Kia Motors

തകർപ്പൻ ലുക്കിൽ കിയ സോണറ്റ് എത്തുന്നു, ലോഞ്ച് ഉടൻ !

തകർപ്പൻ ലുക്കും കിടിലൻ ഫീച്ചറുകളുമായി കിയ മോട്ടോഴ്സ് ഇന്ത്യയുടെ മൂന്നാമത്തെ പോരാളി എത്തുന്നു- സോണറ്റ്!

ഇന്ത്യയിൽ ചുരുങ്ങിയകാലം കൊണ്ട് അതുല്യമായ ഒരു വിജയഗാഥ രചിച്ച വാഹനനിർമ്മാതാക്കളാണ്‌ കിയ മോട്ടോഴ്സ്. ഇവരുടെ ആദ്യത്തെ വാഹനമായ സെല്റ്റോസും പിന്നാലെയെത്തിയ കാർണിവലും 11 മാസങ്ങൾ കൊണ്ട് ഒരു ലക്ഷത്തിൽപരം യൂണിറ്റുകളാണ്‌ വിറ്റഴിച്ചത്. അങ്ങനെ ജൈത്രയാത്ര തുടരുന്ന കിയ തങ്ങളുടെ മൂന്നാമത്തെ വാഹനത്തെ അനാവരണം ചെയ്തിരിക്കുകയാണ്‌ ഇപ്പോൾ- കിയ സോണറ്റ്. ഇന്ത്യയ്ക്കായെന്നോണം ഡിസൈൻ ചെയ്തിരിക്കുന്ന സോണറ്റ് അനന്ത്പൂരിലെ പ്ലാന്റിലാവും നിർമ്മിക്കപ്പെടുക. ഈ വാഹനം പല അന്താരാഷ്ട്ര വിപണികളിലും അവതരിപ്പിക്കുവാനും കിയയ്ക്ക് പദ്ധതിയുള്ളതായി അറിയുന്നു.

Kia Sonet Unveil

കരുത്തു തോന്നിക്കുന്ന, എന്നാൽ യുവത്വം തുളുമ്പുന്ന രൂപകല്പനയാണ്‌ സോണറ്റിന്റേത്. ഇന്ത്യൻ വനങ്ങളിലെ പതിവ് കാഴ്ചയായ കുട്ടിയാനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടുള്ളതാണ്‌ സോണറ്റിന്റെ രൂപമെന്നാണ്‌ കമ്പനിയുടെ ഭാഷ്യം. മുന്നിലെ ആകർഷണങ്ങളിൽ പ്രധാനികൾ ഹാർട്ട് ബീറ്റിന്റെ രൂപത്തോടു കൂടിയ LED ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള വലിയ ഹെഡ്‌ലാമ്പ് യൂണിറ്റ്, നേരിയ ഭാവവ്യതിയാനങ്ങളുള്ള ടൈഗർനോസ് ഗ്രിൽ, എടുത്തറിയുന്ന സ്കിഡ് പ്ലേറ്റ്, ഉറച്ച ബോഡി ലൈനുകൾ എന്നിവയാണ്‌. ഇന്ത്യയുടേ തനത് ശില്പചാരുത നിറയുന്ന അനേകം കൽപ്പടവുകളൂള്ള നീരാട്ടുകുളങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടുള്ളതാണത്രെ ഗ്രില്ലിന്റെ ഡിസൈൻ!

Kia Sonet Unveil

വശക്കാഴ്ചയിലെ പ്രധാന ആകർഷണം സി പില്ലറിന്റെ വേറിട്ട രൂപം തന്നെയാണ്‌. റാപ്പ് എറൗണ്ട് ഡിസൈനോടു കൂടിയതാണ്‌ പിന്നിലെ വിൻഡ് ഷീൽഡ്. 2020 ഓട്ടോ എക്സ്‌പോയിൽ അവതരിപ്പിച്ചിരുന്ന കൺസപ്റ്റ് മോഡലിൽ നിന്നും അല്പം വ്യത്യസ്തമാണ്‌ ടെയിൽ ലാമ്പുകൾ. പിൻഭാഗത്തിന്റെ രൂപകല്പന ഒതുക്കമുള്ളതും സുന്ദരവുമാണ്‌.

ആരെയും ആകർഷിക്കുന്ന ക്യാബിനിൽ കറുപ്പാണ്‌ പ്രധാന നിറം. ഡിസൈനിലും ലേയൗട്ടിലും ജ്യേഷ്ടനായ സെൽറ്റോസിനെ ഓർമ്മിപ്പിക്കും. വലിയ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോറ്റെയ്ന്മെന്റ് ഡിസ്പ്ലേ ഈ വിഭാഗത്തിൽ ആദ്യമായാണ്‌. ഇതിൽ തന്നെ നാവിഗേഷനും ലൈവ് ട്രാഫിക്ക് അപ്ഡേറ്റുകളും ഇണക്കിച്ചേർത്തിട്ടുണ്ട്. ‘ഓവർ ദ എയർ’ അപ്ഡേറ്റുകളോടു കൂടിയതാണ്‌ ഇതിലെ മാപ്പുകൾ. കൂളിംഗ് സംവിധാനത്തോടുകൂടിയ വയർലെസ് ചാർജിംഗ് ബേ, കൂടുതൽ മികച്ച UVO കണക്റ്റ്, 7 സ്പീക്കറുകളോടു കൂടിയ ബോസിന്റെ പ്രീമിയം ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, സണ്രൂഫ്, എന്നിങ്ങനെ പോകുന്നു മറ്റു ഫീച്ചറുകൾ.

Kia Sonet Unveil

ഹ്യുണ്ടായ് വെന്യുവിൽ കണ്ട അതേ എൻജിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളാണ്‌ സോണറ്റിനും ഉണ്ടാവുക. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ്‌ എൻജിനുകളെങ്കിൽ ട്രാൻസ്മിഷനുകളായി ലഭ്യമാവുക 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 7 ഡിസിടി, iMT (ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ), 6 എടി എന്നിവയാവും. ഈ വിഭാഗത്തിൽ ആദ്യമായാണ്‌ ഒരു വാഹനത്തിന്റെ ഡീസൽ പതിപ്പിനു 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ കൈവരുന്നത്. ക്ലച്ചിന്റെ ഉപയോഗം ഇല്ലാതെ മാനുവൽ ഷിഫ്റ്റുകൾ സാധ്യമാക്കുന്നതാണ്‌ ഐഎംടി ഗിയർബോക്സ്. 1.0 ടർബോ പെട്രോൾ എൻജിൻ ഉള്ള മോഡലിൽ മാത്രമാവും ഈ ട്രാൻസ്മിഷൻ ലഭ്യമാവുക.

Kia Sonet Unveil

6 എയർ ബാഗുകൾ, മുൻ-പിൻ പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ടയർ പ്രെഷർ മോണിറ്ററിംഗ്, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, എബിഎസ്‌. ഇബിഡി, ഇഎസ്‌സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെ പോകുന്നു സുരക്ഷാ സംവിധാനങ്ങളുടെ നിര.

മത്സരം കടുക്കുന്ന ഒരു വിഭാഗത്തിലേക്കാണ്‌ സോണറ്റ് എത്തുന്നത്. വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, ഫോർഡ് എക്കോസ്പോർട്ട്, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ്‌യുവി300,ഹോണ്ട WRV, ഇനി വരാനിരിക്കുന്ന റെനോ കൈഗർ, ടൊയോട്ട അർബൻ ക്രോസ്, നിസാൻ മാഗ്നൈറ്റ് എന്നിവയാണ്‌ എതിരാളികൾ. കൃത്യമായ ലോഞ്ച് തിയതി അറിവായിട്ടില്ലെങ്കിലും സോണറ്റ് സെപ്തംബറിൽ വിപണിയിൽ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. 7-12.5 ലക്ഷം എക്സ്‌ ഷോറൂം വില പ്രതീക്ഷിക്കാം.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...