Mahindra

മഹീന്ദ്ര XUV 700 ന് ഉണ്ടാവുക സെഗ്മെൻ്റിലെ ഏറ്റവും വലിയ സൺറൂഫ്, പേര് സ്കൈ റൂഫ്!

മഹീന്ദ്രയുടെ ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചാണ് XUV 700

കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പുതിയ XUV 700 വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര (പേരു കേട്ട് തെറ്റിദ്ധരിക്കേണ്ട, പഴയ XUV 500 ൻ്റെ പിൻഗാമിയെ XUV 700 എന്നാണ് മഹീന്ദ്ര നാമകരണം ചെയ്തിരിക്കുന്നത്.) മാർക്കറ്റ് ലോഞ്ച് ഉടൻ ഉണ്ടാവുമെന്ന സംശയങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് ഇവരുടെ ചക്കാൻ പ്ലാൻ്റിനു മുന്നിൽ ‘The Future is Here…. And I am Proud to be a Part of it…31 days to go…’ എന്നെഴുതിയ പോസ്റ്ററും ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതെത്തുടർന്ന് മഹീന്ദ്ര പുറത്തിറക്കിയ ടീസറിലൂടെ XUV 700 ൻ്റെ സൺറൂഫിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ടീസറിൽ നിന്നും പുത്തൻ എക്സ്‌യുവിക്ക് ഉണ്ടാവുക ഈ വിഭാഗത്തിലെ ഏറ്റവും വലുപ്പമേറിയ സൺറൂഫ് ആവുമെന്നത് വ്യക്തമാണ്. സ്കൈ റൂഫ് എന്നാവും മഹീന്ദ്ര ഇതിനെ വിളിക്കുക. 1360 മില്ലിമീറ്റർ നീളവും 870 മില്ലിമീറ്റർ വീതിയുമാണ് സ്കൈ റൂഫിന് ഉണ്ടാവുക.

പുത്തൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടുന്ന XUV 700 യിൽ അനേകം പുതുതലമുറ സാങ്കേതികവിദ്യകളും ഫീച്ചറുകളും ഉണ്ടാവും. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ കണക്ടിവിറ്റികളുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ക്രൂയ്‌സ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് (സ്കൈ റൂഫ്), ഓട്ടോ ബൂസ്റ്റർ ഹെഡ് ലാമ്പുകൾ, ADAS എന്നിവ ലഭ്യമാവും.

മഹീന്ദ്ര XUV700 മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോടൊപ്പം പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യമാവും. 190 PS, 380 Nm പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 180 PS, 380 Nm ഉദ്പാദിപ്പിക്കുന്ന 2.2L ഡീസൽ എന്നിവയാണ് ഉണ്ടാവുക. ഉയർന്ന ട്രിമ്മിൽ AWD കൂടി എത്തുന്നതോടെ ഈ വിഭാഗത്തിലെ AWD ഉള്ള ഏക മോഡലായിക്കൂടി XUV 700 മാറും.

15 മുതൽ 25 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഹ്യൂണ്ടായ് ആൽകാസർ, എംജി ഹെക്ടർ പ്ലസ്, ടാറ്റാ സഫാരി, ജീപ്പ് കോമ്പസ് തുടങ്ങിയവയാണ് പ്രധാന എതിരാളികൾ. XUV 700 നു പിന്നാലെ ന്യൂ ജനറേഷൻ സ്കോർപ്പിയോ, താർ 5 ഡോർ, XUV 900 കൂപ്പെ തുടങ്ങിയവയുമെത്തും. 2026 ന് ഉള്ളിൽ ഏതാണ്ട് 9 വാഹനങ്ങളാണ് മഹീന്ദ്രയിൽ നിന്നും എത്താനിരിക്കുന്നത്.

English Summary: Upcoming Mahindra XUV 700 will have the segment’s largest sunroof, to be called Sky roof .

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...