Tata Motors

Tata Altroz iTurbo: ആൾട്രോസിന്‌ ഇനി ടർബോ-പെട്രോൾ എൻജിനും !

ടർബോചാർജ്‌ഡ്‌ പെട്രോൾ എൻജിന്റെ കരുത്തുമായി ആൾട്രോസ് ഐടർബോ ജനുവരി 22ന്‌ എത്തും…

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്‌ പുതിയ ഒരു എൻജിൻ കൂടി ലഭിക്കുന്നു. ആൾട്രോസ് ഐ ടർബോ എന്ന പേരിലിറങ്ങുന്ന വാഹനത്തിനുണ്ടാവുക 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാവും. ജനുവരി 14ന്‌ ബുക്കിംഗ് ആരംഭിക്കുന്ന വാഹനം 11,000 രൂപ അടച്ച് വെബ്സൈറ്റിലൂടെയോ ഡീലർഷിപ്പുകൾ മുഖേനയോ ബുക്ക് ചെയ്യുവാനാകും. എന്നാൽ യഥാർത്ഥ വിലയറിയാൻ ജനുവരി 22ന്‌ നടക്കുന്ന ഐ-ടർബോയുടെ മാർക്കറ്റ് ലോഞ്ച് വരെ കാത്തിരിക്കേണ്ടതുണ്ട്.

XT, XZ, XZ+ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ ആൾട്രോസ് ഐടർബോ ലഭ്യമാവും. XZ+ എന്ന ടോപ്പ് എൻഡ് വേരിയന്റിൽ ഫീച്ചറുകളുടെ വലിയ ഒരു നിര തന്നെയുണ്ടാവും. മുൻ മോഡലുകളിൽ കണ്ടുവന്നിരുന്ന 7.0 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക്ക് വൈപ്പറുകൾ, ആമ്പിയന്റ് ലൈറ്റിംഗ് എന്നിവയ്ക്കു പുറമെ ഹാർമന്റെ 8 സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം, ടാറ്റ iRA ടെക്നോളജിയോടുകൂടിയ കണക്റ്റഡ് കാർ സംവിധാനം, എക്സ്പ്രസ് കൂൾ ഫംഗ്ഷനോടുകൂടിയ എസി, എന്നിവയുമുണ്ടാവും. ടച്ച്സ്ക്രീനിന്റെ വാൾപേപ്പർ കസ്റ്റമൈസ് ചെയ്യുന്ന ഡൂഡിൽ പോലുള്ള കാര്യങ്ങളും ആകർഷകങ്ങളാണ്‌.

പുറം രൂപകല്പനയിൽ കാര്യമായ മാറ്റങ്ങൾ പറയാനാവില്ലെങ്കിലും ഒരു പുത്തൻ ഹാർബർ ബ്ലൂ നിറം ഐടർബോയുടെ പ്രത്യേകതയായി പറായം.

ഐ ടർബോയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എൻജിൻ തന്നെയാണ്‌. 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ്‌ ഈ വാഹനത്തിനുള്ളത്. ഇത് നെക്സോണിൽ കണ്ട അതേ എൻജിൻ ആണെങ്കിലും കരുത്ത് 110 എച്ച്പിയും ടോർക്ക് 140 ന്യൂട്ടൺ മീറ്ററും ആയി കുറച്ചിട്ടുണ്ട്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാവും ഐ ടർബോയ്ക്ക് ലോഞ്ച് വേളയിൽ ഉണ്ടാവുക. എന്നാൽ താമസിയാതെ ഷെഫ്‌ളറിന്റെ ഒരു വെറ്റ് ക്ലച്ച് ഡിസിടി ഗിയർബോക്സും ആൾട്രോസിനു ലഭിക്കും. പെട്രോൾ ഡീസൽ മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഐ-ടർബോയ്ക്ക് സിറ്റി, സ്പോർട്ട് എന്നീ ഡ്രൈവ് മോഡുകളാവും ഉണ്ടാവുക.

2018 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച 45എക്സ് കൺസപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായി ആൾട്രോസ് എത്തിയത് 2020ൽ ആയിരുന്നു. അത്യാകർഷകമായ രൂപകല്പനയും ആരെയും കൊതിപ്പിക്കുന്ന ഫീച്ചറുകളുടെ വൻ നിരയുമൊക്കെയായി എത്തിയ ആൾട്രോസിനുണ്ടായിരുന്നത് 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളായിരുന്നു.

ഈ വിഭാഗത്തിലെ പല വാഹനങ്ങൾക്കും കരുത്തേറിയ ടർബോ പെട്രോൾ എൻജിനുകൾ ഇന്നു നിലവിലുണ്ട്. ഇതേ പാത പിന്തുടർന്ന് പെർഫോമൻസ് ഇഷ്ടപ്പെടുന്നവർക്കൊരു പ്രീമിയം ഹാച്ച് എന്ന നിലയ്ക്കാണ്‌ ടാറ്റ ആൾട്രോസ് ഐ-ടർബോയെ അവതരിപ്പിക്കുന്നത്. ടർബോ GDi എൻജിനു ഹ്യുണ്ടായ് ഐ20, ഫോക്സ്‌വാഗൺ പോളോ എന്നിവരാണ്‌ ആൾട്രോസ് ഐ ടർബോയുടെ പ്രധാന എതിരാളികൾ.

English Summary: Tata Altroz iTurbo with 1.2l turbo petrol engine unveiled, launch on Jan 22, 2021

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...