Tata Motors

Tata HBX: പുത്തൻ ചിത്രങ്ങൾ പുറത്ത്, അറിയേണ്ടതെല്ലാം!

വൈകാതെ വിപണിയിൽ എത്തുന്ന ടാറ്റ HBX എസ്‌യുവിയെ പറ്റി അറിയുന്നതെല്ലാം…

ആൾട്രോസ്, നെക്സോൺ, സഫാരി പോലുള്ള പ്രീമിയം വാഹനങ്ങളുടെ ശോഭയിൽ തിളങ്ങി നില്ക്കുന്ന ടാറ്റ മോട്ടോഴ്സിൽ നിന്നും എത്തുന്ന അടുത്ത പ്രധാന വാഹനം ഒരു സബ്-കോംപാക്ട് എസ്‌യുവിയാണ്‌, മുൻപ് ഡെൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച HBX കൺസപ്റ്റിന്റെ പ്രൊഡക്ഷൻ രൂപമായിരിക്കും ഈ വാഹനം.

HBXന്റെ പ്രൊഡക്ഷൻ മോഡലിന്റെ ഏതാനും ചിത്രങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. മുൻപു പലവട്ടം ഈ വാഹനത്തിന്റെ സ്പൈ ചിത്രങ്ങൾ വന്നിരുന്നുവെങ്കിലും അവയിലൊക്കെ വാഹനം വലിയ രീതിയിൽ കാമോഫ്ലാഷ് ചെയ്ത (മറച്ച) നിലയിലായിരുന്നതിനാൽ ഡിസൈനിന്റെ വിശദാംശങ്ങൾ വ്യക്തമായിരുന്നില്ല.

എന്നാൽ പുതിയ ചിത്രങ്ങളിൽ മുൻഭാഗത്തിന്റെ രൂപം ഭാഗികമായി തെളിയുന്നുണ്ട്. ഇവ ടാറ്റയുടെ പൂനെയിലെ പ്ലാന്റിൽ നിന്നുള്ളതാവാനാണ്‌ സാധ്യത. അതുകൊണ്ടു തന്നെ HBX എസ്‌യുവിയുടെ നിർമ്മാണം ആരംഭിച്ചിരിക്കാനും ഇടയുണ്ട്, എന്നാൽ ഇതിൽ ഇനിയും ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.

ഡിസൈൻ:

സ്പൈ ചിത്രങ്ങളെ വിശ്വസിക്കാമെങ്കിൽ പ്രൊഡക്ഷൻ മോഡലിന്റെ ഡിസൈൻ, കൺസപ്റ്റിന്റേതിനോട്‌ അടുത്തു നില്ക്കുന്നതാണ്‌. കൺസപ്റ്റിൽ കണ്ട പല ബോഡി ലൈനുകളും ഡിസൈൻ ഘടകങ്ങളുമൊക്കെ അതേപടി നിലനിർത്തിയിട്ടുണ്ട്. ഉയരം തോന്നിക്കുന്ന രൂപത്തിന്റെ ഭംഗി കൂട്ടാൻ കറുപ്പണിഞ്ഞ എ, ബി, സി പില്ലറുകളും ബോഡി ക്ലാഡിങ്ങും ചെരിഞ്ഞു നില്ക്കുന്ന പിൻ വിന്റ്സ്ക്രീനും നല്കിയിരിക്കുന്നു.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

മുൻഭാഗം കണ്ടാൽ ഒരു ‘കുഞ്ഞൻ ഹാരിയർ’ എന്നു തോന്നുംവിധം സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും, സ്റ്റൈലൻ ഗ്രില്ലും, LED ഡേ ടൈം റണ്ണിംഗ് ലാമ്പുകളുമുണ്ട്. കൺസപ്റ്റിൽ കണ്ടതുപോലുള്ള വലുപ്പമേറിയ എയർ ഇൻടേക്കും മുൻഭാഗത്തെ ശ്രദ്ധേയമായ ഘടകമാണ്‌. ടെയിൽ ലാമ്പുകൾ LED യൂണിറ്റുകളാണ്‌. കറുപ്പിൽ തീർത്ത പിൻ ബമ്പറും ചിത്രങ്ങളിൽ വ്യക്തമാണ്‌.

പ്രതീക്ഷിക്കുന്ന വലുപ്പം / അളവുകൾ

ആൾട്രോസിന്റെ അതേ പ്ലാറ്റ്ഫോമിലാണ്‌ HBX എസ്‌യുവിയും നിർമ്മിക്കപ്പെടുന്നത്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും കൺസപ്റ്റ് മോഡലിനോളം തന്നെ വലുപ്പം ഉണ്ടായേക്കാം പ്രൊഡക്ഷൻ വാഹനത്തിനും. അങ്ങനെയെങ്കിൽ 3,840 മില്ലിമീറ്റർ നീളം, 1,822 മില്ലിമീറ്റർ വീതി, 1,635 മില്ലിമീറ്റർ ഉയരം എന്നിവ പ്രതീക്ഷിക്കാം. 2,450 മില്ലിമീറ്റർ ആയിരിക്കാം ഈ വാഹനത്തിന്റെ വീൽബേസ്. അതായത് ആൾട്രോസിനേക്കാൾ വീതി ഒരുപക്ഷേ HBXന്‌ ഉണ്ടായേക്കാം !

Tata HBX Interior
Image Source: MotorOctane

ഉൾഭാഗം:

HBX എസ്‌യുവിയുടെ ഉൾഭാഗത്തിന്റെ ഡിസൈൻ വലിയതോതിൽ വെളിവാക്കുന്ന ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരേസമയം കൺസപ്റ്റിന്റെ ഉൾഭാഗത്തോടു കൂറു പുലർത്തുകയും ഒപ്പം ആൾട്രോസ്, ടിയാഗോ പോലുള്ള വാഹനങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നതാവും പ്രൊഡക്ഷൻ മോഡലിന്റെ ഉൾഭാഗം. ചില ഘടകങ്ങൾ നിലവിലെ ടാറ്റ മോഡലുകളിൽ നിന്നും കടമെടുത്തവയാവും. ഉയർന്ന മോഡലുകളിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റികളോടുകൂടിയ വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റവും ഉണ്ടാവും.

എൻജിൻ

Tata HBXന്റെ എൻജിൻ/ ട്രാൻസ്മിഷൻ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ വാഹനത്തിനുണ്ടാവുക ആൾട്രോസിന്റെ അതേ ALFA പ്ലാറ്റ്ഫോമാവും. ടാറ്റ വാഹനങ്ങളിൽ കണ്ടു പരിചയിച്ച 1.2 ലിറ്റർ പെട്രോൾ എൻജിന്റെ നാച്വറലി ആസ്പിരേറ്റഡ്/ ടർബോ പതിപ്പുകളാണ്‌ HBX പ്രൊഡക്ഷൻ മോഡലിലും പ്രതീക്ഷിക്കുന്നത്- അതായത് കുറഞ്ഞ വേരിയന്റുകൾക്ക് 1.2 പെട്രോൾ എൻജിനും ഉയർന്ന വേരിയന്റുകളിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനും.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

എന്നാൽ HBX ലെ ടർബോ പെട്രോൾ എൻജിനിൽ നെക്സോൺ, ആൾട്രോസ് ഐ-ടർബോ പോലുള്ള വാഹനങ്ങളിലേതുപോലെ പോർട്ട് ഇൻജക്ഷൻ ആവില്ല, മറിച്ച് ഡിറക്റ്റ് ഇൻജക്ഷൻ ആവും ഉണ്ടാവുക. 5 സ്പീഡ് മാനുവൽ/ AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളും പ്രതീക്ഷിക്കുന്നുണ്ട്.

ഒരു ഇലക്ട്രിക്ക് വേർഷനും വന്നേക്കാമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല.

Tata HBX Spy shot

ടിമേറോയോ ഹോൺബില്ലോ?

HBXന്റെ പ്രൊഡക്ഷൻ മോഡലിന്റെ പേരിനെച്ചൊല്ലിയും അനേകം അഭ്യൂഹങ്ങൾ നിലനില്ക്കുന്നുണ്ട്. വാഹനം ഹോൺബിൽ എന്ന പേരിലാവും വിപണിയിൽ എത്തുക എന്നാണ്‌ മുൻപ് കരുതിയിരുന്നത്. എന്നാൽ ടിമേറോ എന്നാവും ടാറ്റ ഇതിനെ വിളിക്കുക എന്നാണ്‌ ഇപ്പോൾ വാഹനലോകത്തെ അടക്കം പറച്ചിൽ. ഇക്കാര്യത്തിൽ അവ്യക്തത തുടരുമ്പോഴും വാഹനത്തിന്റെ ലോഞ്ച് അടുത്തുവെന്നത് തീർച്ചയാണ്‌.

എന്ന് എത്തും?

ഇപ്പോൾ നടക്കുന്ന കോവിഡ് രണ്ടാം തരംഗത്തിന്‌ ഇരയായതാണ്‌ ഈ എസ്‌യുവിയുടെ ലോഞ്ചും. കോവിഡ് രൂക്ഷമായതുമൂലം ടാറ്റ ഈ വാഹനത്തിന്റെ മാർക്കറ്റ് ലോഞ്ച് നീട്ടിവച്ചിരുന്നു. ഇപ്പോഴും ലോഞ്ച് തിയതിയെപ്പറ്റി കൃത്യമായ ധാരണ ഇല്ലെങ്കിലും വരുന്ന ഉത്സവകാലത്ത് (സെപ്തംബർ- ഒക്ടോബർ) ഹ്യുണ്ടായും മഹീന്ദ്രയും മാരുതിയും അടക്കം പല വമ്പന്മാരും പല പ്രധാന മോഡലുകളെയും അവതരിപ്പിക്കാൻ ഇരിക്കുകയാണ്‌, അതിനാൽ ടാറ്റയും ഈ സമയത്തു തന്നെ ഈ വാഹനത്തെ വിപണിയിൽ എത്തിക്കുമെന്നാണ്‌ കരുതുന്നത്. HBX SUV യുടെ പ്രൊഡക്ഷൻ മോഡലിന്റെ വില 5 ലക്ഷത്തിൽ താഴെ തുടങ്ങും എന്നാണ്‌ പ്രതീക്ഷിക്കുന്നത്.

എതിരാളികൾ ആരൊക്കെ ?

നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള ഒരു എസ്‌യുവിയാണ്‌ HBX. മൈക്രോ എസ്‌യുവി എന്നാണ്‌ ടാറ്റ ഈ വാഹനത്തെ വിളിക്കുന്നത്. ഈ വിഭാഗത്തിൽ നിലവിൽ വാഹനങ്ങളില്ല എന്നു പറയേണ്ടിവരും. കുറച്ചെങ്കിലും അടുത്തു നില്ക്കുന്നതായി പറയാനാവുക മഹീന്ദ്ര KUV100 യും മാരുതി ഇഗ്നിസുമാവും. എന്നാൽ ഇനി വരാനിരിക്കുന്ന ഹ്യുണ്ടായ് AX1 ഒരു തികഞ്ഞ മൈക്രോ എസ്‌യുവി ആവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്, HBXന്റെ ഏറ്റവും വലിയ എതിരാളിയും ഈ വാഹനം തന്നെയാവും.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

Image Source:Motorbeam MotorOctane

English Summary : Tata HBX Spied in Plant premises, All Details about Tata HBX (Tata Hornbill/ Tata Timero)

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...