു സാമ്യം തോന്നാവുന്ന നിറവും ( സ്റ്റോം റൈഡർ സാൻഡ് എന്നാണ് പേര്) ആർമി ബന്ധവുമൊക്കെ ഉണ്ട്. ആർമിയുടെ സിഗ്നൽസ് വിഭാഗത്തിനോടുള്ള ആദരസൂചകമായാണ് ഈ മോഡൽ എൻഫീൽഡ് വിപണിയിലെത്തിച്ചത്. 1.91 ലക്ഷമാണ് സിഗ്നൽസിന് ഇന്ത്യയിൽ വില.

മിലിറ്ററി നിറങ്ങളിൽ കുറച്ചുകാലം മുൻപ് മറ്റൊരു വാഹനം കൂടി റോയൽ എൻഫീൽഡ് വില്പനയ്ക്ക് എത്തിച്ചിരുന്നു- പെഗസസ്. ലിമിറ്റഡ് എഡിഷൻ മോഡലായെത്തിയ പെഗസസിന് വമ്പൻ ഡിമാൻഡാണിവിടെ ഉണ്ടായിരുന്നത്.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Jawa Khakhi and Jawa Midnight Grey launched in India, all details explained.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...