Cars

Renault Kiger മുതൽ Mahindra Thar വരെ: ഇന്ത്യയിൽ ഏറ്റവുമധികം വെയ്റ്റിംഗ് കാലാവധി ഉള്ള 10 വാഹനങ്ങൾ [മേയ് 2021]

ഇന്ന് വമ്പൻ ഡിമാന്റുള്ള പല വാഹനങ്ങൾക്കും വിശ്വസിക്കാനാവാത്തത്ര നീണ്ട കാത്തിരിപ്പ് കാലാവധികളാണുള്ളത്, അത്തരം ചില വാഹനങ്ങൾ ഇതാ…

കോവിഡ് രണ്ടാം തരംഗത്തോടനുബന്ധിച്ച് 2021 മേയ് മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ലോക്ക്ഡൗണും അനുബന്ധ പ്രതിസന്ധികളും റെനോ കൈഗർ മുതൽ മഹീന്ദ്ര ഥാർ വരെയുള്ള ഒരുപറ്റം ജനപ്രിയ വാഹനങ്ങളുടെ ഡെലിവെറികൾ തടസപ്പെടുത്തുകയും കാത്തിരിപ്പ് കാലാവധി നീട്ടുകയും ചെയ്തിരിക്കുകയാണ്‌. പുത്തൻ മഹീന്ദ്ര ഥാറിനായി ഇപ്പോൾ കാത്തിരിക്കേണ്ടി വരിക ഏതാണ്ട് ഒരുവർഷം വരെയാണ്‌!

ലൊക്ക്ഡൗൺ മൂലം സംഭവിച്ച സെമി-കണ്ടക്ടർ ദൗർലഭ്യവും ഗതാഗത പരിമിതികളുമാണ്‌ പ്രധാനമായും വില്ലന്മാരായിരിക്കുന്നത്. പല വാഹനനിർമ്മാതാക്കളും ഉത്പാദനം നിർത്തിയ/ ഗണ്യമായി കുറച്ച അവസ്ഥയിലാണുള്ളത്. ഇതൊക്കെയാണ്‌ വെയ്റ്റിംഗ് കാലയളവ് കൂട്ടിയിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും നീണ്ട കാത്തിരുപ്പ് കാലയളവുകൾ ഉള്ള 10 വാഹനങ്ങളെ പരിചയപ്പെടാം….

മഹീന്ദ്ര ഥാർ: കാത്തിരിക്കേണ്ടത് ഒരു വർഷം വരെ!

രണ്ടാം തലമുറ ഥാറിന് ഇന്ത്യൻ വാഹനവിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ കാത്തിരുപ്പ് കാലാവധി 10 മുതൽ 12 മാസം വരെ നീളുന്നു. വാഹനപ്രേമികളുടെ ഇടയിൽ വൻ ഹിറ്റായി മാറിയ പുത്തൻ ഥാർ, വിപണിയിലെത്തി 7 മാസം തികയും മുൻപേ കമ്പനിക്ക് ഉത്പാദനം വർദ്ധിപ്പിക്കേണ്ടി വന്നിരുന്നു, അത്രയ്ക്കായിരുന്നു ഡിമാന്റ്. ഥാറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾക് കൺവെർട്ടബിൾ, ഹാർഡ് ടോപ്, പെട്രോൾ മാനുവൽ വേരിയെന്റുകളെ അപേക്ഷിച്ച് കൂടിയ കാത്തിരുപ്പ് കാലാവധിയുണ്ട്.

2020 Mahindra Thar price

മാരുതി സുസുക്കി എർട്ടിഗ: കാത്തിരിക്കേണ്ടത് 9 മാസം വരെ

വിശാലമായ ഇന്റീരിയറും മിതമായ വിലയുമാണ്‌ മാരുതി സുസുക്കി എർട്ടിഗ എംപിവിയെ ജനപ്രിയമാക്കിയത്. നിലവിൽ സിഎൻജി മോഡലുകൾക്ക് ഏകദേശം 9 മാസത്തെയും പെട്രോൾ മോഡലുകൾക്ക് 4 മുതൽ 5 മാസത്തേയും കാത്തിരുപ്പ് കാലയളവുകളുണ്ട്.

നിസ്സാൻ മാഗ്നൈറ്റ്: കാത്തിരിക്കേണ്ടത് 9 മാസം വരെ

ഇന്ത്യയിലെ ഏറ്റവും വിജയകരമായ സബ് 4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിന്റെ കാത്തിരുപ്പ് കാലയളവ് 9 മാസം വരെ നീളുന്നു. വിപണിയിലെത്തി 4 മാസത്തിനുള്ളിൽ 50,000 ഓളം ബുക്കിങ്ങുകളാണ്‌ മാഗ്നൈറ്റ് നേടിയത്. ഇതിൽ 10,000 ഡെലിവറികൾ മാത്രമാണ് ഇതുവരെയും പൂർത്തിയാക്കാനായിട്ടുള്ളത്.

ടോപ്പ് സ്പെക്ക് XV, XV പ്രീമിയം വേരിയന്റുകൾക്കാണ് 60 ശതമാനത്തിലധികം ബുക്കിംഗുകളും, 15 ശതമാനം ബുക്കിംഗുകൾ മാഗ്നൈറ്റ് CVT വേരിയന്റുകൾക്കാണ്. ബുക്കിങ്ങുകളുടെ ഡെലിവെറി പൂർത്തിയാക്കുന്നതിനായി 2021 ജൂലൈ മുതൽ ചെന്നൈ പ്ലാന്റിലെ ഉത്പാദനം പ്രതിമാസം 2,700 യൂണിറ്റിൽ നിന്ന് 3,500 യൂണിറ്റായി ഉയർത്താനാണ് നിസ്സാന്റെ പദ്ധതി.

ഹ്യുണ്ടായ് ക്രെറ്റ: കാത്തിരിക്കേണ്ടത് 9 മാസം വരെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടായ് ക്രെറ്റ. ക്രെറ്റയുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്കായി 9 മാസം വരെയും താഴ്ന്ന E, X വേരിയന്റുകൾക്കായി 7-8 മാസം വരെയും കാത്തിരിക്കേണ്ടതുണ്ട്.

ക്രെറ്റയ്ക്ക് നിലവിലുള്ള ആവശ്യക്കാരുടെ സംഖ്യ അതിന്റെ ഉൽപാദന ശേഷിയുടെ മൂന്നിരട്ടിയോളമാണെന്നും ഇതുതന്നെയാണ്‌ ഇത്രയും വലിയ കാത്തിരിപ്പിലേക്ക് നയിച്ചതെന്നുമാണ്‌ ഹ്യുണ്ടായുടെ വാദം. പ്രതിസന്ധി പരിഹരിക്കുന്നതിനായി വാഹനത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇവർക്ക് പദ്ധതിയുണ്ട്. നിലവിൽ 9.99 ലക്ഷം മുതൽ 17.53 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്സ് ഷോറൂം വില.

Renault Kiger

റെനോ കൈഗർ: കാത്തിരിക്കേണ്ടത് 6 മാസം വരെ

6 മാസത്തെ വരെ കാത്തിരിപ്പ് കാലയളവുള്ള മറ്റൊരു വിജയകരമായ മോഡലാണ് റെനോ കൈഗർ. ഫെബ്രുവരിയിലാണ് കൈഗറിനെ റെനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ വൻ വിജയമായി തീർന്ന ഈ വാഹനത്തിന് രാജ്യത്ത് ആവശ്യക്കാർ വർദ്ധിച്ചുവരികയാണ്. നിലവിലെ കാത്തിരിപ്പ് കാലയളവ് 6 മാസമായി നീളുന്നതിനൊപ്പം , വേരിയൻറ്, പെയിന്റ് സ്കീമുകൾ എന്നിവയെ അടിസ്ഥാനമാക്കി മെയ് 1 മുതൽ 14,000-30,000 രൂപ വരെ വിലവർധനയും കമ്പനി പ്രഖ്യാപിച്ചിരുന്നു.

കിയ സോനെറ്റ്: കാത്തിരിക്കേണ്ടത് 5 മാസം വരെ

സബ് 4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ ഇതിനോടകം പ്രീതിയാർജിച്ചു കഴിഞ്ഞ വാഹനമാണ്‌ കിയ സോനെറ്റ്. പുതിയ ഫീച്ചറുകളും ലോഗോയും ഉൾപ്പെടുത്തി കമ്പനി അടുത്തിടെ സോനെറ്റ് അപ്ഡേറ്റ് ചെയ്തിരുന്നു, വിലയിൽ വന്ന വർദ്ധനവ് പോലും രാജ്യത്തെ സോനറ്റിന്റെ ഡിമാന്റിനെ ബാധിച്ചിട്ടില്ല.

1.0 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 2-4 മാസത്തെ കാത്തിരിപ്പ് കാലയളവും , 1.5 ലിറ്റർ ഡീസൽ വേരിയന്റുകൾക്ക് 3-5 മാസം വരെയുമാണ്‌ ഉള്ളത്. എന്നാൽ 1.2 ലിറ്റർ പെട്രോൾ മോഡലുകൾക്ക് ഇത് 5 മാസം വരെ നീളുന്നു.

കിയ സെൽറ്റോസ്: കാത്തിരിക്കേണ്ടത് 5 മാസം വരെ

കിയയുടെ പുതിയ ലോഗോ, പുതുക്കിയ വേരിയന്റുകൾ. കൂടുതൽ ഫീച്ചറുകൾ എന്നിവയുമായെത്തിയ 2021 സെല്റ്റോസിന്‌ ആവശ്യക്കാർ ഏറെയാണ്‌. സോനെറ്റിനെ പോലെ തന്നെ വേരിയന്റുകൾക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ച് 3.5-5 മാസത്തെ കാത്തിരിപ്പാണ്‌ ഇപ്പോൾ വേണ്ടിവരുന്നത്.

ടാറ്റ നെക്സോൺ: കാത്തിരിക്കേണ്ടത് 5 മാസം വരെ

ടാറ്റ നെക്സോൺ, ടിയാഗോ, ടിഗോർ, ആൽ‌ട്രോസ്, ഹാരിയർ, സഫാരി എന്നിവയ്‌ക്കെല്ലാം ഉയർന്ന കാത്തിരിപ്പ് കാലയളവുകളുണ്ട്. എന്നിരുന്നാലും താരതമ്യേന കൂടുതൽ കാത്തിരിക്കേണ്ടി വരിക നെക്സോണിനായാവും. ലൊക്കേഷനെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് നെക്‌സൺ പെട്രോൾ, ഡീസൽ വേരിയന്റുകൾക് 3-5 മാസം വരെ നീളാം.

അതേസമയം നെക്‌സൺ ഇവിക്കായി 2 മാസത്തെ കാത്തിരിപ്പ് കാലാവധിയെ ആവശ്യമുള്ളൂ. പെട്രോൾ വേരിയന്റുകൾക്ക് 7.09 -11.46 ലക്ഷം രൂപ വരെയും ഡീസൽ വേരിയൻറ്റുകൾക്ക് 8.45-12.79 ലക്ഷം രൂപ വരെയും, ഇവി യ്ക്ക് 13.99-16.39 ലക്ഷം രൂപ വരെയുമാണ് നിലവിൽ നെക്സോൺ നിരയുടെ വിലകൾ.

Maruti Suzuki Swift 2021

മാരുതി സ്വിഫ്റ്റ്: കാത്തിരിക്കേണ്ടത് 5 മാസം വരെ

പല മാരുതി സുസൂക്കി വാഹനങ്ങൾക്കും ഇപ്പോൾ വളരെ ഉയർന്ന കാത്തിരിപ്പ് കാലാവധികൾ ആണുള്ളത്. സെമി കണ്ടക്ടറുകളുടെ വിതരണ പരിമിതികളും ലോക്ക്ഡൌൺ സാഹചര്യങ്ങളും എസ്-പ്രസ്സോയ്ക്ക് 1 മാസം നീണ്ട കാത്തിരിപ്പ് കാലയളവ് സമ്മാനിച്ചു. വേരിയന്റിനെ ആശ്രയിച്ച് മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിനായി കാത്തിരിക്കേണ്ടി വരിക 3 മുതൽ 5 മാസങ്ങൾ വരെയാവും.

എം‌ജി ഹെക്ടർ: കാത്തിരിക്കേണ്ടത് 4 മാസം വരെ

എം‌ജി മോട്ടോർ ഇന്ത്യ 2019 ലാണ് ഹെക്ടർ അവതരിപ്പിച്ചത് . ഹെക്റ്ററിനുണ്ടായ ജന സമ്മതിയാണ് ജനുവരി 21 ൽ ഹെക്ടർ പ്ലസ് അവതരിപ്പിക്കാൻ എംജിയ്ക്ക് പ്രചോദനമായത്. 6/7 സീറ്റർ ഓപ്ഷനുകളിൽ ലഭ്യമായ ഹെക്ടർ പ്ലസിന്‌ ആവശ്യക്കാർ ഏറെയാണ്‌. ഡിമാന്റ് കൂടിയതോടൊപ്പം സെമി കണ്ടക്ടർ ചിപ്പുകളുടെ ലഭ്യതയിലുള്ള പരിമിതികൾ കൂടി ആയപ്പോൾ 4 മാസം വരെയാണ്‌ ഹെക്ടറിന്റെയും ഹെക്ടർ പ്ലസിന്റെയും ഡെലിവെറികൾ വൈകുന്നത്.

English Summary : Top 10 cars with the highest waiting period (May 2021) : Mahindra Thar, Swift, Nexon, MG Hector, Renault Kiger, Nissan Magnite, Ertiga,Creta, Sonet, Seltos- All details

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...