Electric Vehicles

ഓല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബുക്കിങ്ങുകൾ ആരംഭിച്ചു

499 രൂപ അടച്ച് ബുക്ക് ചെയ്യാവുന്ന വാഹനത്തിന് ആകർഷകമായ വിലയാവും ഉണ്ടാവുക

ഇന്ത്യ ഏറ്റവുമധികം ഉറ്റുനോക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളിലൊന്നായ ഓല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബുക്കിങ്ങുകൾ ആരംഭിച്ചു. ഏതാനും ആഴ്ചകൾക്കു മുൻപ് സിഇഒ ഭവീഷ് അഗർവാൽ പങ്കുവച്ച വീഡിയോയിലൂടെ സ്കൂട്ടറിന്റെ ഡിസൈൻ വിശദാംശങ്ങൾ വെളിവായതിനു പിന്നാലെയാണ്‌ ബുക്കിങ്ങുകൾ ആരംഭിച്ചത്. ഇപ്പോൾ ഓല ഇലക്ട്രിക്കിന്റെ വെബ്സൈറ്റിലൂടെ 499 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം. ബുക്കിംഗ് ക്യാൻസൽ ചെയ്യുന്നപക്ഷം ഈ തുക പൂർണ്ണമായും തിരികെ ലഭിക്കുമെന്നും ഓല ഉറപ്പുനൽകുന്നു. ബുക്കിംഗ് തുക സൂചിപ്പിക്കുന്നത് വാഹനവിലയും മിതസ്വഭാവമുള്ളതാവും എന്നു തന്നെയാണ്‌. കമ്പനിയും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ്‌ പ്രതികരിച്ചിട്ടുള്ളത്.

ഓല ഇലക്ട്രിക്ക് സ്കൂട്ടർ: പ്രതീക്ഷിക്കേണ്ടത്?

ഏതാനും ആഴ്ചകൾക്കു മുൻപ് ഓല ഇലക്ട്രിക്കിന്റെ സിഇഒ ഭവീഷ് അഗർവാൾ ഓല സ്കൂട്ടറുമായി ബംഗളൂരുവിലൂടെ സവാരി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിലൂടെയാണ്‌ സ്കൂട്ടറിന്റെ ഡിസൈൻ പൂർണ്ണമായും പുറത്തുവന്നത്. മുൻപ് പലയിടങ്ങളിലായി കണ്ട ടെസ്റ്റ് മ്യൂളുകളൊക്കെയും കനത്ത കാമോഫ്ലാഷോടു കൂടിയവ ആയിരുന്നതിനാൽ വാഹനത്തിന്റെ ഡിസൈൻ വിശദാംശങ്ങളെപ്പറ്റി വലിയ ധാരണ തന്നിരുന്നില്ല.

എറ്റെർഗോ ആപ്പ്സ്കൂട്ടർ എന്ന ഡച്ച് വാഹനത്തെ അടിസ്ഥാനമാക്കിയാണ്‌ ഓല ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മിച്ചിട്ടുള്ളത്. ഡിസൈനിലും എറ്റെർഗോയുമായി വലിയ സാദൃശ്യങ്ങളുണ്ട്. ഒരേസമയം ആധുനികവും ക്ലാസിക്ക് ചായ്‌വുള്ളതുമാണ്‌ ഓല സ്കൂട്ടറിന്റെ ഡിസൈൻ. രാജ്യാന്തരതലത്തിൽ പല പ്രധാന അംഗീകാരങ്ങളും ഈ ഡിസൈൻ സ്വന്തമാക്കിയിട്ടുണ്ട്.

വീഡിയോയിൽ ഉണ്ടായിരുന്ന കറുപ്പ് നിറത്തിനു പിന്നാലെ വെള്ള നിറമുള്ള വാഹനത്തിന്റെയും ചിത്രങ്ങൾ എത്തിയിരുന്നു. തുടർന്ന് പിങ്ക്, നീല നിറങ്ങളിലുള്ള ഓല സ്കൂട്ടറുകളുടെ ചിത്രങ്ങളും പുറത്തുവന്നു. കൂടുതൽ നിറങ്ങളിൽ സ്കൂട്ടർ ലഭിച്ചേക്കുമെന്ന സൂചനകളാണ്‌ ഭവീഷിന്റെ പുതിയ ട്വീറ്റുകളിൽ ഉള്ളത്.

തന്റെ വിഭാഗത്തിലെ ഏറ്റവും വലിയ സ്റ്റോറേജ് സ്പേസാവും ഓല ഇലക്ട്രിക്ക് സ്കൂട്ടറിനുണ്ടാവുക. രണ്ട് ഹാഫ് ഫേസ് ഹെൽമെറ്റുകളെ സുഖമായി ഉൾക്കൊള്ളാനാവുംവിധമാവും ഇതിന്റെ വലുപ്പമെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്‌. ആപ്പ് ഇന്റഗ്രേഷനോടുകൂടിയ വലിയ TFT LCD ഇൻസ്ട്രമെന്റ് കൺസോളാണ്‌ മറ്റൊരു പ്രധാന ആകർഷണം.

പവർട്രെയിൻ

ഓല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ കൃത്യമായ സ്പെസിഫിക്കേഷനുകളോ പവർട്രെയിൻ വിവരങ്ങളോ ലഭ്യമായിട്ടില്ല. എറ്റെർഗോ ആപ്പ്സ്കൂട്ടറിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണെങ്കിലും പവർട്രെയിനിലും ഷാസിയിലും സാരയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതിനാൽ ‘എറ്റെർഗോ പോലെ’ എന്നു വിധിയെഴുതുവാനും ആവില്ല. എന്തായാലും ആരും കൊതിക്കുന്ന പെർഫോമൻസും ഹാൻഡ്‌ലിങ്ങും ആവും ഓല ഇലക്ട്രിക്ക് സ്കൂട്ടറിനുണ്ടാവുക എന്ന സൂചനകളാണ്‌ കമ്പനി നൽകുന്നത്.

Ola electric scooter black
Ola Electric Scooter | Black

വിലയും മറ്റു വിവരങ്ങളും

ഏറെ വൈകാതെ ഓല സ്കൂട്ടർ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഈ വർഷം രണ്ടാം പാതിയുടെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ വരുന്ന ആഗസ്തിൽ വാഹനം വിപണിയിലെത്തിയേക്കും. ഒരു ലക്ഷത്തിനടുത്താണ് വില പ്രതീക്ഷിക്കുന്നത്. FAME 2 പോളിസിയിൽ ഈയിടെ കൊണ്ടുവന്ന മാറ്റങ്ങൾ ഓല സ്കൂട്ടറിന് കണ്ണഞ്ചിപ്പിക്കുന്ന വിലയിടാൻ കമ്പനിക്ക് സഹായകമാകും. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വമ്പൻ വിലക്കിഴിവുകളും ആനുകൂല്യങ്ങളും നിലനിൽക്കുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ തങ്ങൾക്കു വലിയ സാധ്യതകളാണ് തരുന്നതെന്ന തിരിച്ചറിവിലാണ് ഓല. ഏഥർ 450 എക്സ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയാണ് ഓല സ്കൂട്ടറിൻ്റെ പ്രധാന എതിരാളികളായി മാറുക.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Ola electric scooter booking open in india, launch soon

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...