തന്റെ 911 കരേര എസ്സിന് പകരമായി ആണ് താരം ടയ്‌ക്കാൻ സ്വന്തമാക്കിയത്
വണ്ടിഭ്രാന്തിൽ മോളിവുഡിലെ നായക നടന്മാരുടെ ഒപ്പം നിൽക്കും നമ്മുടെ മംമ്ത മോഹൻദാസ്. എക്കാലവും നല്ല കുറച്ച് വാഹനങ്ങളാണ് താരത്തിന്റെ ഗരാജിൽ ഉണ്ടായിട്ടുള്ളത്. കാര്യങ്ങൾ കൂടുതൽ ഉഷാർ ആയത് കഴിഞ്ഞ കൊല്ലം മംമ്ത ഒരു പുതുപുത്തൻ പോർഷെ 911 കരേര എസ് സ്വന്തമാക്കിയപ്പോഴായിരുന്നു. ഇപ്പോഴിതാ മറ്റൊരു പോർഷെ വാങ്ങി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് താരം. മഞ്ഞ കരേരയ്ക്ക് പകരമായി ഒരു പുത്തൻ Porsche Taycan EV ആണിപ്പോൾ മംമ്തയുടെ ഗരാജിൽ എത്തിയിരിക്കുന്നത്.

മംമ്തയുടെ പുതിയ Porsche Taycan
പോർഷെ സെന്റർ കൊച്ചിയിൽ നിന്നാണ് താരം തന്റെ പുതിയ വാഹനവും വാങ്ങിയത്. പോർഷെയുടെ ആദ്യ ഇലക്ട്രിക്ക് കാറായ ടയ്‌ക്കാൻ RWD, 4S, ടർബോ, ടർബോ എസ് എന്നീ വേരിയന്റുകളിൽ എത്തുന്നുണ്ട്. ഇതിൽ ഏതാണ് മംമ്തയുടെ ഗരാജിൽ എത്തിയത് എന്ന് വ്യക്തമല്ല.
താരം ഇതുവരെയും ഇതിന്റെ ഔദ്യോഗിക ചിത്രങ്ങളും മറ്റും പുറത്തുവിട്ടിട്ടില്ല.പല സോഷ്യൽ മീഡിയ ഹാൻഡിലുകളിലും വന്ന ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് നമുക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ക്രയോൺ നിറമുള്ള ടയ്‌ക്കാൻ കൊച്ചിയിലെ ‘കാൾ ഓഫ് കാർസ്’ ഡീറ്റെയിലിംഗ് ഷോപ്പിൽ നിർത്തി ഇട്ടിരിക്കുന്ന ചിത്രങ്ങളാണിവ.
വളരെ കാലമായി കടുത്ത പോർഷെ ഫാനാണ് മംമ്ത. കരേരയിൽ നിന്നും താരത്തെ ടേയ്ക്കാനിലേക്ക് എത്തിച്ചത് ഒരുപക്ഷെ 4 ഡോറിന്റെ പ്രാക്റ്റിക്കാലിറ്റി ആവാം. 1.61 കോടി മുതൽ 2.44 കോടി വരെയാണ് ടേയ്ക്കാൻ വേരിയന്റുകളുടെ ഇന്ത്യയിലെ എക്സ് ഷോറും വില. ടോപ്പ്-സ്പെക്ക് AWD വേരിയന്റിന് 761 Ps, 150 Nm ആണ് ഔട്ട്പുട്ട്. 0-100 kph ചെയ്യാൻ വേണ്ടത് 2.8 സെക്കൻഡുകൾ മാത്രം!
മോളിവുഡ് നടിമാരുടെ ഗരാജിൽ അധികം കാണുന്ന ഒന്നല്ല Taycan. ബോളിവുഡിലെ സോനം കപൂറാണ് ‘ടയ്‌ക്കാൻ എസ്’ ഉള്ള മറ്റൊരു സെലിബ്രിറ്റി.

ഏതാനും മാസങ്ങൾക്കു മുൻപ് ഒരു BMW Z4 കൂടി സ്വന്തമാക്കിയിരുന്നു മംമ്ത. Thundernight Metallic നിറത്തിലുള്ള M340i വേരിയന്റാണ് നടിയുടേത്. ട്രപ്പീസോയിടൽ എക്സ്ഹോസ്റ്റുകൾ, സീറിയം ഗ്രേ നിറമുള്ള ഗ്രിൽ, മിറർ ക്യാപ്പുകൾ എന്നിവയുമുണ്ട് ഇതിൽ. 3.0L ഇൻലൈൻ 6, ട്വിൻ ടർബോ പെട്രോൾ എൻജിൻ ഉള്ള Z4ന് 335 hp കരുത്താണുള്ളത്.
Summary: Actress Mamtha Mohandas buys a new Porsche Taycan as a replacement for her 911 Carrera S