Mercedes Benz

ആഡംബരത്തിന്റെ പര്യായമായി മെഴ്‌സിഡീസ് മെയ്ബാക്ക് GLS 600 4MATIC എത്തി, പക്ഷേ അടുത്തെങ്ങും വാങ്ങാനാവില്ല !

തലക്കെട്ട് കണ്ട് മുഖം ചുളിക്കേണ്ട, ആദ്യ ബാച്ചിലെ 50 വാഹനങ്ങളും ലോഞ്ചിനും മുന്നെ വിറ്റു തീർന്നെങ്കിലും 2022 ആദ്യത്തോടെ രണ്ടാം ബാച്ച് എത്തും…

ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസ് മെയ്ബാക്ക് തങ്ങളുടെ ആദ്യ SUV യായ മെയ്ബാക്ക് GLS 600 4MATIC, ഇന്ത്യയിലെത്തിച്ചു. 2020ൽ ലോക വിപണിയിൽ അവതരിപ്പിച്ച മോഡൽ, മെയ് ബാക്ക് S ക്ലാസ്സിന്റെ ലോഞ്ചിനു പിന്നാലെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ 2021ൽ ഇന്ത്യക്കായി അനുവദിച്ച 50 യൂണിറ്റുകളും മാർക്കറ്റ് ലോഞ്ചിന് മുൻപു തന്നെ വിറ്റു തീർന്നു! ഈ നേട്ടത്തോടെ 2.43 കോടി രൂപ വിലവരുന്ന ഈ വാഹനം ലക്ഷ്വറി SUV വിഭാഗത്തിൽ താരമായി മാറിയിരിക്കുകയാണ്‌.

ആഡംബരത്തിന്റെ ഒളിമങ്ങാത്ത രൂപകല്പനയാണ്‌ മെയ്ബാക് GLS 600 4MATIC ന്റേത്. മെയ്ബാക്കിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുള്ള ഡ്യൂവൽ ടോൺ കളർ സ്കീമാണ് ഇതിനും. 23 ഇഞ്ച് മെയ്ബാക്ക് മൾട്ടി-സ്പോക്ക് ലൈറ്റ് അലോയ് വീലുകളും, കുത്തനെയുള്ള സ്ലാറ്റുകളോടുകൂടിയ ക്രോം ഗ്രില്ലും, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകളും, വലിയ വീൽ ആർച്ചുകളും, LED ഹെഡ്ലാമ്പുകളും, ടെയിൽഗേറ്റ് മൗണ്ടഡ് സ്പോയിലറുമൊക്കെ GLS 600 ന്റെ പ്രത്യേകതകളാണ്.

വിശാലമായ ക്യാബിനിൽ നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള GLS 600 4MATIC ൻ്റെ രൂപകല്പന ആരെയും മയക്കുന്നതാണ്. പുതുതലമുറ MBUX സംവിധാനത്തോടുകൂടിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, പനോരമിക് സൺറൂഫ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ബർമെസ്റ്റെർ 3D സറൌണ്ട് സിസ്റ്റം തുടങ്ങിയവ ഈ വാഹനത്തിലുണ്ട്.

പ്രൈവറ്റ് ജെറ്റിനു സമാനമായ യാത്രാസുഖമാണ് മെയ്ബാക്ക് GLS ൻ്റെ പിൻനിര സീറ്റുകളിൽ ലഭിക്കുന്നത്. രണ്ടാം നിരയിലെ സുഖകരമായ കുഷ്യനിങ്ങോടു കൂടിയ ക്യാപ്റ്റൻ സീറ്റുകൾ 43.5 ഡിഗ്രി വരെ റിക്ലൈൻ ചെയ്യുവാനാകും, ഒപ്പം 120 മില്ലിമീറ്റർ വരെ പിന്നിലേക്ക് നീക്കുകയുമാവാം. ഈ ക്രമീകരണങ്ങളെല്ലാം ഇലക്ട്രിക്കലി ചെയ്യുവാനാവും, ഒപ്പം ഇലക്ട്രിക്കലി നിയന്ത്രിക്കാവുന്ന ഒരു ‘ഫുട്ട് റെസ്റ്റും’ ഈ സീറ്റുകൾക്കുണ്ട്. വയർ ലെസ് ചാർജിംഗ് ബേ, മസാജ് ഫംഗ്ഷൻ, മടക്കിവയ്ക്കാവുന്ന ട്രേ ടേബിൾ, ഷാംപെയിൻ സൂക്ഷിക്കാനുള്ള റെഫ്രിജറേറ്റർ എന്നിവയും രണ്ടാം നിര യാത്രികർക്ക് ലഭ്യമാണ്.

മെഴ്‌സിഡീസ് മെയ്ബാക്ക് GLS 600ൽ നാല് ട്രിമ്മുകളും 3 അപ്ഹോൾസ്റ്ററി ഓപ്ഷനുകളും ലഭ്യമാണ്. ഉടമയുടെ ആവശ്യാനുസരണം വാഹനത്തെ സ്പെക്ക് ചെയ്ത് എടുക്കുവാൻ മേഴ്സിഡീസ് ബെൻസ് വെബ്സൈറ്റ് തന്നെ ഉപയോഗിക്കാം.

542hp, 730Nm ഉല്പാദനശേഷിയുള്ള 4.0L V8 എൻജിനും, 21hp/ 250Nm നൽകുന്ന EQ ബൂസ്റ്റ് സിസ്റ്റവും ചേരുന്നതാണ് മെയ്ബാക്ക് ജിഎൽഎസ്സിൻ്റെ ഹൃദയം. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കാൻ 4.9 സെക്കൻഡുകൾ മതിയാവും.

മെയ്ബാക്ക് GLS 600 4MATIC ന്റെ നിലവിലെ എതിരാളികൾ ബെന്റ്ലി ബെൻ്റായ്ഗ, റോൾസ് റോയ്‌സ് കള്ളിനൻ, മസറാറ്റി ലെവാന്റെ എന്നിവയാണ്. 2022 ന്റെ ആദ്യപാദത്തോടെ അടുത്ത ബാച്ച് കാറുകൾ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: 2021 Mercedes Maybach GLS 600 4MATIC launched in India from 2.43 crore

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...