Skoda

സ്കോഡ കുഷാഖ്: ഇഷ്ടമായതും ഇഷ്ടമാവാഞ്ഞതും

10.50 ലക്ഷത്തിലാണ്‌ സ്കോഡ കുഷാഖിന്റെ എക്സ് ഷോറൂം വിലകൾ ആരംഭിക്കുന്നത്.

Images: Jaydev Menon | POW

ദീർഘനാളത്തെ കാത്തിരിപ്പുകൾക്ക് അറുതി വരുത്തിക്കൊണ്ട് സ്കോഡ ഇന്ത്യ കുഷാഖ് എന്ന തങ്ങളുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു. 10.50 ലക്ഷത്തിൽ ആരംഭികുന്ന എക്സ് ഷോറൂം വിലയും 3 വ്യത്യസ്ത ട്രിം ലെവലുകളിലായി ഏഴോളം വേരിയന്റുകളുമാണ്‌ കുഷാഖിനുള്ളത്. 17.59 ലക്ഷം വരെ പോവുന്ന ടോപ്പ് സ്പെക്ക് വിലയെ ടോപ്പ് സ്പെക്ക് വേരിയൻ്റ് സാധൂകരിക്കുന്നുണ്ടോ എന്നത് വിശദമായ റോഡ് ടെസ്റ്റിനു ശേഷമാവും പറയാനാവുക. എന്നാൽ വാഹനവുമായി ഏതാനും മണിക്കൂറുകൾ അടുത്ത് ഇടപഴകിയപ്പോൾ, കുഷാഖിന്റെ ഉൾഭാഗത്തെയും എൻജിനെയുമൊക്കെ അടുത്തറിയാൻ സാധിച്ചപ്പോൾ, ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാഞ്ഞതുമായ 3 കാര്യങ്ങൾ ഇനി വായിക്കാം…

Skoda Kushaq first look

ഇഷ്ടപ്പെട്ട 3 കാര്യങ്ങൾ

 • ഡിസൈൻ:
  രൂപകല്പനയ്ക്ക് നൂറിൽ നൂറു മാർക്കാണ്‌ കുഷാഖിനു നൽകേണ്ടത്. സ്കോഡയുടെ പുതുതലമുറ എസ്‌യുവികളുടെ തനത് രൂപശൈലിയാണ്‌ ഇവനും. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘വിഷൻ ഇൻ’ കൺസപ്റ്റിൽ നിന്നും നേരിയ വ്യതിയാനങ്ങളേ രൂപകല്പനയുടെ കാര്യത്തിൽ ഈ വാഹനത്തിനുള്ളൂ. ഷാർപ്പ് ആയ ബോഡി ലൈനുകളും കൂർത്ത അഗ്രങ്ങളുമൊക്കെ ഈ ഡിസൈൻ ഭാഷയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്‌. പലയിടങ്ങളിലും ജ്യേഷ്ഠസഹോദരങ്ങളായ കോഡിയാക്കിനോടും കരോക്കിനോടുമൊക്കെ ചായ്‌വുകൾ കണ്ടെത്താം. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, സ്റ്റൈലൻ 17 ഇഞ്ച് അലോയ് വീലുകൾ, സാറ്റിൻ റൂഫ് റെയിലുകൾ എന്നിവയാണ്‌ പ്രധാന പ്രത്യേകതകൾ.
 • രസികൻ എൻജിനുകൾ:
  രണ്ട് രസികൻ ടർബോ-പെട്രോൾ എൻജിനുകളാണ്‌ സ്കോഡ കുഷാഖിനു നൽകിയിരിക്കുന്നത്- 115 hp/178 Nm ഉദ്പാദിപ്പിക്കുന്ന 1.0 ലിറ്റർ TSIയും (പുത്തൻ പോളോയിൽ കാണുന്നതും ഇതു തന്നെയാണ്‌), 150 hp/250 Nm ശേഷിയുള്ള 1.5 ലിറ്റർ TSI യും. 1.5 ടിഎസ്‌ഐ എൻജിന്റെ കൂടെ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കുന്നുവെന്നതും വലിയൊരു മേന്മയായി പറയാം. മാനുവൽ ഗിയർബൊക്സും 1.5 TSI എൻജിനുമുള്ള കുഷാഖിന്‌ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കാൻ 8.6 സെക്കൻഡുകൾ മതിയെന്നാണ്‌ കമ്പനിയുടെ വാദം.
 • ഹാൻഡ്‌ലിംഗ് മികവ്‌
  ഇതെപ്പറ്റി ആധികാരികമായി പറയാനാവുക വാഹനം റോഡ് ടെസ്റ്റിനായി ലഭിക്കുമ്പോഴാവും. എന്നാൽ സ്പെസിഫിക്കേഷനുകളും മെക്കാനിക്കൽ വിവരങ്ങളും പരിശോധിക്കുമ്പോൾ കുഷാഖിന്‌ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹാൻഡ്‌ലിങ്ങ് ഉണ്ടാവാനാണ്‌ സാധ്യത. ഇന്ത്യയ്ക്കായി പുനർരൂപകല്പന ചെയ്ത MQB A0 IN പ്ലാറ്റ്ഫോമിന്‌ ഉയർന്ന ടോർഷണൽ റിജിഡിറ്റി ഉണ്ടെന്നാണ്‌ കമ്പനിയുടെ വാദം. അങ്ങനെയെങ്കിൽ കൂടുതൽ സോഫ്റ്റായ ഡാംപറുകൾ ആവും ഉണ്ടാവുക. ഇത് വാഹനത്തിന്റെ ഹാൻഡ്‌ലിങ്ങിനെ സാരമായി മെച്ചപ്പെടുത്തേണ്ടതാണ്‌. വളവുകളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കുഷാഖിനെ ‘വീശിയെടുക്കാൻ’ സാധിച്ചേക്കും. എന്നാൽ ഡാംപറുകൾ സോഫ്റ്റ് ആവുന്നതോടെ ബോഡി റോൾ വർദ്ധിക്കുമെന്നതാണ്‌ ഇതിന്റെ മറുവശം. അറിഞ്ഞിടത്തോളം കുഷാഖിന്റെ സ്റ്റിയറിംഗ് ലൈറ്റാണ്‌, എന്നാൽ ഇത് ആകെ ഹാൻഡ്‌ലിങ്ങിനെ ബാധിക്കാതെ ഒരു പരിധി വരെ ഈ ഷാസി കാത്തേക്കും.

ഇഷ്ടപ്പെടാത്ത 3 കാര്യങ്ങൾ

 • ഉള്ളിലെ പ്രകടമായ കോസ്റ്റ്‌-കട്ടിംഗ്:
  പുറം രൂപകല്പനയുടെ ഭംഗിയും പ്രീമിയം സ്വഭാവവും അതേ അളവിൽ ക്യാബിനിലേക്കെത്തിയിട്ടില്ല. വില പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ പലതും അകത്തു കയറുന്ന മാത്രയിലേ കണ്ണിൽ പെടും. ഉൾഭാഗത്തിന്റെ ആകെ രൂപകല്പന മനോഹരമാണ്‌. പുതുതലമുറ സ്കോഡ വാഹനങ്ങളുടെ തനത് ഉൾഭാഗമാണ്‌ കുഷാഖിനുമുള്ളത്. 2 സ്പോക്ക് സ്റ്റിയറിംഗ്, വലിയ 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിന്മെന്റ് സിസ്റ്റം, സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ എന്നിങ്ങനെ ഫീച്ചറുകൾ നിരവധിയുണ്ട്. എന്നാൽ ക്യാബിനിൽ പലയിടങ്ങളിലും ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക് ശരാശരി നിലവാരം മാത്രമുള്ളവയാണ്‌. റൂഫ് ലൈനിങ്ങിലും സൺറൂഫിലുമൊക്കെ കോസ്റ്റ്‌-കട്ടിംഗ് ശ്രമങ്ങൾ വ്യക്തമാണ്‌.. സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിന്റെ ആകെ ഡിസൈൻ പഴയ ലോറയെ ഓർമ്മിപ്പിക്കും.

  പ്രസ്തുത വിട്ടുവീഴ്ചകൾ വലിയ പ്രശ്നമാവുന്നത് പ്രധാന എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റയുമായോ കിയ സെൽറ്റോസുമായോ താരതമ്യം ചെയ്യേണ്ടിവരുമ്പോഴാണ്‌. ഈ കൊറിയൻ വാഹനങ്ങൾക്കുള്ളത് കൂടുതൽ പ്രീമിയം ആയി തോന്നുന്ന ക്യാബിനുകളാണ്‌.
 • ചില ജനപ്രിയ ഫീച്ചറുകളുടെ അഭാവം:
  മുകളിൽ പറഞ്ഞതുപോലെ പല രസികൻ ഫീച്ചറുകളും കുഷാഖിൽ ഉണ്ടെന്നിരിക്കെയും എതിരാളികളുടെ ചില ജനപ്രിയ ഫീച്ചറുകൾ ഇവനു ലഭിച്ചിട്ടില്ല. ഫുൾ-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ (ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ‘വെർച്വൽ കോക്ക്പിറ്റ്’), പനോരമിക്ക് സൺറൂഫ്, ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ എന്നിവ ഉദാഹരണങ്ങൾ.
 • മെക്കാനിക്കൽ പോരായ്മകൾ!
  ഡീസൽ എൻജിന്റെ അഭാവത്തിലാണ്‌ പ്രധാനമായും പരിഭവം തോന്നിയത്. മിഡ്-സൈസ് എസ്‌യുവികളുടെ ലോകത്ത് വലിയ സ്വീകാര്യതയാണ്‌ ഡീസൽ എൻജിനുകൾക്കുള്ളത്. വിപണി വിഹിതത്തിന്റെ കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല ഈ വിഭാഗത്തിലെ ഡീസൽ വാഹനങ്ങളൊന്നും. അങ്ങനെയിരിക്കെ, ഡീസൽ എൻജിൻ ഇല്ലായെന്നത് ഒരു പോരായ്മ തന്നെയാണ്‌. മാത്രമല്ല, മുൻവീലുകൾക്ക് മാത്രമാണ്‌ ഡിസ്ക്ക് ബ്രേക്കുകൾ ഉള്ളത്. പിറകിൽ ഡ്രമ്മുകളാണ്‌.
Skoda Kushaq first look

നിലവിലെ വിപണിയും അവിടത്തെ സാഹചര്യങ്ങളും വച്ചു നോക്കുമ്പോൾ 10.49-17.59 ലക്ഷം എന്ന കുഷാഖിന്റെ വില ഉചിതമായാണ് തോന്നുന്നത്. കൂടുതൽ അറിയാനാവുക വാഹനം വിശദമായ ടെസ്റ്റ് ഡ്രൈവിനായി ലഭിക്കുമ്പോൾ മാത്രമാവും.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Skoda Kushaq pros and cons explained in detail

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...