Tata Motors

നെക്‌സോണിനും ഇവിയ്ക്കും ആൾട്രോസിനും ഡാർക്ക് എഡിഷനുകളുമായി ടാറ്റ മോട്ടോഴ്‌സ്

ഡാർക്ക് എഡിഷനുകൾ എത്തുന്നതോടെ നെക്സോണിൻ്റെയും ആൾട്രോസിൻ്റെയും വിൽപനയിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്

ടാറ്റ മോട്ടോഴ്‌സിൻ്റെ ഡാർക്ക് എഡിഷനെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക ഹാരിയർ ഡാർക്ക് എഡിഷനാവും. ലിമിറ്റഡ് എഡിഷനായെത്തി വമ്പിച്ച ജനപ്രീതി നേടിയ വാഹനമാണ് ടാറ്റ ഹാരിയർ ഡാർക്ക്. ഇതേ പാത പിന്തുടർന്ന് ഇപ്പോൾ തങ്ങളുടെ മറ്റു ജനപ്രിയ വാഹനങ്ങൾക്കു കൂടി ഡാർക്ക് എഡിഷനുകൾ നൽകിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ആൾട്രോസ്, നെക്സോൺ, നെക്സോൺ ഇവി എന്നിവയ്ക്കാണ് ഇപ്പോൾ ഡാർക്ക് എഡിഷനുകൾ ലഭിച്ചിരിക്കുന്നത്. ഒപ്പം മുൻപ് പരിമിതകാല പതിപ്പായി മാത്രം എത്തിയിരുന്ന ഹാരിയർ ഡാർക്കിനെ ചില്ലറ മിനുക്കുപണികളോടെ വീണ്ടും വിൽപ്പനയ്ക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു.

ഡാർക്ക് എഡിഷൻ വാഹനങ്ങൾ ഇപ്പോൾ ടാറ്റ ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ട്. ഇവ നേരിട്ടു കാണുവാനും അനുഭവിച്ചറിയുവാനുള്ള സൗകര്യം എല്ലാ ഷോറൂമുകളിലുമുണ്ട്. കൂടാതെ #Dark ബ്രാൻഡഡ് മെർക്കൻ്റൈസുകളും വിൽപനയിലുണ്ട്.

Tata altroz Dark Edition
Tata Altroz Dark Edition

ടാറ്റ ആൾട്രോസ് ഡാർക്ക് എഡിഷൻ

ടാറ്റയുടെ ഏറ്റവും സുന്ദരൻ വാഹനങ്ങളിലൊന്നാണ് ആൾട്രോസ്. ഡിസൈനിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ആൾട്രോസ് ഡാർക്ക് എഡിഷൻ കൂടി വരുന്നതോടെ കണ്ണെടുക്കാൻ തോന്നാത്തവിധം സ്റ്റൈലിഷായിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ, കറുപ്പ് നിറമാണ് പ്രധാന ആകർഷണം. കോസ്മോ ബ്ലാക്ക് നിറമാണ് ഡാർക്ക് എഡിഷൻ ആൾട്രോസിനുള്ളത്. 16 ഇഞ്ച് അലോയ് വീലുകൾക്കും കറുപ്പു നിറമാണ്. ഹുഡിലെ ബ്ലാക്ക് ക്രോം ഫിനിഷും ശ്രദ്ധേയമാണ്.

ഗ്രാനൈറ്റ് ബ്ലാക്ക് നിറമാണ് ഉൾഭാഗത്തിന്, മിഡ്-പാഡിൻ്റെ നിറവും കറുപ്പു തന്നെ. നീല നിറത്തിൽ തീർത്ത ട്രൈ-ആരോ പെർഫൊറേഷനുകളോടുകൂടിയവയാണ് സീറ്റുകൾ (ഇത് ഡാർക്ക് എഡിഷൻ്റെ പൊതു സ്വഭാവങ്ങളിൽ ഒന്നാണ്). സീറ്റുകളൂടെ ബ്ലൂ സ്റ്റിച്ചിങ്ങും ശ്രദ്ധേയമാണ്. പുറത്തെന്ന പോലെ ഉള്ളിലും അനേകമിടങ്ങളിൽ #Dark മാസ്കോട്ടുകൾ കണ്ടെത്താം.

ആൾട്രോസ് നിരയിൽ ഏറ്റവും മുകളിലായാണ് ഡാർക്ക് എഡിഷൻ്റെ സ്ഥാനം. ഐ-ടർബോയടക്കം പെട്രോൾ എൻജിനോടുകൂടിയ XZ+ വേരിയൻ്റുകളിലാണ് ഡാർക്ക് എഡിഷനുള്ളത്. ഡീസൽ വേരിയൻ്റുകളിൽ തത്കാലം ‘ഡാർക്ക്’ ലഭ്യമല്ല. 8.71 ലക്ഷത്തിലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത് എന്നാണറിയുന്നത്.

Tata nexon Dark Edition
Tata Nexon Dark Edition

ടാറ്റ നെക്സോൺ ഡാർക്ക് എഡിഷൻ

ഇന്ത്യയിൽ വമ്പൻ വിൽപന കാഴ്ച വച്ചുകൊണ്ടിരിക്കുന്ന നെക്സോൺ എസ്‌യുവിയുടെ ഡാർക്ക് എഡിഷനും ഏറെ പ്രത്യേകതകൾ ഉള്ളതാണ്. കറുപ്പിൽ പൊതിഞ്ഞ വാഹനത്തിൻ്റെ എടുത്തുപറയേണ്ട ഹൈലൈറ്റുകൾ ചാർക്കോൾ ബ്ലാക്ക് നിറമുള്ള 16 ഇഞ്ച് അലോയ് വീലുകൾ, പുറത്തെ സോണിക്ക് സിൽവർ ഹൈലൈറ്റുകൾ, മാറ്റ് ഗ്രാനൈറ്റ് ബ്ലാക്കിൽ തീർത്ത ബോഡി ക്ലാഡിങ്ങുകൾ എന്നിവയാണ്.

കറുപ്പാണ് ഉൾഭാഗത്തെ പ്രധാന നിറം. ലെതറെറ്റ് അപ്‌ഹോൾസ്ട്രി ട്രൈ-ആരോ പെർഫൊറേഷനുകളോടുകൂടിയതാണ്. ഹെഡ്റെസ്റ്റുകളിൽ #Dark എന്ന എംബ്രോയ്‌ഡറിയും കണ്ടെത്താനാവും. പെട്രോൾ, ഡീസൽ എൻജിനുകളിലായി XZ+, XZA+, XZ+(O), XZA+(O) എന്നീ വേരിയൻ്റുകളിലാണ് ഡാർക്ക് എഡിഷൻ എത്തുന്നത്.

Tata nexon EV Dark Edition
Tata Nexon EV Dark Edition

ടാറ്റ നെക്സോൺ ഇവി ഡാർക്ക് എഡിഷൻ

ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള ഇലക്ട്രിക്ക് വാഹനമായ നെക്സോൺ ഇവിയും ഇനി ഡാർക്ക് എഡിഷനിൽ ലഭ്യമാവും. ഇവിയുടെ XZ+, XZ+ LUX വേരിയൻ്റുകളാണ് ‘ഡാർക്ക്’ ആയിരിക്കുന്നത്.

ഒറ്റ നോട്ടത്തിൽ സാധാരണ നെക്സോണിൻ്റെ ഡാർക്ക് എഡിഷനുമായി അനേകം സാദൃശ്യങ്ങൾ തോന്നുമെങ്കിലും ഇവിയുടെ ഡാർക്കിൻ്റെ മാത്രം പ്രത്യേകതകളായി നിൽക്കുന്ന ചില കാര്യങ്ങളുണ്ട്. മിഡ്നൈറ്റ് ബ്ലാക്ക് നിറമാണ് ഇവിയുടെ ഡാർക്ക് എഡിഷനുള്ളത്. സാറ്റിൻ ബ്ലാക്കിൽ തീർത്ത ഹ്യുമാനിറ്റി, ബെൽറ്റ് ലൈനുകൾ, ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ. ഇവിയുടെ തനത് ബ്ലൂ ഘടകങ്ങൾ നിലനിർത്തിയിരിക്കുന്നു.

ഉൾഭാഗത്തും കറുപ്പിൻ്റെ അതിപ്രസരമുണ്ട്. ട്രൈ- ആരോ പെർഫൊറേഷനുകളോടുകൂടിയ ലെതറെറ്റ് അപ്‌ഹോൾസ്ട്രിയിൽ ഇവിയുടെ തനത് ബ്ലൂ നിറത്തിലുള്ള സ്റ്റിച്ചുകളാണുള്ളത്. സ്റ്റീയറിംഗ് വീലും ലെതറെറ്റിൽ പൊതിഞ്ഞതാണ്. ബ്ലാക്ക് എഡിഷൻ എത്തുമ്പോൾ iTPMS എന്ന ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനവും ഇവിയ്ക്കു ലഭിക്കുന്നുണ്ട്. മാത്രമല്ല, XZ+ വേരിയൻ്റിൽ ഇപ്പോൾ കപ്പ് ഹോൾഡറുകളോടുകൂടിയ പിൻ ആം റെസ്റ്റ്, 60:40 സ്പ്ലിറ്റ് സീറ്റുകൾ, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ് എന്നിവയുമുണ്ട്.

Tata harrier Dark Edition
2021 Tata Harrier Dark Edition

2021 ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ

2019 ആഗസ്തിൽ ഒരു പരീക്ഷണം എന്നോണം ആയിരുന്നു ടാറ്റ ഹാരിയർ ഡാർക്ക് എഡിഷനെ അവതരിപ്പിച്ചത്. നന്നായി വിറ്റുകൊണ്ടിരുന്ന, വമ്പിച്ച ആരാധകവൃന്ദം സ്വന്തമായുണ്ടായിരുന്ന ഹാരിയറിൻ്റെ കൂടുതൽ സ്റ്റൈലിഷായ, പരിമിതകാല പതിപ്പ്- അതായിരുന്നു ഡാർക്ക് എഡിഷൻ. വളരെ വേഗം ശ്രദ്ധിക്കപ്പെട്ട ഹാരിയർ ഡാർക്ക് വമ്പിച്ച വില്പനയാണ് ടാറ്റയ്ക്ക് നേടിക്കൊടുത്തത്. ഈ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടാവണം ഇവരിപ്പോൾ മറ്റു വാഹനങ്ങളെയും കറുപ്പണിയിച്ചിരിക്കുന്നത്.

2021നായി ഹാരിയർ ഡാർക്ക് എഡിഷൻ്റെ മെച്ചപ്പെടുത്തിയ പതിപ്പും ടാറ്റ വിപണിയിലെത്തിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ പഴയ ഡാർക്ക് എഡിഷൻ ഹാരിയറുമായി പുത്തൻ വാഹനത്തിനു പറയത്തക്ക മാറ്റങ്ങളില്ല. എന്നാൽ പുത്തൻ ഡാർക്ക് എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത് ഒബറോൺ ബ്ലാക്ക് എന്ന നിറമാണ്, ശ്രദ്ധിച്ചുനോക്കിയാൽ ഈ മാറ്റം വ്യക്തമാവും. 18 ഇഞ്ച് ബ്ലാക്ക്സ്റ്റോൺ അലോയ് വീലുകൾ, കറുപ്പിൽ തീർത്ത ഉൾഭാഗം, കടും നീല കലർന്ന ട്രൈ-ആരൊ പെർഫൊറേഷനുകളോടുകൂടിയ ബെനെക്കെ കലിക്കൊ ലെതറെറ്റ് അപ്‌ഹോൾസ്ട്രി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. XT+, XZ+, XZA+ എന്നീ വേരിയൻ്റുകളിലാണ് പുത്തൻ ഹാരിയറിൽ ഡാർക്ക് എഡിഷനെത്തുക.

കൂടുതൽ ഡാർക്ക് എഡിഷനുകൾ വരുന്നു…

തങ്ങളുടെ ജനപ്രിയ മോഡലുകളായ ടിയാഗോയ്ക്കും ടിഗോറിനും കൂടി ഡാർക്ക് എഡിഷനുകൾ നൽകാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ് എന്നാണ് ഈയിടെ പുറത്തായ പേറ്റൻ്റ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങൾ വരുന്ന ഉൽസവകാലത്ത് വിപണിയിലെത്തുമെന്നു കരുതുന്നു. കൂടാതെ ഏറ്റവും പുതിയ ടാറ്റ സഫാരിയിലും വൈകാതെ ‘ഡാർക്ക്’ എത്തുമെന്നറിയുന്നു.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Tata Nexon Dark Edition, Altroz Dark Edition, Harrier Dark Edition, Nexon EV Dark Edition launched in India

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...