Upcoming Electric And Hybrid Cars | ആഗസ്തിൽ വിപണിയിലെത്തുന്ന 7 ഇലക്ട്രിക്ക്/ ഹൈബ്രിഡ് വാഹനങ്ങൾ!

മാരുതി മുതൽ മെഴ്സിഡീസ് വരെ നീളുന്നു വരും നാളുകളിലെ ഇലക്ട്രിക്ക്/ ഹൈബ്രിഡ് ലോഞ്ചുകൾ...

Upcoming Electric And Hybrid Cars | ആഗസ്തിൽ വിപണിയിലെത്തുന്ന 7 ഇലക്ട്രിക്ക്/ ഹൈബ്രിഡ് വാഹനങ്ങൾ!

Content Highlights:

  • ഇലക്ട്രിക്ക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി മുതലെടുക്കാൻ വാഹനഭീമന്മാർ ...
  • ടാറ്റ, മെഴ്സിഡീസ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിവരാണ്‌ EV മോഡലുകളുമായി എത്തുന്നത്.
  • ടൊയോട്ടയും മാരുതിയും എത്തുന്നത് ഹൈബ്രിഡ് മോഡലുകളുമായി.

ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ വളർച്ചയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവികളുടെ വില്പനയും സ്വീകാര്യതയും അനുദിനം വർദ്ധിച്ചുവരികയാണ്‌. കൂടുതൽ റേഞ്ചും ആകർഷകമായ വിലയുമായി ഇലക്ട്രിക്ക് വാഹനങ്ങളെ ഇറക്കാൻ നിർമ്മാതാക്കൾ മൽസരിക്കുന്നു. ഇതോടൊപ്പം ഹൈബ്രിഡ് വാഹനങ്ങളും ജനപ്രിയമാവുന്നുണ്ട്. കൂടുതൽ മൈലേജാണ്‌ ഇവയുടെ പ്രത്യേകത. ആഗസ്തിൽ പുറത്തിറങ്ങുന്ന (അല്ലെങ്കിൽ വെളിച്ചം കാണുന്ന!) 6 ഇലക്ട്രിക്ക് വാഹനങ്ങളെയും 2 ഹൈബ്രിഡ് വാഹനങ്ങളെയും പരിചയപ്പെടാം...

Mercedes Benz AMG EQS 53 4MATIC+
Mercedes Benz AMG EQS 53 4MATIC+

മെഴ്സിഡീസ് AMG EQS 53 4മാറ്റിക്ക്+

ആഡംബരത്തിന്റെ പര്യായമാണ്‌ മെഴ്സിഡീസ് എസ്‌-ക്ളാസ്. എസ്‌ ക്ലാസിന്റെ ഇലക്ട്രിക്ക് പതിപ്പാണ്‌ ഇക്യുഎസ്. ആഗസ്ത് 24ന്‌ മെഴ്സിഡീസ് ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കും. എഎംജി ഇക്യുഎസ്‌ 53 വേരിയന്റാവും ആദ്യമെത്തുക എന്നറിയുന്നു. ആഗോള വിപണിയിൽ 450+, 500 4 മാറ്റിക്ക് എന്നീ വേരിയന്റുകൾ കൂടിയുണ്ട്.

120 kWh ബാറ്ററി പായ്ക്കാവും ഇക്യുഎസിനുണ്ടാവുക. കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസിനൊപ്പം തകർപ്പൻ റേഞ്ചും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. 3.8 സെക്കൻഡുകളിൽ 0-100 kph സാധ്യമാവും, ഒപ്പം ഒറ്റ ചാർജിൽ 570 കിലോമീറ്റർ വരെ ഓടാനുമാവും! മണിക്കൂറിൽ 220 കിലോമീറ്ററാണ്‌ എഎംജി ഇക്യുഎസിന്റെ പരമാവധി വേഗത.

തുടക്കത്തിൽ സിബിയു ആയി ഇറക്കുമതി ചെയ്താവും ഇക്യുഎസിനെ ഇന്ത്യയിൽ എത്തിക്കുക. പിന്നീട്‌ പൂനയിലെ പ്ലാന്റിൽ അസംബിൾ ചെയ്യും.

ബെൻസിന്റെ ഇലക്ട്രിക്ക് വാഹനനിരയെ ‘EQ’ ചേർത്താണ്‌ നാമകരണം ചെയ്തിരിക്കുന്നത്. ഇലക്ട്രിക്ക് എസ്‌യുവിയായ EQC നിലവിൽ ഇവിടെ വില്പനയിലുണ്ട്.

Tata Altroz EV
Tata Altroz EV

ടാറ്റ ആൾട്രോസ് EV

ഇന്ത്യൻ ഇലക്ട്രിക്ക് വിപണിയിലെ സൂപ്പർതാരങ്ങളാണ്‌ ടാറ്റയുടെ ഇവികൾ. നെക്സോൺ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി മാക്സ്, എന്നീ മോഡലുകൾക്ക് വമ്പിച്ച വില്പനയാണുള്ളത്. ഇവയ്ക്കു പുറമെ ആൾട്രോസ് ഹാച്ച്ബാക്കിന്റെയും ഇലക്ട്രിക്ക് പതിപ്പ് ഒരുക്കുകയാണ്‌ ടാറ്റ മോട്ടോഴ്സ്.

നെക്സോൺ ഇവിയുടെ അതേ ഇലക്ട്രിക്ക് പവർ ട്രെയിനാവാം (30.2 kWh ബാറ്ററി, 127 hp മോട്ടോർ)  ഇലക്ട്രിക്ക് ആൾട്രോസിനും. എന്നാൽ ആൾട്രോസിന്റെ ALFA പ്ലാറ്റ്ഫോമിൽ ഇത് കൂടുതൽ മികവുറ്റ പെർഫോമൻസ് നല്കും. നിലവിൽ ടാറ്റയുടെ എല്ലാ ഇവികൾക്കും (ടിഗോറിനും നെക്സോണിനും) ഉള്ളത് പഴയ ഇൻഡിക്കയുടെ എക്സ് 1 പ്ലാറ്റ്ഫോമാണ്‌.

ആൾട്രോസിനൊരു ഫേസ്‌ലിഫ്റ്റ് ഒരുങ്ങുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കിൽ പുത്തൻ ഡിസൈനാവും ഇവിയ്ക്ക് ഉണ്ടാവുക. 10-12 ലക്ഷം രൂപയാണ്‌ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

2022 Hyundai kona facelift
2022 Hyundai Kona facelift

ഹ്യുണ്ടായ് കോന ഫേസ്‌ലിഫ്റ്റ്

ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ആദ്യ ഇവികളിൽ ഒന്നായിരുന്നു ഹ്യുണ്ടായ് കോന. ഈ വർഷം ഇതിന്റെ ഫേസ്‌ലിഫ്റ്റ് വിപണിയിൽ എത്തുമെന്നറിയുന്നു. വലിയ 39.2 kWh ബാറ്ററിയും 139 hp മോട്ടോറുമായാവും പുത്തൻ കോന എത്തുക. 304 കിലോമീറ്ററാണ് ഹ്യുണ്ടായ് അവകാശപ്പെടുന്ന റേഞ്ച്. വാഹനം ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാണ്‌. ഇന്ത്യയിലെ വില 25 ലക്ഷത്തിനടുത്ത് ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷ... മെക്കാനിക്കൽ മാറ്റങ്ങൾക്കു പുറമെ ഡിസൈനിലും ക്യാബിനിലും കാര്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടാവും.

hyundai ioniq 5
Hyundai ioniq 5

ഹ്യുണ്ടായ് IONIQ 5

ആധുനിക സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിൽ (E-GMP) ഒരുക്കിയ ഏറ്റവും പുതിയ ഇലക്ട്രിക്ക് വാഹനമാണ്‌ അയൊണിക്ക് 5. ഈയിടെ ഇന്ത്യയിൽ എത്തിയ കിയ EV 6 ന്റെ ഹ്യുണ്ടായ് പതിപ്പാണ്‌ അയൊണിക്ക് 5. 58 kWh ഉം 72.6 kWh ഉം കപ്പാസിറ്റിയുള്ള രണ്ട് വ്യത്യസ്ത വെരിയന്റുകളുണ്ട് അയൊണിക്കിന്‌. ഇവയിൽ 58 കിലോവാട്ടവർ, 2 വീൽ ഡ്രൈവ്, സിംഗിൾ മോട്ടോർ വേരിയന്റ് മാത്രമാണ്‌ ഇന്ത്യയിൽ എത്തുക. 384 കിലോമീറ്റർ വരെയാണ്‌ ഇതിന്റെ റേഞ്ച്. 45 ലക്ഷത്തിനടുത്താവും വില- അതായത് കിയ ഇവി6 നേക്കാൾ കുറവ്‌. ഇവി6 സിബിയു ആയി എത്തുമ്പോൾ അയോനിക്ക് ഹ്യുണ്ടായുടെ ഇന്ത്യയിൽ നിർമ്മിച്ചേക്കും. കൂടാതെ ഗ്ലോബൽ സ്പെക്കിൽ നിന്നും ചില്ലറ മാറ്റങ്ങളുമുണ്ടാവും. ഇക്കാര്യങ്ങളൊക്കെ വില പിടിച്ചുനിർത്താൻ സഹായിക്കും.

ഹ്യുണ്ടായുടെ കുഞ്ഞൻ ഇവി!

പത്തു ലക്ഷത്തിൽ താഴെ വിലയുമായി ഹ്യുണ്ടായ്‌യിൽ നിന്നും ഒരു കുഞ്ഞൻ ഇവി എത്തുന്നുവെന്ന് അഭ്യൂഹങ്ങൾ ശക്തം. ചെന്നൈയിലെ പ്ലാന്റിൽ നിർമ്മിക്കപ്പെടുന്ന ഈ ഇലക്ട്രിക്ക് വാഹനത്തിന്റെ വിശദാംശങ്ങൾ വരും മാസങ്ങളിൽ അറിവായേക്കും.

mahindra electric suv
Mahindra electric suv teaser

മഹീന്ദ്ര EV Visions

തങ്ങളുടെ ഇലക്ട്രിക്ക് വിഷൻ കാറുകളെ മഹീന്ദ്ര ആഗസ്ത് 15ന്‌ അനാവരണം ചെയ്യും. ഏതാണ്ട് 5 ഇലക്ട്രിക്ക് വാഹന കൺസപ്റ്റുകളാണ്‌ ഈ സ്വാതന്ത്ര്യദിനത്തിൽ വെളിച്ചം കാണുക. ഇവയിൽ ഭൂരിഭാഗവും എസ്‌യുവികളാണ്‌.

സ്ഥിതീകരണങ്ങൾ ഇല്ലെങ്കിലും eKUV 100, XUV700 കൂപ്പെ, e XUV400 എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ്‌ അനുമാനം. ഇവയുടെ പ്രൊഡക്ഷൻ വേർഷനുകൾ ഇറങ്ങാൻ ഇനിയും നാളുകൾ എടുത്തേക്കും.

ഹൈബ്രിഡ് കാലം...

വളരെ അണ്ടർറേറ്റഡ് ആയ വാഹനങ്ങളാണ്‌ ഹൈബ്രിഡുകൾ. ഒന്നിലധികം ഇന്ധനങ്ങൾ/ ഊർജ്ജ സ്രോതസുകൾ ഒരേ സമയം ഉപയോഗിച്ചു പ്രവർത്തിക്കുന്ന, വളരെ പ്രായോഗികവും ഇന്ധനക്ഷമവുമായ വാഹനങ്ങളാണിവ. പെട്രോൾ- ഇലക്ട്രിക്ക് ഹൈബ്രിഡുകളാണ്‌ ഇന്ന് കൂടുതലായി പ്രചാരത്തിലുള്ളത്. ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതലായി വിറ്റു തുടങ്ങിയതോടെ ജീവൻ വച്ച വിഭാഗങ്ങളിൽ ഒന്നാണ്‌ ഹൈബ്രിഡുകളുടേത്. ഏറ്റവും പുതിയ ഹോണ്ട സിറ്റി e-HEV അടക്കം ഏതാനും രസികൻ ഹൈബ്രിഡ് വാഹനങ്ങൾ ഇപ്പോൾ വിപണിയിലുണ്ട്. ഇതിനു പുറമെ ഈ മാസം വില്പനയ്ക്കെത്തുന്ന രണ്ട് ഹൈബ്രിഡ് കാറുകൾ ഇതാ...

toyota urban cruiser hyryder
Toyota Urban cruiser hyryder

ടൊയോട്ട അർബൻ ക്രൂയ്സർ ഹൈറൈഡർ

സുസൂക്കിയുമായി ചേർന്ന് ടൊയോട്ട വികസിപ്പിച്ച പുത്തൻ എസ്‌യുവിയാണ്‌ അർബൻ ക്രൂയ്സർ ഹൈറൈഡർ. മാരുതി സുസൂക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഹൈറൈഡറിന്‌ 59 kW ഇലക്ട്രിക്ക് മോട്ടോറോടുകൂടിയ 1.5 ലിറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിനാണുള്ളത്. 115 എച്ച് പിയാണ്‌ കരുത്ത്. നിലവിൽ ഹൈറൈഡറിന്റെ പ്രീ-ബുക്കിങ്ങുകൾ നടക്കുകയാണ്‌. 10 ലക്ഷത്തിനു മുകളിലാണ്‌ വാഹനവില.

2022 suzuki grand vitara hybrid
2022 Suzuki grand Vitara hybrid

മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്

ഹൈറൈഡറിന്റെ മാരുതി വകഭേദമാണ്‌ ഗ്രാൻഡ് വിറ്റാര. ഇന്ത്യക്കാർ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു വാഹനം കൂടിയാണിത്. ഹൈറൈഡറിന്റെ അതേ എൻജിനും മറ്റു മെക്കാനിക്കൽ ഭാഗങ്ങളുമായെത്തുന്ന ഗ്രാൻഡ് വിറ്റാര മാരുതിയുടെ ഇന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൈബ്രിഡ് കൂടിയാണ്‌. ക്രെറ്റ, സെൽറ്റോസ്, കുഷാഖ്, ടൈഗുൻ, എന്നിവയാണ് പ്രധാന എതിരാളികൾ.

വരും നാളുകളിൽ വാഹനത്തിന്റെ വിലയും മറ്റു വിവരങ്ങളും പുറത്തെത്തും.

Summary: 7 upcoming electric cars and hybrid cars launching in India in August 2022