Toyota upcoming cars in india: കാത്തിരിക്കാൻ 7 ടൊയോട്ട വാഹനങ്ങൾ…

ടൈസർ മുതൽ ലാൻഡ് ക്രൂയ്സർ വരെ !

ഈ വർഷം ടൊയോട്ടയിൽ നിന്നും പുറത്തിറങ്ങുമെന്ന് കരുതുന്ന 7 വാഹനങ്ങളെ പരിചയപ്പെടാം. ഏതൊക്കെ വാഹനങ്ങളെയാവും കൊണ്ടുവരിക എന്നതിൽ പൂർണ്ണമായ വ്യക്തത ഇനിയും വന്നിട്ടില്ല. അതുകൊണ്ട്  വരുമെന്നുറപ്പുള്ളതും വരാൻ ഏറ്റവും സാധ്യതയുള്ളതുമായ വാഹനങ്ങൾ ആണ് ഈ ലിസ്റ്റിൽ. ചെറിയ അർബൻ SUV മുതൽ ഫ്ലാഗ്ഷിപ്പ് മോഡലായ ലാൻഡ് ക്രൂസർ വരെ ഇതിലുണ്ട്…

ഇന്ത്യയിൽ വരാനിരിക്കുന്ന ടൊയോട്ട കാറുകൾ
ടൊയോട്ട ടൈസർ
ടൊയോട്ട ഫോർച്യൂണർ ഹൈബ്രിഡ്/ ഫേസ്‌ലിഫ്റ്റ്
ടൊയോട്ട ബെൽറ്റ
പുതിയ ടൊയോട്ട കാമ്രി
ടൊയോട്ട ലാൻഡ് ക്രൂയ്സർ 250
ടൊയോട്ട ഹൈറൈഡർ 7 സീറ്റർ
ടൊയോട്ട അർബൻ EV
Upcoming Toyota cars in India

ടൊയോട്ട ടൈസർ

2024ലെ ആദ്യത്തെ ടൊയോട്ട ലോഞ്ച് ‘ടൈസർ’ എന്ന ചെറിയ എസ്.യു.വി ആയിരിക്കും. മാരുതിയുമായുള്ള ജോയിൻറ് വെഞ്ചറിന്റെ ഭാഗമായി റീ-ബ്രാൻഡ് ചെയ്യപ്പെടുന്ന മാരുതി Fronx ആണ് ടൈസർ. ഏപ്രിൽ ആദ്യവാരം ആവും വാഹനം പുറത്തിറങ്ങുക. 

മുൻപ് റീ-ബ്രാൻഡ് ചെയ്ത് വാഹനങ്ങൾ ഇറക്കിയപ്പോൾ കണ്ടതുപോലെയുള്ള വളരെ ചെറിയ ഡിസൈൻ മാറ്റങ്ങൾ മാത്രമാവും ടൈസർ എസ്‌യുവിയിലും ഉണ്ടാവുക. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈൻ, മുന്നിലെ ബംബർ,  എയർ ഡാം, അലോയ് വീലുകൾ, ടെയിൽ ലാമ്പുകൾ, പിൻ ബംബർ എന്നിവയിലാണ് മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടത്. 

വളരെ ചെറിയ മാറ്റങ്ങൾ മാത്രമായിരിക്കും ക്യാബിനിൽ കാണുക. Fronx ൽ കണ്ടതുപോലെയുള്ള പ്രാക്ടിക്കൽ ആയ, സ്റ്റൈലിഷ് ആയ, പ്രീമിയം ഫീൽ തോന്നിക്കുന്ന ക്യാബിൻ ഡിസൈൻ ആയിരിക്കും.  ആവശ്യം വേണ്ട എല്ലാ ഫീച്ചേഴ്സും ടൊയോട്ട പതിപ്പിലും ഉണ്ടാവും. 

1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, എന്നിവയ്ക്ക് പുറമെ ഒരു CNG പവർട്രെയിനും ഉണ്ടായേക്കാം. 

Update: ടൊയോട്ട ടൈസർ എത്തി, വില 7.74- 13.04 ലക്ഷം

Image source

ടൊയോട്ട ഫോർച്യൂണർ ഹൈബ്രിഡ്/ ഫേസ്‌ലിഫ്റ്റ്

ഫോർച്യൂണറിനൊരു വമ്പൻ അപ്ഡേറ്റ് വരുന്നു. ഡിസൈൻ, ക്യാബിൻ, ഫീച്ചർ ലിസ്റ്റ്, പവർട്രെയിൻ എന്നിങ്ങനെ സർവ്വ ഇടങ്ങളിലും വലിയ മാറ്റങ്ങളുമായി ആവും പുത്തൻ ഫോർച്യൂണർ എത്തുക. കൂടുതൽ മസ്കുലർ ആയ ഡിസൈൻ ആയിരിക്കും ഉണ്ടാവുക.

ഒരു പുത്തൻ ഹൈബ്രിഡ് എൻജിനാവും പുത്തൻ ഫോർച്യൂണറിന് ഉണ്ടാവുക. നിലവിലെ 2.8-ലിറ്റർ GD സീരീസ് ഡീസൽ എൻജിനെ ആവും ഹൈബ്രിഡ് ആക്കുക. അടുത്തിടെ ഹൈലക്സിലും ഒരു 48V ഹൈബ്രിഡ് സിസ്റ്റം കൊണ്ടുവന്നിരുന്നു.

ടൊയോട്ട ബെൽറ്റ

മാരുതി സിയാസിന്റെ ടൊയോട്ട വേർഷനാണ് ബെൽറ്റ. 2021 മിഡിൽ ഈസ്റ്റ് വിപണിയിൽ ബെൽറ്റ അവതരിപ്പിച്ചിരുന്നു. അതുവരെയും ടൊയോട്ടയുടെ യാരിസ് ഇടാൻ ആയിരുന്നു ബെൽറ്റ എന്ന് പേരിൽ  അവിടെ വിറ്റിരുന്നത്.  പിന്നീട് മറ്റുപല വിപണികളിലേക്കും റീ ബ്രാൻഡഡ് സിയാസ് എക്സ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.  ഈ വർഷം ബെൽറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും സെപ്റ്റംബറോടെ ലോഞ്ച് പ്രതീക്ഷിക്കുന്നു. 

ഗ്ലാൻസ, ടൈസർ പോലുള്ള വാഹനങ്ങളിൽ കണ്ടതുപോലെ വളരെ ചെറിയ മാറ്റങ്ങൾ മാത്രമാവും സിയാസ് ബെൽറ്റ് ആകുമ്പോഴും സംഭവിക്കുക.   എന്നാൽ  ഇന്ത്യയിൽ മാരുതി സിയാസ് കുറഞ്ഞുവരുന്ന സ്വീകാര്യത ബെൽറ്റയുടെ ലോഞ്ചിന് ബാധിക്കുമോ എന്നത് കണ്ടറിയണം.

ടൊയോട്ട കാമ്രി

കഴിഞ്ഞ നവംബറിലാണ് ടൊയോട്ട കാമ്രിയുടെ ഏറ്റവും പുതിയ പതിപ്പ് ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കപ്പെട്ടത്. 2024 കാമ്രിയിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. 

കൂടുതൽ ആകർഷകമായ, പുതിയ Prius നോട് അടുത്തുനിൽക്കുന്ന ഡിസൈനും, മെച്ചപ്പെടുത്തിയ എയറോഡൈനാമിക്സും,  പുതുക്കിയ ക്യാബിൻ ഡിസൈനും, കൂടുതൽ ഫീച്ചേഴ്സും ഒക്കെ പുതിയ കാമ്രിയിൽ ഉണ്ട്. ADAS അടക്കം കൂടുതൽ സേഫ്റ്റി ടെക്നോളജികളും ഈ വാഹനത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

മുൻപുണ്ടായിരുന്ന 2.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ തന്നെയാണ് പുതിയ വാഹനത്തിനും ഉള്ളത്. പക്ഷേ ഇതിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. FWD , AWD വേർഷനുകൾ ഉണ്ട്. ഇന്ത്യയിൽ ഉണ്ടായിരുന്ന കാമ്രിയെക്കാൾ കൂടുതൽ പവർ പുതിയ  മോഡലിന്റെ ഹൈബ്രിഡ് പവർട്രെയിൻ  ഉത്പാദിപ്പിക്കുന്നുണ്ട്. 

ഈ വർഷം അവസാനത്തോടെ പുതിയ Camry യെ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കാം.  പഴയ മോഡലിന് ഇവിടെ എക്സ്-ഷോറൂം വില വന്നിരുന്നത് 46.17 ലക്ഷം ആയിരുന്നു.  ഡിസംബറോടെ പുതിയ മോഡൽ എത്തുമ്പോൾ വില കൂടാനാണ് സാധ്യത. 

ടൊയോട്ട ലാൻഡ് ക്രൂയ്സർ 250

അടുത്തിടെ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കപ്പെട്ട ലാൻഡ് ക്രൂയ്സർ 250 പുതിയ പ്രാഡോ ആയി   ഇന്ത്യയിൽ എത്തിയേക്കാം. പുത്തൻ TNGA-F പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ട് ഒറിജിനൽ എൽസിയുടെ കുഞ്ഞനിയൻ ആയി എത്തുന്ന 250 റോഡിലും ഓഫ് റോഡിലും ഒരുപോലെ മികവുറ്റ പെർഫോമൻസ് ആവും തരിക. ഫീച്ചറുകൾക്കും ലക്ഷ്വറിക്കും കുറവില്ലാത്ത ക്യാബിൻ, സ്റ്റൈലിഷ് റെട്രോ ഡിസൈൻ എന്നിവ പ്രത്യേകതകളായി പറയാം. ഗ്ലോബൽ മോഡലിന് 2 എൻജിൻ ഓപ്ഷനുകൾ ആണുള്ളത്- 2.4 ലിറ്റർ പെട്രോൾ ഹൈബ്രിഡ്, 2.8ലിറ്റർ ഡീസൽ. ജൂണിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു.

Image source

ടൊയോട്ട ഹൈറൈഡർ 7 സീറ്റർ

അർബൻ ക്രൂസർ ഹൈറൈഡറിന് ഇന്ത്യയിൽ സ്വീകാര്യത ഏറിവരികയാണ്. നിലവിൽ 5 സീറ്ററായ ഹൈറൈഡറിന്റെ 7 സീറ്റർ വേർഷനും താമസിയാതെ വന്നേക്കാം. ഇതിന്റെ പ്രോട്ടോടൈപ്പുകൾ Y17 എന്ന പേരിൽ ടെസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. 7 സീറ്റർ ഹൈറൈഡറിൽ ഡിസൈനിലും ക്യാബിനിലും മാറ്റങ്ങളുണ്ടാവും. എന്നാൽ നിലവിലെ പവർട്രെയിനുകൾ തന്നെയാവും പുത്തൻ വാഹനവും ഉപയോഗിക്കുക- 1.5L ഹൈബ്രിഡ് പെട്രോൾ, 1.5L K15C പെട്രോൾ.

ടൊയോട്ട അർബൻ EV

വരും വർഷങ്ങളിൽ ടൊയോട്ട തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കും. 27PL സ്കേറ്റ്ബോഡ് പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെടുന്ന ഈ ഇലക്ട്രിക്ക് എസ്‌യുവിക്ക് FWD, AWD വേരിയന്റുകൾ ഉണ്ടാവും. 60 kWh ബാറ്ററിയാണ്. ഇതേ വാഹനത്തിന്റെ കൺസപ്റ്റിനെ അടുത്തിടെ Urban EV എന്ന പേരിൽ പ്രദർശിപ്പിച്ചിരുന്നു. മാരുതി eVX കൺസപ്റ്റിന്റെ ടൊയോട്ട പതിപ്പാണ് അർബൻ ഇവി. 2025 പകുതിയോടെ പ്രൊഡക്ഷൻ മോഡൽ പ്രതീക്ഷിക്കാം.

Summary: 7 Upcoming Toyota cars in India