Lamborghini

317 km/h വേഗതയിൽ പാഞ്ഞ് ലംബോർഗിനി ഉറൂസ്, അതും ഇന്ത്യയിൽ!

മധ്യപ്രദേശിലെ ടെസ്റ്റ് ട്രാക്കിലാണ് ഉറൂസ് ഈ റെക്കോർഡ് വേഗം കൈവരിച്ചത്!

ലംബോർഗിനി ഉറൂസിനെ അറിയാത്തവരുണ്ടാവില്ല. വിഖ്യാത ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡായ ലംബോർഗിനിയുടെ ആദ്യത്തെ എസ്‌യുവിയാണ്‌ ഉറൂസ്. കരുത്തന്മാരായ സൂപ്പർക്കാറുകളും സ്പോർട്ട്സ്‌കാറുകളും മാത്രമല്ല, മിന്നൽ വേഗത്തിൽ പായുന്ന എസ്‌യുവികൾ ഉണ്ടാക്കുന്നതും ഇവർക്ക് നന്നായി വഴങ്ങുമെന്നു കാണിച്ചുതന്ന മോഡൽ. ലോകത്തിലെ ആദ്യത്തെ (ഒരുപക്ഷേ ഒരേയൊരു) ‘സൂപ്പർ എസ്‌യുവി’ എന്ന് ഉറൂസ് അറിയപ്പെടുന്നതും അതിന്റെ പെർഫോമൻസും സ്പോർട്ട്‌സ്‌കാറുകളുടേതുപോലുള്ള ഹാൻഡ്‌ലിംഗ് മികവും മൂലമാണ്‌.

ഉറൂസിന്റെ ‘പെർഫോമൻസ് കിരീടത്തിലേക്ക്’ ഒരു പൊൻതൂവൽ കൂടി എത്തുകയാണിപ്പോൾ. ഉറൂസ് മണിക്കൂറിൽ 317 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കുന്നതിന്റെ മധ്യപ്രദേശിൽ നിന്നും പുറത്തുവന്ന വീഡിയോ, ഇപ്പോൾ വൈറലാവുകയാണ്‌. malwasupercarsclub എന്ന ചാനലാണ്‌ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

lamborghini urus

സംഭവം നടന്നത് ഇൻഡോറിലെ ടെസ്റ്റ് ട്രാക്കിൽ!

റെയ്‌ഡ് ഡീ ഹിമാലയ, ഡെസേർട്ട് സ്റ്റോം പോലുള്ള റാലികളിൽ മത്സരിച്ചു പരിചയമുള്ള, മധ്യപ്രദേശുകാരനായ നിപുൺ അഗർവാൾ ആണ്‌ തന്റെ ലംബോർഗിനി ഉറൂസുമായി ടോപ്പ് സ്പീഡ് ടെസ്റ്റിനിറങ്ങിയത്. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് മധ്യപ്രദേശിലെ ഇൻഡോറിൽ ഈയിടെ പ്രവർത്തനമാരംഭിച്ച NATRAX ടെസ്റ്റ് ട്രാക്കായിരുന്നു. ‘നാഷനൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്ക്’ എന്നറിയപ്പെടുന്ന ഇത് ഏഷ്യയിലെത്തന്നെ ഏറ്റവും നീളം കൂടിയ ടെസ്റ്റ് ട്രാക്കാണ്‌. 1000 ഏക്കറുകളിലായി നിർമ്മിച്ചിരിക്കുന്ന NATRAX-ന്റെ ആകെ നീളം 11.3 കിലോമീറ്ററാണ്‌. 375 km/h വേഗത വരെ താങ്ങാനാവുംവിധമാണ്‌ ഇത് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, 16 മീറ്ററോളം വീതിയുള്ള റോഡാണിവിടെ എന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചകളില്ല. വാഹനനിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളുടെ ടോപ്പ് സ്പീഡ്, ഹാൻഡ്‌ലിംഗ് എന്നിവ പരിശോധിക്കുന്നത് ഇത്തരം ടെസ്റ്റ് ട്രാക്കുകളിലാണ്‌. നാട്രാക്സ് പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ എഫ്‌സിഎ, ലംബോർഗിനി, ഫോക്സ്‌വാഗൺ, പ്യൂഷോ, റെനോ തുടങ്ങി പല വമ്പന്മാരും ഇവിടെ തങ്ങളുടെ പ്രോട്ടോടൈപ്പുകൾ ടെസ്റ്റ് ചെയ്യുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്.

ഇതൊക്കെ നിസാരമെന്ന മട്ടിൽ ഉറൂസ്!

വൈറലായ വീഡിയോ ആരംഭിക്കുന്നത് ഉറൂസിന്റെ സ്പീഡോമീറ്ററിൽ ‘270’ എന്ന സംഖ്യ തെളിഞ്ഞു നിൽക്കുമ്പോഴാണ്‌. 270 കിലോമീറ്റർ വേഗതയിൽ ആറാമത്തെ ഗിയറിലാണ്‌ വാഹനം സഞ്ചരിക്കുന്നതെന്നും വ്യക്തമാണ്‌. വാഹനത്തിന്റെ വേഗം 307 ആവുമ്പോൾ മാത്രമാണ്‌ ഏഴാമത്തെ ഗിയറിലേക്കു മാറുന്നത് (8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സാണ്‌ ഉറൂസിനെന്ന് ഓർക്കുക) ഏഴാം ഗിയറിൽ 317 km/h എന്ന ‘മാരക’ വേഗം കൈവരിക്കുമ്പോഴും ടാക്കോമീറ്ററിന്റെ റീഡിംഗ് 6000 ആർപിഎമ്മിനും താഴെയാണ്‌!

270ൽ നിന്നും 317ലേക്കുള്ള കുതിപ്പ് സാവധാനവും വളരെ ആയാസരഹിതവുമായാണ്‌ ഉറൂസ് പൂർത്തിയാക്കുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത്ര കൂടിയ വേഗതകളിലും ഈ വാഹനം എത്ര ‘അച്ചടക്കത്തോടെ’ പെരുമാറുന്നു എന്നതാണ്‌. ഹൈ സ്പീഡ് സ്ഥിരതയുടെ കാര്യത്തിൽ ഈ എസ്‌യുവിക്ക് നൂറിൽ നൂറു മാർക്ക് പോരാതെ വരും !

മണിക്കൂറിൽ 305 കിലോമീറ്ററാണ്‌ ലംബോർഗിനി ഉറൂസിന്‌ അവകാശപ്പെടുന്ന ടോപ്പ് സ്പീഡ്. ഇങ്ങനെ നോക്കിയാൽ പോലും ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ എസ്‌യുവിയാണിത്. അപ്പോൾ നിപുൺ കൈവരിച്ച 317 കിലോമീറ്റർ വേഗം ഒരു പുതിയ റെക്കോർഡാവേണ്ടതാണ്‌, എന്നാൽ പ്രസ്തുത സ്പീഡ് റൺ വേളയിൽ ബന്ധപെട്ടവരുടെ സാന്നിധ്യം ഇല്ലാതിരുന്നതിനാൽ ഇതൊരു അനൗദ്യോഗിക റെക്കോർഡായി ചുരുങ്ങും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2021 മോഡലാണ്‌ നിപുണിന്റെ ഉറൂസ്. എന്നാൽ വാഹനം സ്റ്റോക്ക് ആണോ അതോ പെർഫോമൻസ് അപ്‌ഗ്രേഡുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല, അതുപോലെ ഉപയോഗിച്ച ഇന്ധനത്തിന്റെ വിശദാംശങ്ങളും ലഭ്യമായിട്ടില്ല.

ലംബോർഗിനി ഉറൂസ്: എൻജിൻ വിവരങ്ങൾ

ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ MLB EVO പ്ലാറ്റ്‌ഫോമിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ്‌ ഉറൂസിലുള്ളത്. വാഹനത്തിന്റെ 4.0 ലിറ്റർ ട്വിൻ ടർബോ വി8 എൻജിൻ 650 എച്ച്‌പി കരുത്തും 850 ന്യൂട്ടൺ മീറ്റർ ടോർക്കും ഉദ്പാദിപ്പിക്കും. ഇതിന്റെ കൂടെ ZFന്റെ 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ കൂടിയെത്തുന്നതോടെ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലേക്കെത്താൻ 2.2 ടൻ ഭാരമുള്ള ഈ വാഹനത്തിനു വേണ്ടിവരിക 3.6 സെക്കൻഡുകൾ മാത്രം!

ഇന്ത്യയിൽ ലഭിച്ചത് വൻ സ്വീകാര്യത!

2018ൽ വിൽപനയ്ക്ക് എത്തിയതുമുതൽ ഇന്ത്യയിൽ വൻ സ്വീകാര്യതയാണ്‌ ഉറൂസ് നേടിക്കൊണ്ടിരിക്കുന്നത്. മൂന്നു കോടിക്കു മുകളിൽ വിലവരുന്ന ഈ എസ്‌യുവിയുടെ ഇന്ത്യയിലെ വിൽപന 100 യൂണിറ്റുകൾ പിന്നിട്ടത് കഴിഞ്ഞ മാർച്ചിലായിരുന്നു.

ഇതിനോടകം സമൂഹത്തിലെ അനേകം ഉന്നതരുടെയും സെലിബ്രിറ്റികളുടെയും ഇഷ്ടവാഹനമായി മാറിക്കഴിഞ്ഞു ഉറൂസ്. ലംബോർഗിനി ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും പ്രായോഗികവും ഡെയ്‌ലി ഡ്രൈവർ എന്ന നിലയിൽ പരിഗണിക്കാവുന്നതുമായ വാഹനമാണിതെന്നത് ആവാം ഈ സ്വീകാര്യതയ്ക്കു പിന്നിൽ.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Lamborghini Urus top speed attempt in India, on NATRAX test track

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...