CarsSkoda

2021 Skoda Fabia: അടിമുടി മാറ്റങ്ങളുമായി പുത്തൻ ഫാബിയ !

കൂടുതൽ വലുപ്പമേറിയതും ഫീച്ചറുകളാൽ സമൃദ്ധവുമാണ് പുത്തൻ ഫാബിയ

സ്കോഡ അവരുടെ ഹാച്ബാക്ക് ആയ ഫാബിയയുടെ ഏറ്റവും പുതിയ പതിപ്പിനെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഫാബിയ അതിൻ്റെ നാലാം തലമുറയിലേക്ക് എത്തുന്നത് ചില സുപ്രധാന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ്.. പുതിയ തലമുറ വാഹനം വലുപ്പത്തിലും ഫീച്ചറുകളുടെ കാര്യത്തിലും പെർഫോമൻസിലും കൂടുതൽ മികവുറ്റതായി മാറിയിട്ടുണ്ട്. സിയറ്റ് ഇബീസയ്ക്കും പുത്തൻ ഫോക്സ്വാഗൺ പോളോയ്ക്കും പിന്നാലെയാണ് അതേ പ്ലാറ്റ്ഫോമിൽ തീർത്ത ഫാബിയയുടെയും വരവ് !

ഡിസൈൻ

ആദ്യ കാഴ്ചയിൽ തന്നെ ഫാബിയ മാർക്ക് 4ന്റെ രൂപകല്പനയിൽ സമഗ്രമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. പക്ഷെ ആകെ രൂപത്തിൽ ഇപ്പോഴും സ്കോഡയുടെ തനത് ഡിസൈൻ ഭാഷ്യത്തിൻ്റെ അംശങ്ങൾ പ്രകടമാണ്. സിഗ്നേച്ചർ ഗ്രിൽ, ഫുൾ LED ഹെഡ്ലാമ്പുകൾ, സൺറൂഫ്, പുനർരൂപകല്പന ചെയ്ത ബംപറുകൾ,18 ഇഞ്ച് വീലുകൾ, LED ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം ഈ വാഹനത്തിന്റെ രൂപഭംഗി കൂട്ടുന്നു.

പുത്തൻ ഫാബിയയെ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ നമുക്കു പരിചിതമായ പല വാഹനങ്ങളുമായും രൂപസാദൃശ്യങ്ങൾ കണ്ടെത്താം. VW പോളോ, സിയറ്റ് ഇബീസ എന്നിവയുമായുള്ള സാമ്യത്തിൻ്റെ കാരണം വ്യക്തമാണ്. എന്നാൽ ചിലയിടങ്ങളിൽ തോന്നിയേക്കാവുന്ന BMW ചായ്‌വൊക്കെ ഒരു പരിധി വരെ വിചിത്രമായി തന്നെ തോന്നുന്നുണ്ട്.

2021 ഫാബിയയുടെ രൂപം മുൻപത്തേക്കാൾ ‘ഒഴുക്കൻ’ സ്വഭാവമുള്ളതായി മാറിയെന്നതിനാൽ വാഹനത്തിൻ്റെ എയറോഡൈനാമിക്സ് മെച്ചപ്പെട്ടിട്ടുണ്ട്. ഈ സെഗ്മൻ്റിൽ തന്നെ മികച്ചു നിൽക്കുന്ന 0.28 എന്ന കിടിലൻ ഡ്രാഗ് കോ-എഫിഷ്യൻ്റാണ് ഈ വാഹനത്തിനുള്ളത്.

അളവുകൾ

നാലാം തലമുറ ഫാബിയയ്ക് ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ MQB A0 പ്ലാറ്റ്ഫോമാണ് ഉള്ളത്. അതുകൊണ്ടുതന്നെ മുൻതലമുറ വാഹനങ്ങളേക്കാൾ വലുപ്പമേറിയതാണ് 2021 ഫാബിയ. ഏതൊരു സ്കോഡയിലും കണ്ടെത്താവുന്ന സ്ഥലസൗകര്യത്തിൻ്റെ കാര്യത്തിലുള്ള മായാജാലം ഫാബിയയിലും ഉണ്ട്. പോളോ, ഇബീസ എന്നീ വാഹനങ്ങളേക്കാളൊക്കെ സ്ഥലസൗകര്യം പുത്തൻ ഫാബിയയുടെ ക്യാബിനിൽ അനുഭവപ്പെടുന്നുണ്ട്.

നീളം4108 മില്ലിമീറ്റർ
വീൽബേസ്2564 മില്ലിമീറ്റർ
വീതി1780 മില്ലിമീറ്റർ
ബൂട്ട് സ്പേസ്380 ലിറ്റർ
2021 Skoda Fabia Dimensions (length, breadth, wheelbase, boot capacity)

ഇന്റീരിയറും ഫീച്ചറുകളും

രൂപകല്പനയിൽ സ്കോഡ സ്‌കാലയുടെതിന് (അല്ലെങ്കിൽ കമീക് ) സമാനമായ ക്യാബിനാണ് പുതിയ ഫാബിയയിൽ ഉള്ളത്. ഒരുപക്ഷേ ഈയിടെ വിപണിയിലെത്തിയ ഇബീസയുമായും സാദൃശ്യങ്ങൾ കണ്ടെത്താനായേക്കും.

എന്തു തന്നെയായാലും ഫാബിയയുടെ ക്യാബിൻ തികച്ചും സൗന്ദര്യാത്മകമായി തന്നെയാണ് പടുത്തുയർത്തിയിരിക്കുന്നത്. ഉള്ളിൽ അനേകം പ്രീമിയം ഫിനിഷുകൾ/ ട്രിമ്മുകൾ കണ്ടെത്താം. പുതു തലമുറ സ്കോഡകളിൽ കണ്ടുവരുന്ന തരം 2 സ്പോക്ക് സ്റ്റീയറിംഗ് വീലാണ്.

9.2 ഇഞ്ച് ടച് സ്‌ക്രീൻ ഇൻഫൊടെയ്ന്മെൻ്റ് സിസ്റ്റം, ഹീറ്റഡ് സ്റ്റിയറിങ്ങ് വീൽ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, LED ആംബിയന്റ് ലൈറ്റിംഗ്, പിൻ എസി വെന്റുകൾ തുടങ്ങി അനേകം ഫീച്ചറുകൾ ഇതിലുണ്ട്. ഏറ്റവും ഉയർന്ന വേരിയൻ്റിൽ പൂർണ്ണമായും ഡിജിറ്റൽ ആയ 10.25 ഇഞ്ച് ഇൻസ്‌ട്രുമെന്റ് ക്ലസ്റ്ററും ലഭ്യമാണ്. ഫാബിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഫുൾ ഡിജിറ്റൽ ക്ലസ്റ്റർ എത്തുന്നത്.

എൻജിൻ, ഗിയർബോക്സ്


ഫാബിയ 2021 ൽ സ്കോഡ 3 എഞ്ചിൻ, 3 ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യക്തമായി പറഞ്ഞാൽ ആറോളം എൻജിൻ-ഗിയർബോക്സ് കോംബിനേഷനുകളിൽ ഈ വാഹനം ലഭ്യമാവും.

2021 Skoda Fabia Specifications: engines gearboxes - 1.0L MPI, 1.0 TSI, 1.5 TSI, 5 speed manual, 6 speed manual, 7 DSG
2021 Skoda Fabia Engines and Gearboxes

ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ 1.0L MPI ഇവോ എഞ്ചിൻ 65 PS, 80 PS എന്നിങ്ങനെ രണ്ട് വ്യത്യസ്ത ട്യൂണുകളിൽ ലഭ്യമാണ്, ഇവ 5 സ്പീഡ് മാനുവൽ ബോക്സുമായും 1.0 TSI ടർബോ പെട്രോൾ എഞ്ചിൻ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 7 DSG ഗിയർബോക്‌സുകളുമായും എത്തുന്നു.

ഏറ്റവും ഉയർന്ന വേരിയൻ്റിൽ 150 കുതിരശക്തിയും 250 Nm ടോർക്കുമുള്ള 1.5 TSI 4 സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിൻ ലഭ്യമാണ്, ഒക്ടേവിയയിൽ കണ്ടുവന്ന അതേ എൻജിനാണിത്.

ഇന്ത്യയിൽ എത്തുമോ?

വർഷങ്ങൾക്കുമുമ്പ്, സ്കോഡ രണ്ടാം തലമുറ ഫാബിയയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. അന്ന് പ്രതീക്ഷിച്ചത്ര വില്പന നേടുന്നതിൽ ആ കാർ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കാലത്തിനുള്ളിൽ ഫാബിയ എന്ന ബ്രാൻഡ് രാജ്യത്ത് വളരെയധികം ആരാധക ശ്രദ്ധ നേടിയിട്ടുണ്ട് .

ഇതുവരെയും ഔദ്യോഗികമായ അറിയിപ്പുകൾ ഉണ്ടായിട്ടില്ലെങ്കിലും, വരും വർഷങ്ങളിൽ സ്കോഡ ഇന്ത്യ നാലാം തലമുറ ഫാബിയയെ ഇവിടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഫോക്സ്‌വാഗൺ ഗ്രൂപ്പ് പുതുതായി വികസിപ്പിച്ച MQB A0 IN പ്ലാറ്റ്‌ഫോമിൽ ആവും ഇന്ത്യൻ ഫാബിയ നിർമ്മിക്കപ്പെടുക. അതോടൊപ്പം 1.5L TSI എഞ്ചിൻ ഒഴികെയുള്ള എഞ്ചിനുകൾ ആവും ഇവിടെ എത്തുക.

English Summary: 2021 Skoda Fabia Mk4 unveiled, gets bigger and more features

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...