Toyota

Toyota Wagon R EV: മാരുതി വാഗൺ ആറിനെ ഇലക്ട്രിക്ക് ആക്കാനൊരുങ്ങി ടൊയോട്ട, എത്തുക ഹൈറൈഡർ എന്ന പേരിൽ ?

മാരുതി സുസൂക്കിയുടെ ഹിറ്റ് മോഡലായ വാഗൺ ആറിനെ ആധാരമാക്കി ഇലക്ട്രിക്ക് ഹാച്ച്ബാക്കിനെ നിർമ്മിക്കാനൊരുങ്ങുകയാണ്‌ ടൊയോട്ട. ടൊയോട്ടയുടെ വാഗൺ ആർ ഇവിയുടെ ടെസ്റ്റിംഗ് ചിത്രങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു, കൂടുതൽ അറിയാം…

മാരുതി സുസൂക്കിയും ടൊയോട്ടയും തമ്മിലുള്ള സഖ്യം (ജോയന്റ് വെഞ്ച്വർ) നമുക്ക് അറിയാത്തതല്ല. ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ വാഹനമായ ഗ്ലാൻസ മുതൽ അർബൻ ക്രൂയ്സർ വരെ നാം കണ്ടതും കയ്യടിയോടെ സ്വീകരിച്ചതുമാണ്‌. ടൊയോട്ടയിൽ നിന്നും അടുത്തതായി എത്തുക ‘ബെല്റ്റ’ എന്നു പുനർനാമകരണം ചെയ്ത സിയാസ് ആവുമെന്നും ഈയിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു പ്രധാന വാർത്ത കൂടി സുസൂക്കി-ടൊയോട്ട കൂട്ടുകെട്ടിനെ പറ്റി പുറത്തു വന്നിരിക്കുകയാണ്‌.

മാരുതിയുടെ ജനപ്രിയ മോഡലായ വാഗൺ ആറിന്റെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണത്രെ ടൊയോട്ട! വാഗൺ ആർ ഇലക്ട്രിക്കിന്റെ ചില ചിത്രങ്ങൾ ഇതിനു മുൻപും പുറത്തുവന്നിരുന്നു, എന്നാൽ ഇപ്പോഴാണ്‌ ഈ വാഹനം എത്തുക ടൊയോട്ട ബ്രാൻഡിങ്ങിൽ ആവുമെന്ന കാര്യത്തിൽ തീർച്ചയാവുന്നത്. കാമോഫ്ലാഷ് ഇല്ലാതെ ടെസ്റ്റ് ചെയ്യപ്പെടുന്ന ഇലക്ട്രിക്ക് വാഗൺ ആറിന്റെ ചിത്രങ്ങളും വീഡിയോകളും നമ്മോടു പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം…

ടൊയോട്ട വാഗൺ ആർ EV: പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ ?

ഡിസൈനിന്റെ കാര്യത്തിൽ നിലവിലെ മാരുതി വാഗൺ ആറുമായി പറയത്തക്ക വ്യത്യാസങ്ങളുണ്ട് ടൊയോട്ട പതിപ്പിന്റെ ടെസ്റ്റ് മ്യൂളിന്‌. പ്രധാന മാറ്റങ്ങൾ കാണാവുന്നത് മുന്നിലും വശങ്ങളിലുമാണ്‌. ഏറ്റവും പുതിയ അന്താരാഷ്ട്ര ഡിസൈൻ കല്പനകളോട്‌ ചേർന്നു നില്ക്കുന്ന രൂപമാണ്‌ ഈ വാഹനത്തിന്റെ മുൻഭാഗത്തിന്‌. പുതുപുത്തൻ ബമ്പർ, മെലിഞ്ഞു സുന്ദരമായ ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, LED ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവയാണ്‌ പ്രധാന പ്രത്യേകതകൾ. മുന്നിൽ എവിടെയൊക്കെയോ ഹ്യുണ്ടായ് കോനയുടെ ഛായകൾ കണ്ടെത്താനാകും.

toyota wagon r ev hyryder

വശങ്ങളുടെ ഡിസൈനിലും മാറ്റങ്ങളുണ്ട്. വാഗൺ ആറിന്റെ പതിവ് ഡിസൈനല്ല ഈ വാഹനത്തിന്റെ വശങ്ങളിൽ കാണാനാവുക. മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ സംഭവിച്ച രൂപമാറ്റങ്ങൾ വശങ്ങളുടെ രൂപത്തെ കാര്യമായി മാറ്റിയെഴുതുന്നുണ്ട്. മാത്രമല്ല, പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിലെ വാഹനത്തിനുള്ളത് മാരുതി ഇഗ്നിസിൽ കണ്ട തരം അലോയ് വീലുകളാണ്‌, അതും ടൊയോട്ടയുടെ ലോഗോയോടു കൂടിയവ.

Let’s get Social ! Facebook പേജ് ലൈക്ക് ചെയ്യൂ

പിൻഭാഗത്തെ പ്രധാന മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത് ടെയിൽ ലാമ്പ് ഡിസൈനിലും ബമ്പറിന്റെ രൂപത്തിലുമാണ്‌. ആകെ രൂപത്തിൽ മാരുതി വാഗൺ ആറിൽ കണ്ടവയോട് അടുത്തുനില്ക്കുന്നുവെങ്കിലും ടെസ്റ്റ് വാഹനത്തിൽ ഇവ ടിന്റ് ചെയ്യപ്പെട്ട നിലയിലാണുള്ളത്. പിൻ ബമ്പറും അടിമുടി പുതിയതാണ്‌. എങ്ങനെ നോക്കിയാലും ഇതുവരെ ടൊയോട്ട- മാരുതി സഖ്യത്തിൽ പുറത്തിറങ്ങിയിട്ടുള്ള വാഹനങ്ങളിൽ ഏറ്റവും അധികം പുനർരൂപകല്പന നടന്നിരിക്കുന്നത് ഈ വാഹനത്തിലാണെന്നത് വ്യക്തമാണ്‌.

toyota wagon r ev batterypack
Source: Gaadiwale

പവർട്രെയിൻ?

ഇലക്ട്രിക്ക് ആണെന്നതൊഴിച്ചാൽ ഈ വാഹനത്തിന്റെ ടെക്നിക്കൽ / പവർ ട്രെയിൻ സംബന്ധിയായ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല. ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ട ചിത്രങ്ങളെ വിശ്വസിക്കാമെങ്കിൽ ഇലക്ട്രിക്ക് വാഗൺ ആറിനും ഉണ്ടാവുക ‘ഫ്ലോർ- മൗണ്ടഡ്’ ആയ ബാറ്ററി പായ്ക്ക് ആവും,അതും നിലവിലെ വാഗൺ ആറിന്റെ അതേ പ്ലാറ്റ്ഫോമിൽ ഇണക്കിച്ചേർത്തത്. . ഒറ്റ ചാർജിൽ 150 കിലോമീറ്ററോളം ഈ വാഹനത്തിനു സഞ്ചരിക്കാനാവുമെന്നും 10 ലക്ഷം രൂപയോളം ആവും വില വരികയെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതെപ്പറ്റി ഔദ്യോഗിക വിശദീകരണങ്ങൾ ഉണ്ടായിട്ടില്ല.

ഹൈറൈഡർ എന്നു വിളിക്കാമോ?

ടൊയോട്ട ഈയിടെ ഹൈറൈഡർ (Hyryder) എന്ന പേര്‌ ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്തിരുന്നു. ഒരുപക്ഷേ ഇത് വാഗൺ ആർ ഇവിയ്ക്കായാവാം എന്നാണ്‌ വാഹനലോകത്തെ അടക്കം പറച്ചിൽ. എന്തായാലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില.

പേര്‌ എന്തു തന്നെയായാലും ടൊയോട്ടയുടെ ഇലക്ട്രിക്ക് ഹാച്ച്ബാക്ക് ഈ വർഷം രണ്ടാം പാതിയോടെ വിപണിയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.

അല്പം കൂടി പറയട്ടെ…

പെട്രോൾ/ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിപണി വിഹിതം (മാർക്കറ്റ് ഷെയർ) കുറവുള്ളവയാണ്‌ ഇലക്ട്രിക്ക് വാഹനങ്ങൾ. ഇവിടത്തെ ഇവി അന്തരീക്ഷത്തിന്റെ അവസ്ഥ മുതൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില വരെ അനേകം കാരണങ്ങളുണ്ട് ഇതിന്‌. അതുകൊണ്ടു തന്നെ തങ്ങളെ പൊലൊരു മാസ് മാർക്കറ്റ് ബ്രാൻഡ് ഉടനെ ഇലക്ട്രിക്ക് വിപണിയിലേക്ക് ഇല്ലായെന്ന് കുറച്ചു നാളുകൾക്കു മുൻപെ മാരുതി സുസൂക്കി വ്യക്തമാക്കിയിരുന്നു.

ഈ പ്രസ്താവന ടൊയോട്ടയുടെ ഇലക്ട്രിക്ക് വാഗൺ ആർ സങ്കല്പവുമായി ചേർന്നു പോകുന്നതാണ്‌. നിലവിൽ ഒരു പ്രീമിയം ബ്രാൻഡ് ഇമേജുള്ള ടൊയോട്ടയ്ക്കു കീഴിൽ വാഗൺ ആർ ഇവിയ്ക്ക് കുറച്ചുകൂടി സ്വീകാര്യത കിട്ടിയേക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ മാരുതി സുസൂക്കിയിൽ നിന്നും ഒരു വാഗൺ ആർ ഇവി ഉടൻ വരുമോയെന്നത് സംശയമാണ്‌ എന്നു സാരം.

Let’s get Social ! Facebook പേജ് ലൈക്ക് ചെയ്യൂ

Source: Gaadiwale

English Summary: Toyota Wagon R EV spotted testing without camouflage, all details

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...