ആൾട്രോസ് റേസറിന്റെ ഗുണങ്ങളും പോരായ്മകളും…
അങ്ങനെ ആൾട്രോസ് റേസർ എത്തി, വിലയും ഫീച്ചറുകളും അറിഞ്ഞു. ഐ20 എൻലൈനിനെ പൂട്ടാൻ ഉറച്ചു തന്നെയാണ് ടാറ്റ റേസറിനെ കൊണ്ടുവന്നിരിക്കുന്നത്. ഇഷ്ടപ്പെടാൻ ഒരുപാട് കാര്യങ്ങളുണ്ട് റേസറിൽ. കൂടാതെ ചില സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലൻ വിലയും! ഈ വാഹനത്തിൽ ഇഷ്ടപ്പെട്ടതും പെടാഞ്ഞതും എന്തൊക്കെയെന്ന് നോക്കാം, മറ്റൊരു തരത്തിൽ പറഞ്ഞാൽ റേസറിന്റെ ഗുണദോഷങ്ങൾ…
Table of Contents
ടാറ്റ ആൾട്രോസ് റേസറിന്റെ ഗുണങ്ങൾ
- കൊടുക്കുന്ന വിലയ്ക്കുള്ള മുതൽ ഉണ്ട്
- 5 സ്റ്റാർ സേഫ്റ്റി
- സ്പേഷ്യസായ ക്യാബിൻ
- സെഗ്മെന്റ് ഫസ്റ്റുകൾ അടക്കം അനേകം ഫീച്ചറുകൾ
#1 വാല്യു ഫോർ മണി (VFM) കാർ
9.49 ലക്ഷം മുതൽ ആണ് ടാറ്റ ആൾട്രോസ് റേസറിന് എക്സ് ഷോറൂം വില ഇട്ടിരിക്കുന്നത്. ടോപ്പ് സ്പെക്കിനു പോലും എതിരാളിയായ ഐ20 എൻ ലൈനിനേക്കാൾ 28000 രൂപയോളം കുറവാണ്. സാധാരണ ആൾട്രോസിന്റെ ടോപ്പ് സ്പെക്കിനേക്കാളും മെച്ചപ്പെട്ട ക്യാബിനും കൂടുതൽ ഫീച്ചറുകളുമുണ്ട് റേസറിൽ. R1, R2, R3 എന്നിങ്ങനെ 3 വേരിയന്റുകളാണുള്ളത്. ബേസ് വേരിയന്റിൽ പോലും അനേകം ഫീച്ചറുകളുണ്ട്. വേരിയന്റുകളുടെയും ഫീച്ചറുകളുടെയും വിശദാംശങ്ങൾ അറിയാം…
#2 6 എയർബാഗുകളും 5 സ്റ്റാർ റേറ്റിങ്ങും
സുരക്ഷയ്ക്കു പേരുകേട്ട കാറാണ് ടാറ്റ ആൾട്രോസ്. അതേ പ്ലാറ്റ്ഫോമും സമാനമായ ഷീറ്റ് മെറ്റലും ഉപയോഗിക്കുന്നതുമൂലം റേസറിലും വ്യത്യാസങ്ങൾ ഉണ്ടാവാനിടയില്ല. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ വരുന്നുണ്ട്. മറ്റു സേഫ്റ്റി ഫീച്ചറുകൾ പുറമെ. പെർഫോമൻസിന്റെയും സുരക്ഷയുടെയും നല്ല ഒരു ബ്ലെന്റ് ആണ് ആൾട്രോസ് റേസർ.
#3 സ്പേഷ്യസായ ക്യാബിനും വൈഡ് ഓപ്പണിംഗ് ഡോറുകളും
5 പേർക്ക് ഇരിക്കാവുന്ന സ്പേഷ്യസായ ക്യാബിൻ ആണ് ആൾട്രോസിന് എക്കാലത്തും ഉണ്ടായിട്ടുള്ളത്. റേസറിലും സ്പേസിനു മാറ്റമില്ല. ഈസിയായി കയറുന്നതിനും ഇറങ്ങുന്നതിനും 90 ഡിഗ്രി വൈഡ് ഓപ്പണിംഗ് ഡോറുകളും നൽകിയിട്ടുണ്ട്.
#4 ഫീച്ചറുകളുടെ ചാകര
സാധാരണ ആൾട്രോസിന്റെ ടോപ്പ് വേരിയന്റിനേക്കാൾ കൂടുതൽ ഫീച്ചറുകളുണ്ട് റേസറിൽ. 8 സ്പീക്കർ ഓഡിയോ സിസ്റ്റം, സൺറൂഫ് (ആൾട്രോസിൽ ആദ്യം!), ആമ്പിയൻറ് ലൈറ്റിംഗ്, വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്.
ഈ സെഗ്മെന്റിൽ ആദ്യമായി വെന്റിലേറ്റഡ് സീറ്റുകൾ വരുന്നതും റേസറിൽ തന്നെയാണ്. ഡാർക്ക് നിറമുള്ള സീറ്റുകൾ ആയതിനാൽ ചൂടുകാലത്ത് ഇവ വലിയ അനുഗ്രഹമാകും. ഐ20 എൻ ലൈനിൽ ഇത് ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണ്.
#5 സ്പോർട്ടി സൗണ്ടോടുകൂടിയ ഡ്യുവൽ എക്സ്ഹോസ്റ്
കാഴ്ചയിൽ സ്പോർട്ടി സ്വഭാവമുള്ള ഡ്യുവൽ എക്സ്ഹോസ്റ് പൈപ്പുകളാണ് റേസറിനുള്ളത്. ഇവയുടെ സൗണ്ടും സ്പോർട്ടിയാണ്. ചില അവസരങ്ങളിൽ പഴയ JTP വാഹനങ്ങളുടെ സൗണ്ടിനെ ഓർമ്മിപ്പിക്കും.
ടാറ്റ ആൾട്രോസ് റേസറിന്റെ പോരായ്മകൾ
ഇനി, എന്തൊക്കെ ഈ വാഹനത്തിൽ ഇഷ്ടപ്പെട്ടില്ല എന്നു നോക്കാം.
#1 ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഇല്ല
അൾട്രോസ് റേസറിനുള്ളത് ഒരു 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ്. എന്നാൽ i20 എൻ-ലൈനിന് മാനുവൽ, DCT ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകളുണ്ട്. ആൾട്രോസ് DCA മോഡലിലെ 7 സ്പീഡ് DCT റേസറിലേക്ക് കൊണ്ടുവന്നിട്ടില്ല. എന്നാൽ വൈകാതെ ഇത്തരം ഒരു നീക്കം ഉണ്ടായേക്കും എന്ന സൂചനകളുമുണ്ട്.
#2 എൻജിൻ റിഫൈൻമെൻറ്!
പോരാ എന്ന് പറയാനാവില്ല. എന്നാൽ എതിരാളിയുടെ 1.0 ലിറ്റർ എൻജിനുമായി താരതമ്യം ചെയ്യുമ്പോൾ റിഫൈൻമെൻറ് അല്പം കുറവ് തന്നെയാണ്. ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടുക ഉയർന്ന ആർപിഎമ്മുകളിലാണ്.
#3 കൂടുതൽ നിറങ്ങൾ?
ആൾട്രോസ് റേസറിന്റെ 3 നിറങ്ങളും കാണാൻ രസമാണ്. ബ്ളാക്ക് ബോണറ്റും ട്വിൻ സ്ട്രാപ്പുകളുമൊക്കെ ഡിസൈനിനെ കൂടുതൽ ഭംഗിയാക്കുന്നുണ്ട്. കൂടുതൽ കളർ ഓപ്ഷനുകൾ ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി ജോറാക്കാമായിരുന്നു.
Summary: Tata Altroz Racer pros and cons: What to like and dislike about it…